ലൂര്‍ദ്ദില്‍ പോക്കറ്റടിക്കാര്‍ പെരുകുന്നു. ജാഗ്രത!
ലൂര്‍ദ്ദ്, ഫ്രാന്‍സ്: ലോകപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ പോക്കറ്റിടക്കാര്‍ വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടകരോട് തങ്ങളുടെ വസ്തുക്കളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് തീര്‍ത്ഥാടന കേന്ദ്രം അധികാരികള്‍. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ സെക്യൂരിറ്റി വര്‍ദ്ധിപ്പിച്ചതായും അധികാരികള്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ ഇതുവരെ 274 പോക്കറ്റടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോക്കല്‍ പ്രോസിക്ക്യൂട്ടര്‍ പിയെറി ഓറിഞ്ഞാക്ക് വെളിപ്പെടുത്തി. 2018 ല്‍ ആദ്യത്തെ 9 മാസങ്ങളില്‍ മാത്രം 117 പോക്കറ്റിടകളാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്നത് പ്രധാന മരിയന്‍ ദേവാലയത്തിന് സമീപമുള്ള തെരുവുകളിലാണ്. ഇവിടെ ജപമാലകളും തിരുസ്വരൂപങ്ങളും ശില്പങ്ങളും ലൂര്‍ദ്ദിലെ വിശുദ്ധ ജലവും വില്‍ക്കുന്ന കടകളുണ്ട്. അവിടെയാണ് കള്ളന്മാരുടെ വിഹാരകേന്ദ്രം.
പോക്കറ്റടി സംഘങ്ങളെ കുറിച്ച് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അവര്‍ തിരമാല പോലെ വരികയും എപ്പോഴും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ പിടിക്കപ്പെട്ടാല്‍ ഉടനെ പകരം ആളുകള്‍ എത്തും’ ടെലിഗ്രാഫ് എഴുതി.