കൊറോണയ്ക്ക് ശേഷം സുവിശേഷവല്ക്കരണം വേണം: പ്രൊവിഡന്‍സ് ബിഷപ്പ്

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം കത്തോലിക്കാര്‍ സുവിശേഷവല്‍ക്കരണം ആരംഭിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് പ്രൊവിഡന്‍സ് ബിഷപ്പ് തോമസ് ടോബിന്‍.
‘പൊതു ആരാധനയ്ക്കായി നമ്മുടെ പള്ളികള്‍ വീണ്ടും തുറക്കുമ്പോള്‍ നമ്മുടെ വിശ്വാസികള്‍ എങ്ങനെയാവും പ്രതികരിക്കുക? ടിവിയിലും ഓണ്‍ലൈനായും കുര്‍ബാന കണ്ട് ശീലിച്ച അവര്‍ ഇനി നേരില്‍ കുര്‍ബാന കാണേണ്ട കാര്യമില്ലെന്ന് ചിന്തിക്കുമോ? മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ദിവ്യബലിയില്‍ പങ്കുചേരല്‍ ഒരിക്കലും നേരിട്ടുള്ള പങ്കുചേരലിനു പകരമാവില്ല എന്ന് എന്ന് അവര്‍ മനസ്സിലാക്കുമോ?’ ബിഷപ്പ് ചോദിച്ചു.
‘നമ്മുടെ രൂപതയിലും ഇടവകളിലും സ്‌കൂളുകളിലും സംഘടനകളിലും ഈ പ്രതിസന്ധിക്കു ശേഷമുള്ള സന്ദര്‍ഭം ഒരു കാര്യം നമ്മോട് ശക്തമായി ആവശ്യപ്പെടുന്നു, നമ്മുടെ സമര്‍പ്പണം ഇരട്ടിയാക്കണം’ ബിഷപ്പ് പറഞ്ഞു.
കൊറോണ വൈറസ് മൂലം കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കാതെയുള്ള ദുരവസ്ഥയെ കുറിച്ച് ബിഷപ്പ് ദുഖം അറിയിച്ചു. കൊറോണ ഭാവിയെ എപ്രകാരമാണ് ബാധിക്കുക എന്നത് അവ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സുവിശേഷവല്‍ക്കരണം തുടരണം എന്നും വ്യക്തിപരമായ വിശുദ്ധി പാലിക്കണം എന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.