പിഒസിയില്‍ ബധിര, മൂക ദമ്പതികള്‍ക്കായി കൗണ്‍സിലിംഗ് സെന്റര്‍ തുറന്നു
കൊച്ചി: കെസിബിസി തലത്തിൽ ബധിരരും മൂകരുമായ ദമ്പതികൾക്കു വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയിൽ നടന്നു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് സംരംഭം ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. യുവതീയുവാക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കാനുള്ള വേദിയാണിത്.
ഫാ. ബിജു, ഫാ. പ്രയേഷ്, സിസ്റ്റർ അഭയ, സിസ്റ്റർ വിക്ടോറിയ, സ്റ്റാലിൻ തോമസ്, കെ.സി. ഐസക്, വി.എ. കുഞ്ഞുമോൾ, റാണി തോമസ് തുടങ്ങിയ സൈൻ ലാംഗ്വേജിൽ പരിചയസന്പന്നരായ കൗണ്‍സലേഴ്സിന്റെ സേവനം ഇതിനായി ലഭ്യമാക്കുന്നുമെന്ന് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി പറഞ്ഞു.
ബധിരരും മൂകരുമായ യുവതീയുവാക്കൾക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പിഒസിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാൽപതിലധികം ബധിരരും മൂകരുമായിട്ടുള്ള വിവാഹാർഥികളാണ് കോഴ്സിൽ പങ്കെടുക്കുന്നത്.
കുടുംബബന്ധങ്ങൾ, ലൈംഗികത, ആശയവിനിമയം തുടങ്ങിയ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ക്ലാസുകൾ. പ്രത്യേക പരിശീലനം ലഭിച്ച പ്രഗത്ഭരാണ് സൈൻ ലാഗ്വേജിൽ ക്ലാസുകൾ നയിക്കുന്നത്. എല്ലാ സമുദായത്തിൽപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്.
ബധിരരും മൂകരുമായ യുവതീയുവാക്കൾക്കുവേണ്ടിയുള്ള മാട്രിമോണിയൽ സർവീസിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഇതിലൊരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് 9995028229, 9497605833, 9495812190, kcbcfamilycommission @gmail.com, kcbcfamilycommission.org.