തിരമാലകളിൽ പെട്ട കുട്ടികളെ രക്ഷിച്ച് ജീവൻ വെടിഞ്ഞ പെദ്രോ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഏഴു കുട്ടികളെ വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും രക്ഷിച്ചു ഒടുവില് ജീവന് വെടിഞ്ഞ സ്പാനിഷ് മിഷ്ണറി പെദ്രോ മാനുവൽ സലാഡ ഡി ആൽബയുടെ രൂപതാതല നാമകരണ നടപടി പൂര്ത്തിയായി. 2018 ഒക്ടോബർ മാസത്തില് കോർഡോബ രൂപതാധ്യക്ഷന് ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ് ഗോൺസാലസ്, പെദ്രോ മാനുവലിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വേണ്ടിയുള്ള ആരംഭിച്ച രൂപതാതല അന്വേഷണങ്ങൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വിരാമമിട്ടത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളുടെ ഒറിജിനൽ പതിപ്പും, രണ്ടു കോപ്പികളും, വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന് അയച്ചുകൊടുക്കും. കോർഡോബ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹോം അറ്റ് നസ്രത്ത് എന്ന പ്രസ്ഥാനത്തിലെ അംഗമായിരുന്നു പെദ്രോ മാനുവൽ സലാഡ.
1978ൽ പ്രശ്ന ബാധിതരായ കുട്ടികൾക്ക് സേവനം നൽകുക എന്ന ലക്ഷ്യവുമായാണ് സംഘടന ആരംഭിക്കുന്നത്. 1990ൽ അവസാനത്തെ വ്രതം സ്വീകരിച്ച അദ്ദേഹം 1998 വരെ സ്പെയിനിലാണ് ജീവിച്ചിരുന്നത്. പിന്നീട് മിഷ്ണറിയായി ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലേയ്ക്ക് പോകേണ്ടതായി വന്നു. അവിടെ അദ്ദേഹത്തിന് ഒരു സ്കൂളിന്റെ ചുമതലയാണ് ലഭിച്ചത്. തീർത്തും ദരിദ്രമായ ജീവിതം നയിക്കാൻ ശ്രമിച്ചിരുന്ന പെദ്രോ കാലിൽ ചെരിപ്പുകൾ പോലും ഉപയോഗിക്കില്ലായിരുന്നു. 2012 ഫെബ്രുവരി അഞ്ചാം തീയതി ഒരു കൂട്ടം കുട്ടികളുമായി അറ്റാക്കമസ് ബീച്ചിലേക്ക് പെദ്രോ ഉല്ലാസത്തിനായി പോയി. ഉച്ചനേരത്ത് വലിയ തിരമാല ആഞ്ഞടിക്കുകയും ഏഴു കുട്ടികൾ അതിൽപ്പെടുകയും ചെയ്തു.
ജീവൻമരണ പോരാട്ടമാണ് ശ്വസിക്കാൻ സാധിക്കാതെ കുട്ടികൾ നടത്തുന്നത് എന്ന് മനസ്സിലാക്കിയ പെദ്രോ കടലിലേക്ക് ചാടി ഏഴു കുട്ടികളെയും രക്ഷപ്പെടുത്തുകയായിരിന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം തീർത്തും അവശനായ പെദ്രോ കടൽത്തീരത്ത് കിടന്ന് മരണമടഞ്ഞു. പെദ്രോയുടെ നാമകരണ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാർച്ച് 20ന് പുറത്തുവിട്ട പത്രകുറിപ്പിൽ ബിഷപ്പ് ദിമിത്രിയോ ഫെർണാണ്ടസ് ഗോൺസാലസ് പറഞ്ഞു. ഈയൊരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.