ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 10-ാം ദിവസം
ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും.
പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാന്‍. എങ്കിലും ഭൂലോകവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പരിഹാരക്രിയകള്‍ ഇവരെ ഉദ്ദേശിച്ചു ചെയ്യുന്നതായാല്‍ അത് ഇവരുടെ പാപപരിഹാരത്തിന് ഉതകുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ പലവിധത്തിലുള്ള തപ:ക്രിയകള്‍ അവര്‍ക്കു വേണ്ടി ചെയ്തു വരുന്നുണ്ട്. എന്നാല്‍ തപസ്സ് എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ദുസ്സഹമായിട്ടാണിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമായ ഒരു ഭയമെന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പാടനുഭവിക്കാതെ ആരും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല എന്നുള്ളതു നിശ്ചയം തന്നെ.
പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.
1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.