എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!

യേശുവിന്റെ കൂടെ എപ്പോഴും നടന്നു എന്നതിനേക്കാള്‍ പ്രധാനമാണ് യേശുവിനെ ദൈവവും കര്‍ത്താവുമായി തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നമ്മുടെ ജീവതത്തില്‍ എന്തു മാറ്റം സംഭവിച്ചു എന്നത്. വി. തോമസ് ശ്ലീഹായുടെ ജീവിതമാതൃക അതാണ് നമ്മെ പഠിപ്പിക്കുന്നത്.

പലപ്പോഴും സംശയിക്കുന്ന അപ്പോസ്തലന്‍ എന്ന പേരു ചേര്‍ത്താണ് വി. തോമസിനെ നാം വിശേഷിപ്പിക്കുന്നത്. എന്നാല്‍, വി. തോമസിന്റെ ജീവിതം ധീരതയുടെതായിരുന്നു. യേശുവിന്റെ കൂടെ നടന്ന അനേകം ആളുകളുണ്ട്. ഇന്നും അനേകര്‍ യേശുവിന്റെ അനുയായികള്‍ എന്നു പറഞ്ഞു കൊണ്ട് യേശുവിന്റെ ഒപ്പം നടക്കുന്നുണ്ട്. എന്നാല്‍ യേശു നമുക്ക് കര്‍ത്താവും ദൈവവുമായി മാറുന്നുണ്ടോ? യേശുവിന്റെ തിരുമുറിവുകള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും വിധം നമ്മെ സ്വാധീനിക്കുന്നുണ്ടോ?

തോമസ് ശ്ലീഹാ വ്യത്യസ്ഥനാകുന്നത്, അദ്ദേഹം ആദ്യം സംശയിച്ചെങ്കിലും യേശുവിന്റെ തിരുമുറിവുകളെ നേരില്‍ കണ്ട മാത്രയില്‍ യേശുവിനെ കര്‍ത്താവും ദൈവവുമായി കണ്ട് ഏറ്റു പറഞ്ഞതു കൊണ്ടാണ്. കര്‍ത്താവും ദൈവവുമായി ഏറ്റു പറയുക മാത്രമല്ല, ആ അനുഭവത്തില്‍ നിറഞ്ഞ് അദ്ദേഹം കടലുകള്‍ കടന്ന് ഇന്ത്യ വരെ എത്തി സുവിശേഷം പ്രസംഗിച്ചു.

പലപ്പോഴും നാം നാമമാത്ര ക്രിസ്ത്യാനികളായി പോകുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. ജ്ഞാനസ്‌നാനം നമുക്ക് ലഭിച്ചിട്ടുണ്ടാകാം. നാം പള്ളിയില്‍ പോകുന്നുണ്ടാകാം. എന്നാല്‍ തോമാസ് ശ്ലീഹായെ പോലെ ജീവിതതീക്ഷ്ണത ലഭിക്കുന്നത് യേശുവിന്റെ തിരുമുറിവുകളെ കുറിച്ച് ഹൃദയത്തില്‍ ആഴമായ ബോധ്യം ലഭിക്കുമ്പോഴാണ്. യേശു എനിക്കു വേണ്ടിയാണ് മരിച്ചത് എന്ന ബോധ്യമാണത്. തനിക്കു വേണ്ടി മരിച്ച ഗുരുവിന്റെ അടയാളമാണ് തോമസ് ശ്ലീഹ കാണണമെന്ന് ആവശ്യപ്പെട്ടത്. അത് കണ്ട നിമിഷം മുതല്‍ തോമസിന്റെ എല്ലാ സംശയവും മാറി വിശ്വാസതീക്ഷണത കൊണ്ട് അദ്ദേഹം ജ്വലിക്കുന്നു. ജീവിതാവസാനം വരെ ആ വിശ്വാസം അദ്ദേഹം കാത്തു സൂക്ഷിക്കുന്നു.

യേശുവിനെ അനുഗമിക്കുക എന്നാല്‍ അവിടുത്തെ തിരുമുറിവുകളില്‍ വിശ്വസിക്കുക എന്നാണ്. അവിടുത്തെ പീഡാനുഭവങ്ങളിലും മരണത്തിലും വിശ്വസിക്കുക എന്നാണ്. എനിക്ക് വേണ്ടി മരിച്ച യേശു എന്ന വിശ്വാസമാണ് ക്രിസ്ത്യാനിയുടെ വിശ്വാസ തീക്ഷണത. ആ വിശ്വാസം നമ്മുടെ ഹൃദയങ്ങളിലുണ്ടെങ്കില്‍ നമ്മുടെ ജീവിതം മാറിമറിയും. നാം ശക്തരും ധീരരുമായി മാറും. പരിശുദ്ധാത്മാവാല്‍ നിറയും. ഈ കൃപകള്‍ക്കായി വി. തോമസ് ശ്ലീഹായോട് നമുക്ക് പ്രാര്‍ത്ഥിക്കാം!

ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളായ നമുക്ക് വലിയ കടമയുണ്ട്. നമ്മുടെ രാജ്യത്തിനു വേണ്ടിയും ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു വേണ്ടിയും നാം ഓരോ ദിവസവും പ്രാര്‍ത്ഥിക്കണം. ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമുക്ക് ശത്രുരാജ്യം എന്നൊന്നില്ല. എല്ലാ മനുഷ്യരും എല്ലാ ദേശക്കാരും ക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളാണ്. അതിനാല്‍ എല്ലാവരും സുഖമായിരിക്കണം എന്നാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. എല്ലാവരും രക്ഷിക്കപ്പെടണം എന്ന് നാം ആഗ്രഹിക്കണം. ക്രിസ്തു മരിച്ചത് എല്ലാവരുടെയും രക്ഷയ്ക്കു വേണ്ടിയാണല്ലോ. ഫ്രാന്‍സിസ് പാപ്പായോട് ചേര്‍ന്ന് ലോകസമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles