യുവജനങ്ങളെ, ഇന്ന് നിങ്ങളാണ് ദൈവത്തിന്റെ പ്രതിരൂപം: പാപ്പ
പാനമ: ഇന്ന് ദൈവത്തിന്റെ പ്രതിരൂപം നിങ്ങൾ ഓരോരുത്തരുമാണെന്ന് യുവതീർത്ഥാടകരെ ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ദൗത്യം പൂർത്തികരിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞുപോയ ഒന്നല്ല. മറിച്ച്, ജീവിതകാലം മുഴുവൻ തുടരേണ്ടതാണെന്നും പാപ്പ പറഞ്ഞു.
ലോക യുവജനസംഗമത്തിന് സമാപനം കുറിച്ചുകൊണ്ട് അർപ്പിച്ച ദിവ്യബലിൽ സന്ദേശം നൽകവേയാണ്, ദൈവത്തിന്റെ ഇന്ന് എന്ന് (യു ആർ ദ നൗ ഓഫ് ഗോഡ്) യുവജനങ്ങളെ പാപ്പ വിശേഷിപ്പിച്ചത്. ‘ദൈവത്തിന്റെ സുവിശേഷവേല നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കാൻവേണ്ടി ഒരു നിശ്ചിത സമയം മാറ്റിവെക്കപ്പെട്ടിട്ടില്ല. താൽക്കാലികമായ ഒരു ദൗത്യമല്ല മറിച്ച്, അത് നമ്മുടെ ജീവിതം തന്നെയാണ്,’ യുവജനങ്ങൾക്കു നൽകിയ വിശേഷണത്തിന്റെ കാരണം പാപ്പ വെളിപ്പെടുത്തി.
ദൈവത്തിന്റെ ദൗത്യനിർവഹണം നീട്ടിവെക്കപ്പെടാനുള്ളതല്ലയെന്നും ഇന്നു തന്നെ ആരംഭിക്കേണ്ടതും പൂർത്തികരിക്കേണ്ടതുമാണ്.അപ്പോൾ മാത്രമേ ‘ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ’ എന്ന ഈ യുവജനസംഗമത്തിന്റെ ആപ്തവാക്യം അർത്ഥവത്താകൂ.
ഈ യുവജന സംഗമത്തിൽ പങ്കെടുക്കാൻ തമ്പുരാൻ നൽകിയ അവസരത്തിന് നന്ദി പറയുന്നു. നിങ്ങൾക്ക് ഇവിടെനിന്ന് ലഭിച്ച അനുഭവങ്ങൾ നിങ്ങളുടെ ഭവനങ്ങളിലും ഇടവകകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവെക്കണം. അങ്ങനെ ഇന്നുതന്നെ ഇവിടെനിന്നുതന്നെ തമ്പുരാന്റെ വലിയ സുവിശേഷ ദൗത്യത്തിൽ ഓരോരുത്തരും പങ്കുചേരണമെന്നും പാപ്പ ഓർമപ്പെടുത്തി.
ഈ സംഗമത്തിന് ചുക്കാൻ പിടിച്ച, മികച്ച സംഘാടകത്വം കാഴ്ചവെച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. ഏഴു ലക്ഷം പേർ ദിവ്യബലിയിൽ സംബന്ധിച്ചു. കൊളംബിയ, കോസ്റ്റാറിക്ക, എൽസാൽവദോർ, ഗ്വാട്ടിമാല, ഹൊണ്ടൂറാസ്, പാനമ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരും അവിടങ്ങളിൽനിന്നുള്ള നിരവധി തീർത്ഥാടകരും ദിവ്യബലിയിൽ സംബന്ധിച്ചു. ഇന്ത്യ ഉൾപ്പെടെ 155 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു.