കുട്ടികൾക്ക് മാത്രം ദൃശ്യമായ പരിശുദ്ധ അമ്മയുടെ അത്ഭുതരൂപം

ഫ്രാൻസിലെ പൊന്റ്മെയിൻ ഗ്രാമത്തിൽ സാധാരണക്കാരായ കഠിനാധ്വാനികളായ ജനങ്ങളായിരുന്നു താമസിച്ചിരുന്നത്.ഇടവക ജനത്തെ നയിച്ചിരുന്നത് അബെ മൈക്കിൾ ഗുരിൻ എന്ന വൈദികനായിരുന്നു. ഈ ഗ്രാമത്തിലെ ബാർബഡേറ്റ് കുടുംബത്തിലെ കുട്ടികൾക്കാണ് മാതാവിന്റെ ദർശനം ലഭിച്ചത്.

1871 ജനുവരി 17ന് സന്ധ്യാനേരത്ത് ഈ കുടുംബത്തിലെ ജോസഫ്, യൂജിൻ എന്ന പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ പിതാവിന്റെ ഫാമിൽ പിതാവിനെ സഹായിക്കുകയായിരുന്നു. യൂജിൻ പെട്ടെന്ന് മുകളിലേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവൻ ഉടനെ തന്നെ ഈ ദൃശ്യം കാണിക്കാൻ കുടുംബാംഗങ്ങളെ ഒക്കെ വിളിച്ചെങ്കിലും സഹോദരൻ ജോസഫിന് മാത്രമേ മാതാവിനെ കാണാൻ സാധിച്ചുള്ളു.സ്വർണ്ണനിറമുള്ള നക്ഷത്രങ്ങൾ പതിച്ചിരുന്ന നീല വസ്ത്രം ആയിരുന്നു മാതാവിന്റെ വേഷം. സ്വർണ്ണ കിരീടവും കറുത്ത ശിരോവസ്ത്രവും മാതാവ് ധരിച്ചിരുന്നു.
മാതാപിതാക്കൾക്ക് ഈ ദൃശ്യം കാണാൻ സാധിച്ചില്ലെങ്കിലും മക്കൾ രണ്ടുപേരും വളരെ സത്യസന്ധമായി തന്നെയാണ് കാണപ്പെട്ടത് എന്നതിനാൽ അവർ വിശ്വസിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഗ്രാമത്തിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസ്റ്റർ വിറ്റാലിനിനെ ഈ വിവരം അറിയിച്ചു. സിസ്റ്റർക്കും ഈ വിവരണങ്ങൾ ദർശിക്കാൻ സാധിച്ചില്ല. എന്നാൽ,സിസ്റ്ററുടെ നിർദ്ദേശപ്രകാരം രണ്ടു കുട്ടികളെ അവിടേക്ക് കൊണ്ടുവന്നു. ഒമ്പതും പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയാണ് കൊണ്ടുവന്നത്. അവർ ആകാശത്ത് പുഞ്ചിരിതൂകുന്ന മാതാവിനെ ദർശിക്കുകയും തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
വിവരം അറിഞ്ഞു കൂടുതൽ ആളുകൾ അവിടേക്ക് വന്നു. ഒപ്പം ഇടവക വികാരിയും. മുതിർന്നവർ ജപമാല ചൊല്ലി പ്രാർഥിക്കാൻ തുടങ്ങി.മാതാവ് നിൽക്കുന്നതിനു ചുറ്റും ഒരു ഓവൽ ഫ്രെയിം കാണപ്പെട്ടു. നാലു മെഴുകുതിരികൾ മാതാവിന് ചുറ്റും കത്തി നിൽക്കുന്നതായും കാണപ്പെട്ടു. രണ്ടെണ്ണം ചുമലിന്റെ ഭാഗത്തും രണ്ടെണ്ണം കാൽമുട്ടുകൾക്കടുത്തുമായിരുന്നു കാണപ്പെട്ടത്.
ഈ ദൃശ്യം വലുതാകാൻ തുടങ്ങി. തുടർന്ന് താഴെ അടിക്കുറിപ്പ് പോലെ ഒരു സന്ദേശം എഴുതി കാണിച്ചു. “പക്ഷേ, പ്രാർത്ഥിക്കൂ മക്കളേ…ദൈവം നിങ്ങൾക്ക് വേഗം ഉത്തരമരുളും. എന്റെ മകൻ അനുകമ്പയാൽ സ്വയം മാറുന്നതിന് അനുവദിക്കുന്നു.” പെട്ടെന്ന് മാതാവ് ദുഃഖിതയായി കാണപ്പെട്ടു. അപ്പോൾ ഒരു ചുവന്ന നിറമുള്ള ക്രൂശിതരൂപം അവളുടെ കരങ്ങളിൽ ദൃശ്യമായി. ഒരു വെളുത്ത തൂവാല മാതാവിന്റെ പാദങ്ങൾക്ക് അടുത്തു നിന്ന് ഉയർന്നുവന്ന് അവളുടെ കണ്ണുനീർ ഒപ്പി.9 മണിയായപ്പോൾ ഈ സ്വർഗ്ഗീയ ദൃശ്യം മറഞ്ഞു.
ഈ പ്രത്യക്ഷപ്പെടലിനെപ്പറ്റി പഠനങ്ങൾ നടത്തുകയും 1872 ഫെബ്രുവരിയിൽ മെത്രാൻസമിതി ഇവ ശരി വയ്ക്കുകയും ചെയ്തു.വളർന്നപ്പോൾ ജോസഫ് അമലോൽഭവ മാതാവിന്റെ ഒബ്ലേറ്റസ് സഭയിലും യുജിൻ സാധാരണ പുരോഹിതൻ ആയും മാറി.മാതാവിനെ ദർശിച്ച മറ്റു 2 പെൺകുട്ടികൾ ആയ മേരി ഗൃഹനാഥയും ജീൻ മാരി സന്യാസിനിയുമായി.1900ൽ പൊന്റ്മെയിനിൽ ഒരു വലിയ ബസിലിക്ക സ്ഥാപിതമായി.
എന്താണ് ഈ പ്രത്യക്ഷീകരണം നൽകുന്ന സന്ദേശം?
മനുഷ്യർ പാപം വെടിഞ്ഞ് പ്രാർത്ഥനയിലേക്ക് തിരിഞ്ഞാൽ ഈശോ തന്റെ ഹൃദയത്തിൽ അനുകമ്പ നിറഞ്ഞു മനുഷ്യർക്ക് മാപ്പു നൽകും എന്നതാണ് ഒരു സന്ദേശം. ചുവന്ന ക്രൂശിതരൂപം മനുഷ്യ പാപങ്ങൾക്കായി രക്തം ചിന്തി മരിച്ച യേശുവിന്റെ കഠിനമായ സഹനത്തെ സൂചിപ്പിക്കുന്നു. മനുഷ്യർ പാപം വർധിപ്പിക്കുമ്പോൾ യേശുവിന്റെയും മാതാവിന്റെയും ദുഃഖവും സഹനവും വർധിക്കുകയാണ്. പ്രാർത്ഥനയും മനസ്താപവും ആകുന്ന വെളുത്ത തൂവാല മാതാവിന്റെ കണ്ണീരൊപ്പുന്നു.

പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി മനുഷ്യകുലത്തിന് പ്രത്യാശ പകരുന്ന പൊന്റ്മെയിനിലെ അമ്മയെ വണങ്ങാം. സ്വർഗ്ഗം നൽകുന്ന സന്ദേശങ്ങൾക്ക് യോഗ്യമായ ജീവിതം നയിക്കാം..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles