എട്ടാം സ്ഥലത്തെ നിലവിളികള്‍

ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍’ (ലൂക്കാ 23.28).

ഏത് മഹാമാരിയെ പ്രതി നിലവിളിക്കാനാണ് ഗുരു പറയുന്നത്. സര്‍വ്വനാശം വിതക്കാന്‍ പോകുന്ന യുദ്ധത്തെയും അതിന്റെ പരിണിതഫലങ്ങളെയുംകുറിച്ചുള്ള പ്രവചനമായിരുന്നു അത്. പക്ഷേ, ഒരു പ്രവചനമെന്നതിനപ്പുറം അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു, കുഞ്ഞുങ്ങളെ ഓര്‍ത്ത് കരയാനുള്ള ഓര്‍മ്മപ്പെടുത്തല്‍. കുഞ്ഞുങ്ങളെ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ അടുത്തക്കാലത്തായി നമ്മുടെ നാടിന്റെ ഏറിവരുന്ന ഏറ്റംദീനമായ നിലവിളികളൊക്കെയും കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഒരിടവും കുഞ്ഞുങ്ങള്‍ക്ക് ഇന്ന് സുരക്ഷിതമല്ലാതാവുന്നു. ഗര്‍ഭപാത്രം മുതല്‍ വീടും, വിദ്യാലയവും, ദേവാലയവും പോലും ദുഷ്ടതയുടെ ഇടങ്ങളാവുന്നു.

ജറമിയായുടെ പുസ്തകത്തില്‍ പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ റാമായില്‍ ന്നിന്നുയര്‍ന്ന റാഹേലിന്റെ വിലാപം, ശത്രുദേശത്തുനിന്നു വിമോചിതരാകേണ്ട മക്കളെയോര്‍ത്തുള്ള നിലവിളി യേശുവിന്റെ കാലത്തും ഇപ്പോഴും തുടരുന്നു.

മക്കളെയോര്‍ത്ത് കരയുന്നതു പോയിട്ട് മക്കളെ ഓര്‍ക്കുക പോലും ചെയ്യാത്ത മാതാപിതാക്കള്‍. ദുരിതപൂര്‍ണ്ണമായ ജോലിത്തിരക്കിലും, സ്വാര്‍ത്ഥപരമായ സന്തോഷങ്ങളിലും, അധാര്‍മ്മിക ജീവിതരീതിയിലും, ആഡംബരങ്ങളുടെ വെട്ടിപ്പിടുത്തങ്ങളിലും, വിശ്വസ്തതയില്ലാത്ത ദാമ്പത്യത്തിലും, സ്‌നേഹമില്ലാത്ത കുടുംബാന്തരീക്ഷത്തിലും, ദൈവചൈതന്യം കെട്ടുപോയ ഭവനങ്ങളിലും കുഞ്ഞുങ്ങള്‍ കൈവിട്ടകലുന്നു.

വഴിമാറി നടന്നതോ, ധിക്കരിച്ചിറങ്ങിപ്പോയതോ, കണ്‍മുമ്പിലുണ്ടായിരുന്നിട്ടും ഹൃദയം കൊണ്ട് ഒളിവില്‍ പോയതോ ആയ കുഞ്ഞുമക്കള്‍. തങ്ങളുടെ കുഞ്ഞ് തങ്ങളോടൊപ്പമില്ല എന്ന തിരിച്ചറിവിലേക്ക് ജോസഫിനെയും മറിയത്തെയും പോലെ ഒരു ദിവസത്തെ വഴി പിന്നിട്ടു കഴിയുമ്പോള്‍ നാം തിരിച്ചറിഞ്ഞെങ്കില്‍. പലരും ഒരുദിവസം എന്നതിനപ്പുറം ഒരു പതിറ്റാണ്ട് കഴിഞ്ഞാലും ഈ നഷ്ടം തിരിച്ചറിയില്ല എന്നതാണ് സത്യം. ഇനി തിരിച്ചറിഞ്ഞാല്‍ തന്നെ തിരക്കിയിറങ്ങാറില്ല എന്നത് മറ്റൊരു സത്യം. കാരണം പലര്‍ക്കും അതിനൊന്നും സമയമില്ല. കാണാതെ പോയ മകനെയവര്‍ തിരക്കിയത് ദേവാലയത്തിലാണ്. അവര്‍ക്കറിയാം അവനെവിടെയുണ്ടെന്ന്, കാരണം അവനെയവര്‍ അങ്ങനെയാണ് വളര്‍ത്തിയത്.

