പുരോഹിതാ! നിന്റെ മഹത്വം എത്രയോ വലുതാണ്!

മാലാഖമാർക്ക് നല്കപ്പെട്ടിട്ടില്ലാത്ത സ്വർഗീയമായ ഒരു അന്തസ്സും മഹാരഹസ്യവുമാണ് പുരോഹിതർക്ക് നല്കപ്പെട്ടിരിക്കുന്നത്. നിയമപരമായി അഭിഷേകം ചെയ്യപ്പെട്ട വൈദികർക്കു മാത്രമേ ബലിയർപ്പിക്കാനും വിശുദ്ധ കുർബാന സ്ഥാപിക്കാനും അധികാരമുള്ളൂ. അൾത്താരയിൽ അവർ വെറും ഉപകരണങ്ങളാണ്, എന്നാൽ വിഭാവന ചെയ്യാൻ കഴിയാത്ത അത്രയും ഉന്നതമായ അന്തസ്സാണവർക്കുള്ളത്.

വി. ജോൺ ക്രിസോസ്റ്റം പുരോഹിതരെകുറിച്ച് ഇപ്രകാരം പറയുന്നു “കർത്താവിന്റെ പുരോഹിതരേ, മറ്റു മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലാതായിത്തീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം നിർവഹിക്കുന്നതെന്നത് സത്യം തന്നെ. എന്നാലത് സ്വർഗീയ അധികാര ശ്രേണിയിലുള്ളതാണ്. പരിശുദ്ധാത്മാവാണ് നിങ്ങൾ പരികർമം ചെയ്യുന്ന രഹസ്യങ്ങളുടെ പ്രാണേതാവ്. നിങ്ങൾ ഏലിയാ പ്രവാചകനെക്കാൾ ഉന്നതനാണ്. നിങ്ങളുടെ കൈകളിൽ അഗ്‌നിയില്ല, വിശ്വാസികളിലേക്ക്‌ കൃപകൾ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമാണ് വസിക്കുന്നത്.

കർത്താവിന്റെ പുരോഹിതരെ, നിങ്ങൾ രാജാക്കന്മാരെക്കാൾ ഉന്നതരാണെന്നതിന്‌ സംശയമില്ല. രാജാക്കന്മാർ പ്രജകളോട് കല്പിക്കുന്നു. നിങ്ങളാകട്ടെ ദൈവത്തോടു കല്പിക്കുന്നു. രാജാക്കന്മാരുടെ വിധികൾ കാലത്തെ മാത്രം ആശ്രയിച്ചാണ്, നിങ്ങളുടെ കല്പനകൾ നിത്യതവരെ നിലനിൽക്കുന്നു. നിങ്ങൾക്ക് രാജാവിന്റെ നിധിയോ ധനമോ ആവശ്യമില്ല. പക്ഷെ, രാജാക്കന്മാർക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. നിങ്ങൾ മായാജാലക്കാരേക്കാൾ വലിയവരാണ്‌. അവർ മൂലകങ്ങളിൽ അത്ഭുതം പ്രവർത്തിക്കുന്നു. നിങ്ങളാകട്ടെ ആത്മാക്കളിലും. അവർ വസ്തുക്കളിൽ മാറ്റം വരുത്തുന്നു. നിങ്ങൾ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളാക്കി മാറ്റുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ പരിശുദ്ധ കന്യകാമറിയത്തെക്കാൾ ഭാഗ്യമുള്ളവരാണ്. മറിയം തന്റെ ‘അതെ’എന്ന സമ്മതത്താൽ വചനം മാംസം ധരിക്കാനനുവദിച്ചു. അവളുടെ ‘അതെ’ വഴി ദൈവപുത്രൻ അവളുടെ പരിശുദ്ധമായ ഉദരത്തിൽ ഉരുവായി. അവൾ അത് ഒരിക്കൽ മാത്രമേ ഉച്ചരിച്ചുള്ളൂ. മേരി ജന്മം നൽകിയ യേശു , വൈദികരുടെ വാക്കാൽ ജീവിതകാലം മുഴുവനും ചരിത്രമുള്ള കാലമത്രയും ജന്മമെടുക്കുന്നു. മേരിയെ എല്ലാകാര്യങ്ങളിലും അനുസരിച്ചതുപോലെ യേശുക്രിസ്തു നിശ്ശബ്ദനായി, നിശ്ചലനായി, മഹത്വമേറിയവിധം വൈദികരെ അനുസരിക്കുന്നു.

രാഷ്ട്രീയവും, തത്വചിന്തയും, ശാസ്ത്രവുമെല്ലാം പലതവണ ശ്രമിച്ചിട്ടും ഒരു പുരോഹിതനെ സൃഷ്ടിക്കാൻ സാധിച്ചില്ല. ഫ്രഞ്ചുവിപ്ലവത്തിന്റെ പരമകാഷ്ടയിൽ ഞായറാഴ്ച ആചരണം നിർത്തുകയും മറ്റൊരു വിശ്രമദിനം ആരംഭിക്കുകയും ചെയ്തു; യാതൊരു ദൈവികതയും മഹത്വവുമില്ലാത്ത ഒരു മാനുഷിക പുരോഹിതനെ സൃഷ്ടിക്കാനും ശ്രമിച്ചു. ഭരണകൂടത്തിൽ ഔദോഗികസ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയെ വെള്ളവസ്ത്രം ധരിപ്പിച്ച്‌, മൂന്നു വർണങ്ങളുള്ള അരപ്പട്ട കെട്ടി അൾത്താരയിലെത്തിച്ചു. രാജ്യസ്നേഹത്തിന്റെയും സകല പ്രതീക്ഷകളുടെയും പ്രതീകമായി കുറെ പൂക്കൾ പ്രകൃതിക്ക് സമർപ്പിക്കുകയായിരുന്നു ആ ബലി. എന്നാൽ അയാളെ സകലരും നിന്ദിച്ചു, പരിഹസിച്ചു. കാരണം അയാൾക്ക്‌ ദൈവികമുദ്രയുണ്ടായിരുന്നില്ല, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന രാജകീയാധികാരവുമുണ്ടായിരുന്നില്ല. രാജാവിനും ജനങ്ങൾക്കും നൽകാൻ കഴിയുന്നതല്ല പൗരോഹിത്യം, അതിന് ദൈവീകരശ്മി, ദൈവിക പരിവേഷം ആവശ്യമുണ്ട്.

ഒരു കാര്യം ശ്രദ്ധിക്കുക, ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും അപ്രത്യക്ഷമാകുന്നിടത്ത് പുരോഹിതനും ഇല്ല. അൾത്താരയിൽനിന്ന്, നന്മയും ത്യാഗവുമായി യേശു വസിക്കുന്ന സക്രാരിയിൽനിന്ന്, പ്രൊട്ടസ്റ്റന്റുകാർ അവിടുത്തെ അകറ്റിയ നിമിഷം അവർക്ക് പുരോഹിതരുമില്ലാതായി. അന്നുമുതൽ അവർക്ക് ശുശ്രൂഷകരെ ഉള്ളൂ; സന്മാർഗം പഠിപ്പിക്കുന്ന ഗുരുക്കന്മാരും, മതകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസുകാരും. മൈത്രേ പ്രഭു പറയാറുണ്ട് ‘ആളുകൾ കറുത്ത’ വസ്ത്രമണിഞ്ഞ് പ്രസംഗപീഠത്തിൽ കയറി വാഗ്ധോരണിയിൽ മുഴുകുന്നു. അവിടെ ബലിയില്ല, വചനം മാംസമാകുന്നില്ല.

ദുഷ്ടമനുഷ്യർ പുരോഹിതരെ അനന്തമായി വെറുക്കുന്നതിന്റെ നിദാനവും ഇതു തന്നെയാണ്. വെളിപാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രസവവേദനയാൽ കഷ്ടപ്പെടുന്ന സ്ത്രീക്ക് സമീപം, അവൾ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ തയാറായി സർപ്പം നിന്നു (വെളി. 12:24 ). “ഇപ്പോൾ യേശുക്രിസ്തുവിനെ ജനിപ്പിക്കുന്നത് പുരോഹിതനാണ്” എന്നാണ് ആലങ്കാരികമായി വിശുദ്ധ അംബ്രോസ് പറയുന്നത്. യേശുവിനെ അടിച്ചമർത്താനും അവിടുത്തെ ഭരണം അവസാനിപ്പിക്കാനുമുള്ള എളുപ്പമാർഗം പുരോഹിതരെ ഇല്ലാതാക്കുകയാണ്. അല്ലെങ്കിൽ അവരുടെ ഹൃദയത്തിൽനിന്നു വിശ്വാസം, നൈർമല്യം, ക്രിസ്തീയ പുണ്യങ്ങൾ എന്നിവ ഇല്ലാതാക്കുകയാണ്.

അവസാനമായി, പുരോഹിതനെ നശിപ്പിക്കുന്നതിനെപ്പറ്റി സമകാലീനസമൂഹത്തിൽ അശുദ്ധിയെ പിൻതാങ്ങുന്ന ഒരു പ്രമുഖൻ പറഞ്ഞത്: “അവനെ കൊല്ലണ്ട. അവൻ രക്തത്തിൽ പുതിയ ശക്തിയാർജിക്കും. അവനെ സംബന്ധിച്ച് രക്തസാക്ഷിത്വം ഒരു പുതിയ സമൃദ്ധിയോ മനുഷ്യാതീതമായ ശക്തിയോ ആയിത്തീരും. അതുകൊണ്ട് നമുക്ക് അവനെ മലിനതയിൽ മുക്കാം.”

എന്നാൽ പുരോഹിതരെ ഇല്ലാതാക്കാൻ സാധ്യമല്ല., ദൈവദൂഷണം പറയുന്ന നാവുകൾക്കും മരണം വിളിച്ചുവരുത്തുന്ന പ്രവൃത്തികൾക്കും ഒക്കെ മറുപടിയായി – പുരോഹിതന്റെ അധരങ്ങളിൽ ജീവന്റെയും നിത്യതയുടെയും വചനങ്ങളുണ്ട്. നിത്യവും ജീവനുള്ള വചനത്തിൽ ദൈവത്തെ അൾത്താരയിലേക്ക് പുരോഹിതൻ ഇറക്കിക്കൊണ്ടുവരുന്നു, നിത്യതയുടെ വചനത്തിൽ അവനെ ആത്മാക്കളിലേക്ക്‌ പ്രവേശിപ്പിക്കുന്നു. നീതിയോടും അലൗകികമായ ജീവന്റെ പ്രവൃത്തികളോടും കൂടെത്തന്നെ അവിടെ ദൈവം വസിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles