ലെബനോനിലെ അഴിമതിവിരുദ്ധ പോരാളികള്‍ക്ക് മാര്‍പാപ്പായുടെ പിന്തുണ
വത്തിക്കാന്‍ സിറ്റി: ലെബനോന്‍ സര്‍ക്കാരിലെ അഴിമതിക്കും സാമ്പത്തിക ദുര്‍വിനയോഗത്തിനും എതിരെ ലെബനോന്റെ തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനുമായി ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അഴിമതിക്കും അനീതിക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പരാമര്‍ശിച്ച വേളയിലാണ് ലെബനോണ്‍ വിഷയത്തില്‍ തന്റെ നിലപാട് പാപ്പാ വ്യക്തമാക്കിയത്.
‘രാജ്യത്ത് നടക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും തങ്ങളുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്ന ലെബനോനിലെ ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ ഞാന്‍ അഭിസംബോധന ചെയ്യുന്നു’ പാപ്പാ പറഞ്ഞു.
ലെബനീസ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ന് ഇന്റര്‍നെറ്റ് അടിസ്ഥിത വാട്‌സാപ്പ് കോളുകളിന്മേല്‍ പുതിയ ചുങ്കം ചുമത്തിയിരന്നു. ലെബനോന്റെ പൊതു കടം വളരെ വലുതാണ്. അതു പോലെ അവിടെ തൊഴിലില്ലായ്മ വളരെ രൂക്ഷവുമാണ്.
ലെബനീസ് സര്‍ക്കാരിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നീക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാക്കള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കക്ഷിരാഷ്ടീയ ഭേദമെന്യേ പ്രതിഷേധത്തിന് ഇറങ്ങിയ യുവാക്കളെ ഹെസ്‌ബൊള്ളാ പാര്‍ട്ടിക്കാര്‍ ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ആണുണ്ടായത്.