ഇന്ന് മക്കളെ ആദ്യം കാണാതാവുന്നത് ദേവാലയത്തില്‍നിന്നുമാണ് അതും മാതാപിതാക്കളുടെ അറിവോടെ. ദിവ്യബലിയുടെയും വേദോപദേശത്തിന്റെയും സമയത്ത് ട്യൂഷനും മറ്റു കാര്യങ്ങള്‍ക്കുമായി കുഞ്ഞുങ്ങളെ പറഞ്ഞയയ്ക്കുന്ന മാതാപിതാക്കള്‍, തനിക്കു ഇതിനോടു താത്പര്യമില്ല എന്നു പറയുമ്പോള്‍ അവന്റെ വാശികള്‍ക്ക് നിന്നുകൊടുക്കുന്ന മാതാപിതാക്കള്‍, എന്തു ചോദിച്ചാലും വാങ്ങിക്കൊടുക്കുന്നതാണ് സ്‌നേഹം എന്നു തെറ്റിദ്ധരിച്ച് പ്രായത്തിനും സ്വഭാവത്തിനും ചേരാത്ത ഉപകരണങ്ങളും വസ്ത്രങ്ങളും അറിവുകളും രുചികളും നല്‍കി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍. ദൈവികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമര്‍പ്പിതനെ മക്കള്‍ കേള്‍ക്കെ കുറ്റം പറഞ്ഞ് മക്കളുടെ ദൈവവിശ്വാസം ഇല്ലാതാക്കുന്ന മാതാപിതാക്കള്‍. ഞാന്‍ ഒരു കുറവും അറിയിക്കാതെയാണ് എന്റെ കുഞ്ഞിനെ വളര്‍ത്തിയത് എന്ന രീതിയാണ് ഏറ്റവും വലിയ കുറവെന്ന് തിരിച്ചറിയത്ത മാതാപിതാക്കള്‍. ദൈവമാണ് വലുതെന്നും ആത്മാവിനെയാണ് ശ്രദ്ധിക്കേണ്ടതെന്നും നേട്ടങ്ങള്‍ക്കായി എന്തു തിന്മയും ചെയ്യാമെന്നും പഠിപ്പിക്കുന്ന മാതാപിതാക്കള്‍. അത്യാവശ്യ രക്ഷക്കായി കള്ളം പറയാമെന്നും മാര്‍ക്ക് നേടാനായി കോപ്പിയടിക്കാമെന്നും മക്കളെ പഠിപ്പിക്കുന്നതിലൂടെ വലിയ കാര്യങ്ങളില്‍ അവിശ്വസ്തരായി മക്കളെ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍. എന്റെ മകന്‍ വിശുദ്ധനായിരിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കാതെ സമ്പന്നനാവണം എന്നു മാത്രം ചിന്തിച്ചു ജീവിക്കുന്ന മാതാപിതാക്കള്‍.

ഇവരെ നോക്കിയാണ് ഗുരു പറയുന്നത്: ‘നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍’ എന്ന്. യഥാര്‍ത്ഥത്തില്‍ ഇത്തരം വൃക്ഷങ്ങളായ മാതാപിതാക്കളുടെ ഫലങ്ങളായ മക്കള്‍ തന്നെയല്ലേ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളെയും നശിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ മാലാഖമാരായി കാണാനാവാതെ അപമാനിക്കുന്ന എല്ലാ ദുഷ്ടാത്മാക്കള്‍ക്കും ഇങ്ങനെ ചില കുടുംബപശ്ചാത്തലമുണ്ട്.

