എത്യോപ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: എത്യോപ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വംശീയമായ ആക്രമണങ്ങളില്‍ എത്യോപ്യയില്‍ ഈയിടെ 78 പേര് മരണമടഞ്ഞിരുന്നു.
‘തെവഹീഡോയിലെ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സംഭവം എന്നെ ദുഖത്തിലാഴ്ത്തി’ ഫ്രാന്‍സിസ് പാപ്പാ ഇന്നലെ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാ മധ്യേ പറഞ്ഞു. ‘പ്രിയപ്പെട്ട ഓര്‍ത്തഡോക്സ് സഭയോടും പാത്രിയര്‍ക്കീസ് പ്രിയപ്പെട്ട അബൂനെ മത്തിയാസിനോടും എന്റെ സ്നേഹം ഞാന്‍ അറിയിക്കുന്നു. അവിടെ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു’ പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 23 ന് ഏത്യോപ്യയിലെ ഒറോമിയ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമാസക്തമായ പ്രതിഷേധങ്ങളില്‍ 400 ലെറെ പേര് അറസ്റ്റ് ചെയ്യപ്പെടുകയും 78 പേര് കൊല്ലപ്പെടുകയും ചെയ്തു.
ഒറോമിയയില് പലപ്പോഴും ആക്രമികള്‍ ഓര്‍ത്തഡോക്സ് ക്രിസ്്ത്യന്‍ സമൂഹത്തെ ലക്ഷ്യം വയ്ക്കുന്നു. 52 ഓര്‍ത്തഡോക്സ് ക്രിസ്ത്യനികളാണ് ഒക്ടോബറില്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 28 ന് മരണമടഞ്ഞവരെ പ്രതി അനുശോചനം അറിയിച്ചു കൊണ്ട് എത്യോപ്യന്‍ പാത്രീയര്‍ക്കീസ് അബൂനെ മത്തിയാസ് ഇപ്രകാരം പറഞ്ഞിരുന്നു: ‘ഞാന്‍ എന്റെ കൈയില്‍ ഒരു കുരിശാണ് വഹിക്കുന്നത്, തോക്കല്ല. പ്രിയപ്പെട്ട മക്കളേ, കണ്ണീരോടെ ഞാന്‍ നിങ്ങളുടെ സഹനങ്ങളെ പ്രതി ദൈവത്തോട് അപേക്ഷിക്കുന്നു. സര്‍ക്കാരിനോട് ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള അപേക്ഷ തുടരും. ഇന്ന് എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയാന്‍ എനിക്ക് തോന്നുന്നു.’