പ്രത്യാശാപൂർണ്ണമായ സമർപ്പണം
നൂറ്റിമുപ്പത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.
താൻപോരിമയെ ഉപേക്ഷിക്കുക
അഹങ്കാരവും, ധാർഷ്ട്യവും ആധ്യാത്മികജീവിതത്തോട് ചേർന്നുപോകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് സങ്കീർത്തനത്തിന്റെ ആദ്യവാക്യം എഴുതുന്നത്. “കർത്താവെ എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളിൽ നിഗളമില്ല; എന്റെ കഴിവിൽക്കവിഞ്ഞ വൻകാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തിയിലും ഞാൻ വ്യാപൃതനാകുന്നില്ല” (വാ. 1). തന്റേതായ കഴിവുകളും തന്ത്രങ്ങളും എല്ലായിടത്തും എല്ലാക്കാലത്തും വിജയം നൽകാൻ പര്യാപ്തമായിരുന്നില്ല എന്ന തിരിച്ചറിവിൽനിന്നാണ് സങ്കീർത്തകൻ സംസാരിക്കുന്നത്. കാപടതയുടേതല്ലാതെ, തിരിച്ചറിവിൽനിന്നുളവാകുന്ന എളിമയാണ് അവന്റേത്. സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട്: “നിന്ദിക്കുന്നവരെ അവിടുന്ന് നിന്ദിക്കുന്നു; വിനീതരുടെമേൽ കാരുണ്യം പൊഴിക്കുന്നു” (വാ. 34). മറ്റുള്ളവരെക്കാൾ തങ്ങളെത്തന്നെ വലുതായി കാണുന്നവർ ദൈവത്തിന് മുന്നിൽ ചെറിയവരാണ്. എന്നാൽ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരുവൻ കൂടുതൽ അനുഗ്രഹങ്ങൾക്ക് പാത്രമാകും.
അവനവന്റെ കഴിവുകളുടെ പരിധികൾ തിരിച്ചറിയുന്ന മനുഷ്യനു മാത്രമേ, തന്റെ പരിധികൾക്കും കഴിവുകൾക്കും അപ്പുറം തന്നെ എത്തിക്കുവാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ സാധിക്കൂ. ദൈവം അനുവദിക്കുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് സ്വപ്‌നങ്ങൾ വച്ചുകൊണ്ടിരിക്കുന്നവനാണ് നിരാശയുണ്ടാകുക. മറ്റുള്ളവർക്ക് മുന്നിൽ അവസാനയിടങ്ങൾ തിരഞ്ഞെടുക്കുമ്പോഴാണ് മെച്ചപ്പെട്ടയിടങ്ങളിൽ ദൈവം നമുക്കായി സ്ഥലമൊരുക്കുക. ദൈവഹിതമനുസരിച്ച് എളിമയിൽ നീങ്ങുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും എന്നതിന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്. ദൈവത്തെ മാത്രമല്ല, മറ്റുള്ളവരെ അംഗീകരിക്കുവാനും, കരുതുവാനും, സ്നേഹിക്കുവാനും നമ്മെ സഹായിക്കുന്നതും ഹൃദയത്തിന്റെ എളിമയാണ്.
അമ്മയ്ക്ക് തുല്യം സ്നേഹിക്കുന്ന ദൈവം
ഒരു ശിശുവിന്റെ മനോഭാവത്തോടെ ദൈവത്തോട് ചേർന്ന് നിന്നാൽ, ഒരമ്മ നൽകുന്ന വാത്സല്യത്തോടെ ദൈവം നമ്മെ ചേർത്തുപിടിക്കുമെന്ന തിരിച്ചറിവിലാണ് ദാവീദ് ഈ സങ്കീർത്തനവരികൾ എഴുതുന്നത്. രണ്ടാം വാക്യം ഇങ്ങനെയാണ്: ” മാതാവിന്റെ മടിയിൽ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്”. ദാവീദ് തന്നെത്തന്നെ ശാന്തനാക്കുന്നത്, ഒരമ്മയെപ്പോലെ എല്ലായിടങ്ങളിലും ദൈവം തന്നെ കരുതുന്നുണ്ടെന്നും, സംരക്ഷിക്കുന്നുണ്ടെന്നുമുള്ള ഉറപ്പിന്മേലാണ്.