കുഞ്ഞുങ്ങള്‍ ശാരീരികമായി ഉപദ്രവിക്കപ്പെടുമ്പോള്‍ മാത്രമാണ് സമൂഹം പ്രതികരിച്ചു തുടങ്ങുന്നത്. നല്ലതു തന്നെ. പക്ഷേ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ അവരുടെ ശരീരത്തില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ? അതിനും എത്രയോ മുന്‍പേ അവരുടെ മനസ് ആക്രമിക്കപ്പെട്ടു കഴിഞ്ഞു. എത്രയോ മുമ്പേ അവരുടെ ആത്മാവ് കളങ്കമാക്കപ്പെട്ടു.

കരുണാമയനായ ഗുരു പറഞ്ഞതാണോ ഈ വാക്യം എന്നു സംശയിക്കത്തക്കക്രൂരമായ ഒരു വാക്യം സുവിശേഷത്തില്‍ നമുക്ക് കാനാനാവും: ‘എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകൊട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും’ (മത്തായി 18.6).
ഇത്രയ്ക്കു കാര്‍ക്കശ്യത്തോടെ മറ്റൊരിടത്തും ഗുരു സംസാരിച്ചിട്ടില്ല.വീടും വിദ്യാലയവും സൗഹൃദവലയവുമെല്ലാം ഈ ദുഷ്‌പ്രേരണയുടെ ചതിക്കുഴികളാവുന്നുണ്ട്.

കുഞ്ഞുങ്ങളെ മാനിക്കാന്‍ പോലും നമുക്കാവുന്നില്ല. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്ക് എന്താണ് കാര്യം എന്ന ചോദ്യം പോലും ഒരുതരം അപമാനമാക്കലല്ലേ. അവര്‍ക്കും പറയാനുണ്ട്, നമുക്ക് കേള്‍ക്കാന്‍ സമയമുണ്ടോ? അവരെ കേള്‍ക്കാന്‍ സമയം കണ്ടെത്താനാവുന്നില്ല എന്നതു തന്നെയാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ‘ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്’ (മത്തായി 18.12).
വാക്കുകണ്ടും പ്രവൃത്തികൊണ്ടും അവഗണനകൊണ്ടും ഒരു കുഞ്ഞും നിന്ദിക്കപ്പെടാന്‍ പാടില്ല.

‘നന്മയോടും ദൈവികതയോടും ചേര്‍ത്തുവെച്ച് നമുക്ക് കുഞ്ഞുങ്ങളെ വളര്‍ത്താം.’ ‘കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍ അവരെ തടയരുത്’ (ലൂക്ക 18.16). എന്നു ഗുരു പറയുമ്പോള്‍ നന്മയായിട്ടു ഉള്ളതിനോടെല്ലാം ചേര്‍ത്തു നിര്‍ത്തി അവരെ വളര്‍ത്തുവാന്‍ തന്നെയാണ് ഗുരു ആവശ്യപ്പെടുന്നത്.

ദൈവത്തോടു സ്‌നേഹം പ്രകടിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമാണ് യേശുനാഥന് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം. അതിനാലാണ് തന്നെ ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി നാഥന്‍ പറയുന്നത് ‘നിങ്ങളുടെ മക്കളെ ഓര്‍ത്ത് കരയുവിന്‍’ എന്ന്. റാമായിലെ നിലവിളികള്‍ നമുക്കിടയിലുണ്ട്. അത് കേള്‍ക്കാന്‍ നമുക്കാവണം. റാഹേലിനൊപ്പം നമുക്കും കരയാം.

~ ഫാ. ഫില്‍സണ്‍ ഫ്രാന്‍സിസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles