പൈതലാം യേശുവിന്റെ കൂട്ടുകാര്‍ ഒന്നുചേര്‍ന്നപ്പോള്‍
നെയ്യാറ്റിന്‍കര:‘പൈതലാം യേശുവേ ഉമ്മവച്ച് ഉമ്മവച്ച് ….’ എന്നു തുടങ്ങുന്ന താരാട്ടുപാട്ടിന്റെ 35 -ാം വര്‍ഷം ആഘോഷിച്ച് ഗാനരചയിതാവ് ഫാ. ജോസഫ് പാറാങ്കുഴിയും സംഗീത സംവിധായകന് ഫാ. ജസ്റ്റിന് പനക്കലും ഇരുവരുടെയും ഉറ്റസുഹൃത്ത് മോണ്‍. റൂഫസ് പയസലിനും. മൂന്നര പതിറ്റാണ്ടിന് മുമ്പ് തരംഗിണി മ്യൂസിക്സിലൂടെ പുറത്ത് വന്ന ഗാനം അന്ന് ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രഫസറായിരുന്ന ഫാ. ജസ്റ്റിന് പനയ്ക്കല്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ബ്രദര്‍ ജോസഫ് പാറാങ്കുഴിയെകൊണ്ടാണ് എഴുതിച്ചത്.
സ്നേഹപ്രവാഹമെന്ന പേരില്‍ പുറത്തിറങ്ങിയ കാസറ്റിലെ 12ഗാനങ്ങളില്‍ നാലു ഗാനങ്ങളാണ് ഫാ. ജോസഫ് പാറാങ്കുഴി എഴുതി ഫാ. ജസ്റ്റിന് പനയ്ക്കലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. ഫാ. ജസ്റ്റിന് പനയ്ക്കല്‍ ആലുവ സെമിനാരിയിലെ പ്രൊഫസറായി സേവനം ചെയ്യുമ്പോള്‍ സെമിനാരിയുടെ ക്വൊയര് മാസ്റ്ററായിരുന്നു ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയിലെ നെടുമങ്ങാട് റീജൺ കോ ഓഡിനേറ്ററായിരുന്ന മോണ്‍. റൂഫസ് പയസലിന്‍. സംഗീത സംവിധായകന് ജസ്റ്റിന് പനയ്ക്കലിന്റെയും ശിഷ്യരായ ഫാ. ജോസഫ് പാറാങ്കുഴിയുടെയും മോണ്‍. റൂഫസ് പയസലിന്റെയും കുടിക്കാഴ്ച തന്നെ അപൂര്‍വ സംഗമമായി മാറി.
മോണ്‍.റൂഫസ് പയസലിന്റെ ആര്യനാട്ടെ കുടുംബ വീട്ടില്‍ സൗഹൃദ സംഭാഷണങ്ങളുമായി കൂടിയ മൂവരുടെയും സൗഹൃദത്തില്‍ പൈതലാം യേശു എന്ന ഗാനം നിറഞ്ഞ് നിന്നു. ചുള്ളിക്കല്‍ പള്ളിയിലെ ക്വയര്‍ അംഗമെന്ന നിലയിലാണ് ഗാനഗന്ധര്വന് യേശുദാസിനെ ആദ്യം പരിചയപ്പെട്ടതെന്നും പിന്നെ ആ സൗഹൃദം നിരവധി ഗാനങ്ങള്‍ പിറവിയെടുക്കുന്നതിന് കാരണമായെന്നും സൗഹൃദ സംഭാഷണത്തില്‍ ഫാ. ജസ്റ്റിന് പനയ്ക്കല്‍ ഓര്‍മിച്ചെടുത്തു. പൈതലാം യേശുവിന്റെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച ചിത്രയുടെയും യേശുദാസിന്റെയും പിന്നെ ഗാനരചയിതാവ് ഫാ.ജോസഫ് പാറാങ്കുഴിയുടെയും സംഗീത സംവിധായകന് ഫാ. ജസ്റ്റിന് പനയ്ക്കലിന്റെയും സംഗമമാണ് ഇനി ആഗ്രഹമെന്ന നിലയിലാണ് മൂവരുടെയും സൗഹൃദ സംഭാഷണം അവസാനിച്ചത്.
പൈതാലാം യേശുവിന്റെ 35വര്‍ഷങ്ങളുടെ ആഘോഷങ്ങളും വൈദികരുടെ സൗഹൃദ കൂട്ടായ്മയില്‍ നടന്നു. കളമശേരിയിലെ കര്‍മലീത്തസഭയുടെ സ്റ്റഡിഹൗസായ ജ്യോതിര്‍ഭവനില്‍ വൈദിക വിദ്യാര്‍ഥികള്‍ക്കും സന്യാസിനികള്‍ക്കും ക്ലാസ് എടുക്കുകയാണ് ഫാ. ജസ്റ്റിന് പനയ്ക്കല്‍,കാരിക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയാണ് ഫാ.ജോസഫ് പാറാങ്കുഴി. മാണിക്കപുരം ഇടവക വികാരിയാണ് മോണ്‍. റൂഫസ് പയസലിന്‍.