ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ കടമയാണ്
നാം എപ്പോഴും പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍, നമ്മുടെ സഹോദരന്മാരുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപൂര്‍വ്വമാവുകയും ചെയ്യുന്നു. ഈ പര സ്പരസഹായം നമ്മുടെ കഴിവനുസരിച്ചു ചെയ്യേണ്ട ഒരു ഔദാര്യമല്ല , മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ്.
വിശന്നുപൊരിയുന്ന ഒരു അഗതിക്ക് ജീവന്‍ നിലനിറുത്താന്‍ വേണ്ട ഭക്ഷണം നല്‍കാതിരിക്കുന്നത് പൈശാചികമായ തെറ്റാണ്. അത്യാ സന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുക നികൃഷ്ടമായ കാര്യമാണ്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെ കണ്ടിട്ട് സഹായഹസ്തം നീട്ടിക്കൊടുക്കാതെ പോകുന്നതും സമയവും സാഹചര്യവും അനുകൂലമല്ലെങ്കില്‍പ്പോലും എത്ര ത്യാഗവും ക്ലേശവും സഹിച്ചായിട്ടായാലും , ആവശ്യത്തിലായിരിക്കുന്ന സഹോദരനെ സഹായിക്കാതെ പോകുന്നതും ഒരിക്കലും ക്ഷന്തവ്യമല്ല.
എങ്കില്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കാള്‍ അടിയന്തരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത്? ഭൂമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധീകരണസ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല . നമുക്കു ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തരസഹായം അര്‍ഹിക്കുന്നവരല്ല. വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്കിലും ഇവരാരും തന്നെ ശുദ്ധീക രണസ്ഥലത്തെ ആത്മാക്കളുടെ വേദനയെക്കുറിച്ചു ചിന്തിക്കുന്നില്ല. എത കഷ്ടം ! ഇവരെക്കാള്‍ ആരാണ് നമ്മുടെ സഹായത്തിന് അര്‍ഹതയുള്ളവര്‍? നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവും ഒക്കെ ഉണ്ടാകാം ഇവരില്‍.