അമ്മയുടെ മടിയിൽ ശാന്തമായി കിടക്കുന്ന ശിശുവിന്റെ മനോഭാവം എന്നത് നിഷ്ക്രിയത്വത്തിന്റെയോ ഉദാസീനതയുടെയോ ലക്ഷണമല്ല. അമ്മയുടെ മടിയെന്നത്, സ്നേഹം ലഭിച്ച ഇടമാണ്. വളരാനുള്ള ഊർജ്ജവും കരുത്തും താങ്ങുമേകിയ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഏതൊരു മനസ്സിലും ധൈര്യവും ശക്തിയും നിറയ്ക്കും. തനിക്ക് ജന്മമേകിയ, തന്നെ കരുതുകയും പരിപാലിക്കുക്കുകയും ചെയ്യുന്ന ദൈവമാ ണ് യാഹ്‌വെ എന്ന തിരിച്ചറിവാണ് ഒരമ്മയുടെ മുന്നിൽ ശിശുവെന്നപോലെ, ദൈവത്തിന് മുന്നിൽ ശാന്തതയിൽ ആയിരിക്കാൻ ദാവീദിനെ അനുവദിക്കുന്നത്. ദൈവസാന്നിധ്യത്തിലേക്ക് തീർത്ഥാടകനായെത്തുന്ന ഓരോ വിശ്വാസിയും ജെറുസലേമിലേക്കുള്ള വഴിയിൽ ഈ സങ്കീർത്തനമാലപിക്കുമ്പോൾ, അവന്റെ യാത്രയിൽ കരുതലായി, കൂടെയുള്ള ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് അവരിലുണ്ടാവുക. ഭയമില്ലാതെ മുന്നോട്ട് പോകാൻ ഓരോ വിശ്വസിക്കും കരുത്തേകുന്നതും, ദൈവം സംരക്ഷണത്തിന്റെയിടമാണെന്ന തിരിച്ചറിവാണ്.
വിശ്വാസത്തിന് മാതൃക
ഇസ്രായേൽ ജനത്തോട് കർത്താവിൽ പ്രത്യാശവയ്ക്കുവാനുളള ആഹ്വാനവുമായാണ് ഇന്നത്തെ സങ്കീർത്തനത്തിന്റെ വാക്യങ്ങൾ അവസാനിക്കുന്നത്. സങ്കീർത്തനത്തിന്റെ അവസാനവാക്യം ഇങ്ങനെയാണ്: “ഇസ്രായേലേ, ഇന്നുമെന്നേക്കും കർത്താവിൽ പ്രത്യാശ വയ്ക്കുക” (വാ. 3). ദൈവവുമായുള്ള ബന്ധം എപ്രകാരമാണ് ജീവിക്കേണ്ടതെന്ന് ഓരോ ഇസ്രായേൽക്കാരനും, ദാവീദ് നൽകുന്ന ഒരു ഉപദേശമാണ് ഈ വാക്യം. കർത്താവിൽ പ്രത്യാശയർപ്പിച്ച് ജീവിക്കുക. കൂടുതൽ വലിയൊരർത്ഥത്തിൽ, ഓരോ വിശ്വസിയോടുമാണ്, കർത്താവിൽ പ്രത്യാശ വയ്ക്കുവാൻ ദാവീദ് ആഹ്വാനം ചെയ്യുന്നത്. ദാവീദിനെപ്പോലെ, പൂർണ്ണമായും കർത്താവിൽ പ്രത്യാശ വയ്ക്കുന്ന ഒരു മനുഷ്യനു മാത്രമേ, ഈ സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങളിൽ നാം കണ്ടതുപോലെ, തന്നെത്തന്നെ ചെറുതായി കരുതുവാനും, ദൈവത്തെ വലുതായി കാണുവാനും സാധിക്കൂ. മറ്റു മനുഷ്യരോടുള്ള ഇടപെടലുകളിലും, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് ഏറെ സ്വാധീനം ചെലുത്തുവാൻ സാധിക്കും. തങ്ങളെത്തന്നെ മെച്ചപ്പെട്ടവരായി കരുതുന്നവർ, മറ്റു മനുഷ്യരെ പലപ്പോഴും അഹന്തയോടെയാണല്ലോ നോക്കിക്കാണുന്നത്.
തന്നെക്കാൾ ശക്തനാണ് ദൈവമെന്ന തിരിച്ചറിവാണ്, അവനിൽ ശരണമർപ്പിക്കാൻ മനുഷ്യന് ബോധ്യം നൽകുന്നത്. ആ ഒരു തിരിച്ചറിവിൽനിന്നാണ്, അമ്മയുടെ മടിയിൽ ആയിരിക്കുന്ന ഒരു ശിശുവിന്റെ മനോഭാവത്തോടെ ദൈവത്തിന്റെ കരങ്ങളിൽ തങ്ങളെത്തന്നെ സമർപ്പിക്കുവാനും, ദൈവസാന്നിദ്ധ്യമേകുന്ന കരുത്തോടെ കൂടുതൽ വളരുവാനും ദൈവവിശ്വാസമുള്ള ഓരോ മനുഷ്യനും സാധിക്കുന്നത്.
തന്റെ കരുത്തും ദൗർബല്യങ്ങളും, വിജയപരാജയങ്ങളും വിശ്വസ്തതയുടെയും അവിശ്വസ്തതയുടെയും കഥകളും അറിയുന്ന ജനത്തോടാണ് ദാവീദ് തന്റെ തിരിച്ചറിവുകൾ പങ്കുവയ്ക്കുന്നത്. തനിക്ക് മാത്രമല്ല, തന്റെ ജനത്തിനും ദൈവാനുഗ്രഹങ്ങൾ കൂടുതലായി ലഭിക്കണമെന്ന ആഗ്രഹമാണ്, കൂടുതൽ വിശ്വാസത്തോടെ “കർത്താവിൽ പ്രത്യാശവയ്ക്കുക” എന്ന് അവരെ ഉദ്ബോധിപ്പിക്കാൻ ദാവീദിനെ പ്രേരിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിമുപ്പത്തിയൊന്നാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, വളരെ ചെറിയ എന്നാൽ ഏറെ ആഴമുള്ള ചില ചിന്തകളാണ് നമുക്ക് മുന്നിലുള്ളത്. യാഹ്‌വെയിൽ വിശ്വാസമർപ്പിച്ച്, എല്ലാം ദൈവദാനമെന്ന തിരിച്ചറിവിൽ ജീവിക്കുകയും, തന്നെത്തന്നെ ചെറുതായി കാണുകയും ചെയ്ത സങ്കീർത്തകന്റെ വാക്കുകൾ വിശ്വാസജീവിതത്തിൽ വലിയൊരു സന്ദേശമാണ്. സ്വന്തം വീഴ്ചകളും, കുറവുകളും തിരിച്ചറിയുന്നവർക്കേ എളിമയുടെ മനോഭാവത്തോടെ ജീവിക്കാൻ സാധിക്കൂ. എല്ലാം ദൈവദാനമെന്ന തിരിച്ചറിവിൽ കണ്ണുകൾ കർത്താവിലേക്കുയർത്തുന്നവർക്കേ, സ്വന്തം കരങ്ങളല്ല, ദൈവകരങ്ങളാണ് തങ്ങളിലൂടെ നന്മകൾ പ്രവർത്തിച്ചതെന്ന് ഏറ്റുപറയാനും, ദൈവത്തെ ഉയർത്തിക്കാട്ടുവാനും കഴിയൂ.
ദൈവത്തിന്റെ മാഹാത്മ്യം തിരിച്ചറിയുകയും, അവന്റെ സാന്നിദ്ധ്യം ഈ ലോകത്തിലും, തങ്ങളുടെ ജീവിതത്തിലും തിരിച്ചറിയുകയും ചെയ്യുന്നവർക്കേ, ഒരു ശിശു തന്റെ അമ്മയുടെ മുന്നിലെന്നതുപോലെ, ആഴമേറിയ ആശ്രയമനോഭാവത്തോടെ, ശാന്തതയിൽ ജീവിക്കാനാകൂ; കാരണം അവൻ തന്നിൽത്തന്നെയല്ല, മറിച്ച് എല്ലാത്തിനും കഴിവുള്ള, തന്നിൽ ആശ്രയമർപ്പിക്കുന്നവരെ കരുതുന്ന, സംരക്ഷണത്തിന്റെ ദൈവത്തിലാണ് ആശ്രയിക്കുന്നത്. സങ്കീർത്തകന്റെ ഉപദേശം ഹൃദയത്തിലുൾക്കൊണ്ട്, ദൈവതിരുമുൻപിൽ എളിമയുടെയും ശരണത്തിന്റെയും മനോഭാവത്തിൽ ജീവിച്ച്, സ്വർഗ്ഗീയജെറുസലേമിലേക്കുള്ള തീർത്ഥാടനത്തിൽ നമുക്കും നമ്മുടെ സഹോദരങ്ങൾക്കൊപ്പം മുന്നേറാം. കർത്താവിലുള്ള പ്രത്യാശയിൽ അനുദിനം വളർന്നുവരുവാനും ആഴപ്പെടുവാനും ഇസ്രയേലിന്റെ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.