വിശുദ്ധ പൗലോസിനെ കുറിച്ച് സിനിമയെത്തി
അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച പോള്‍ അപ്പസ്തോല്‍ ഓഫ് ക്രൈസ്റ്റ് എന്ന ചലച്ചിത്രം നിരൂപകരുടെയും, പ്രേക്ഷകരുടേയും ശ്രദ്ധ നേടിക്കൊണ്ട് മുന്നേറുന്നു. ക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസിന്റെയും, അദ്ദേഹത്തിന്റെ ശിഷ്യനായ ലൂക്കായുടേയും ജീവിതത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ അനാവരണം െചയ്യുന്ന ഈ ചിത്രത്തില്‍ ലൂക്കയായി വേഷമിടുന്നത് പാഷന് ഓഫ് ദ ക്രൈസ്റ്റില്‍ യേശുവിനെ അവതരിപ്പിച്ച ജിം കാവിയേസലാണ് .
തന്റെ അഭിനയജീവിതത്തിന് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ച ഈ ചിത്രത്തെക്കുറിച്ച് ജിം കാവിയേസല്‍ പറയുന്നത് ഇപ്രകാരമാണ്. ”ഇന്നും ആഗോളവ്യാപകമായി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു. ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍, ഇറാക്കിലെ ക്രൈസ്തവ വിഭാഗമായ ചാല്ഡിയന്സ്, അസ്സീറിയന്‍സ് ഇവരൊക്കെ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ക്രൈസ്തവസഹോദരരുടെ പ്രതിനിധികളാണ്. ഇവരെക്കുറിച്ച് ലോകം അറിയണം, ഇവരെ ഓര്‍മ്മിക്കണം”.
ഏ. ഡി 37 മുതല്‍ 68വരെ റോമാ സാമ്രാജ്യം അടക്കിവാണ നീറോ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. വിശ്വാസസംരക്ഷണത്തിനുവേണ്ടി അനേകരാണ് കൊല്ലാക്കൊല ചെയ്യപ്പെട്ടത്. വിശ്വാസികളെ മെഴുകുതിരി കത്തിക്കുന്നതുപോലെ ജീവനോടെ ചുട്ടുചാമ്പലാക്കി. എങ്കിലും ലൂക്കാ വിശ്വാസത്തില്‍ ഉറച്ചു നിന്നു. ക്രിസ്തുവില്‍ ജീവിക്കുന്നതു വിജയവും, മരിക്കുന്നതു നേട്ടവുമാണെന്ന ഗുരുവിന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി അവസാനം വരെ ആത്മാര്‍ത്ഥതയോടെ പിടിച്ചുനില്ക്കാന് ലൂക്കായ്ക്കു കഴിഞ്ഞു. ക്രൈസ്തവര്‍ സഹനങ്ങളെ അതിജീവിച്ച് മുന്നേറണൊ അതൊ ഇൗ പീഡകളില്‍ നിന്നെല്ലാം ഒളിച്ചോടണൊ? കാലാന്തരങ്ങളെ അതിജീവിച്ച് നമ്മുടെ ചെവികളില്‍ ഇന്നും മുഴങ്ങുന്ന ഈ ചോദ്യം ഉന്നയിക്കുന്നത് റോമിലെ പീഡിതവര്ഗത്തെ പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവദമ്പതികളായ പ്രിസില്ലയും അക്കീലയുമാണ്. ചിത്രത്തിന്റെ കാതലായ സന്ദേശം പേറുന്ന ഈ ഭാഗം അതീവ ഹൃദ്യമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ആദ്യകാലങ്ങളില്‍ ക്രിസ്തുവിനെ പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന പൗലോസ് ഡമാസ്കസിലേക്കുള്ള യാത്രാ
മദ്ധ്യേ ക്രിസ്തുവിനെ അറിയുന്നു. പിന്നീട് സഭാരൂപീകരണത്തില് നെടുംതൂണായി നിലകൊണ്ട ഈ അപ്പസ്തോലന് പ്രഘോഷിച്ചത് മാനസാന്തരത്തിന്റെയും, സ്നേഹത്തിന്റെയും, ആത്മസമര്‍പ്പണത്തിന്റെയും സുവിശേഷമായിരുന്നു. റോമന്‍ സാമ്രാജ്യത്തിനു ഭീഷണി ഉയര്‍ത്തി എന്ന കാരണത്താല്‍ നീറോ ചക്രവര്‍ത്തിയുടെ പതിനാലാം ഭരണവര്‍ഷം വി. പൗലോസ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.
ആദിസഭാപിതാക്കന്മാരുടെ വിശ്വാസത്തോടു തുലനം ചെയ്താല്‍ നമ്മുടെ വിശ്വാസത്തിന്റെ പകിട്ട് കുറഞ്ഞുപോകുന്നതായി നമുക്ക് കാണാന്‍ സാധിക്കും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ ചിത്രം നമ്മിലുള്ള വിശ്വാസത്തിന്റെ കനല് ആളികത്തിക്കുമെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നു ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.