ഫിലിപ്പൈന്‍സിലെ പുതിയ തീവ്രവാദ വിരുദ്ധ നിയമത്തിനെതിരെ ക്രിസ്ത്യാനികള്‍

തീവ്രവാദത്തെ നേരിടാന്‍ വേണ്ടി മുന്നോട്ടു വച്ചിരിക്കുന്ന പുതിയ നിയമത്തെ എതിര്‍ത്ത് ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികള്‍. ഈ നിയമം മാര്‍ക്കോസിന്റെ കാലത്തേതു പോലെ ഇരുണ്ട ദിവസങ്ങള്‍ കൊണ്ടുവരുമെന്നാണ് അവരുടെ ആരോപണം. 1972 മുതല്‍ 1981 വരെ അന്നത്തെ ഫിലീപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജനങ്ങളുടെ മേല്‍ സൈനിക നിയമം അടിച്ചേല്പിച്ചിരുന്നു.
ഇപ്പോഴത്തെ പ്രസിഡന്റ് റോഡ്രിഗോ ദുത്തേര്ത്തേ 6875 ാം ബില്‍ നടപ്പില്‍ വരുത്താന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുകയാണ്. ലോവര്‍ ചേംബര്‍ നിയമം അംഗീകരിച്ചു. സെനറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ നിയമം അംഗീകരിച്ചിരുന്നു.
ബില്‍ 6875 പ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരോള്‍ ഇല്ലാതെ ആജീവനാന്ത തടവുശിക്ഷ വിധിക്കും. സംശയത്തില്‍ പെടുന്നവരെ അറസ്റ്റ് വാറന്റില്ലാതെ 24 ദിവസം വരെ തടങ്കലില്‍ വയ്ക്കാവുന്നതുമാണ്.
ഈ പുതിയ നിയമം ജനാധിപത്യത്തിന് ഇടമില്ലാതാക്കുമെന്നും പൊതു സംവാദത്തെ ദുര്‍ബലപ്പെടുത്തും എന്നുമാണ് ക്രിസ്ത്യാനികളുടെ പരാതി. മനുഷ്യാവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവ് ഇതു മൂലം നഷ്ടമാകുമെന്നും അവര്‍ വാദിക്കുന്നു.