ജീവിതാന്ത്യത്തെ കുറിച്ചോര്‍ത്താല്‍ ക്ഷമിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പാ

പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുള്ള വചനം ദിവ്യബലിമദ്ധ്യേ വായിച്ചപ്പോള്‍ തന്നെ ഏറെ സ്പര്‍ശിച്ചതായി പാപ്പാ പങ്കുവച്ചു. “ജീവിതാന്തം ഓര്‍ത്ത് ശത്രുത മറക്കാം,” എന്നാണ് പ്രഭാഷകന്‍ ഉദ്ബോധിപ്പിക്കുന്നത് (പ്രഭാ.28, 7). ഒരുനാള്‍ നാം എല്ലാവരും മരിക്കും. ഈ ഭൂമിയില്‍നിന്നു കടന്നുപോകും എന്നോര്‍ക്കുമ്പോള്‍, ഈ പ്രതികാരം കൂടെകൊണ്ടുപോകുമോ എന്നു ചിന്തിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അതിനാല്‍, “ജീവിതാന്തം ഓര്‍ത്തെങ്കിലും ശത്രുത മറക്കണ”മെന്ന് പാപ്പാ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചു.
ക്ഷമിക്കുക അത്ര എളുപ്പമല്ല. കാരണം ചിലപ്പോള്‍ ഉള്ളു മന്ത്രിക്കും – ഇയാള്‍ എന്തെല്ലാം തനിക്ക് എതിരായി ചെയ്തിരിക്കുന്നു. അതുപോലെ താനും അപരന് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇങ്ങനെ പ്രതികാരമാണ് പൊതുവെ മനുഷ്യമനസ്സുകളില്‍ അധികമായി ഊര്‍ന്നിറങ്ങുന്നത്. എന്നാല്‍ ക്ഷമയാണു നല്ലതെന്ന് മനസ്സ് മന്ത്രിക്കുന്നുമുണ്ട്. എന്നിട്ടും പ്രതികാരം ഒരു വേനല്‍ പ്രാണിയെപോലെ തലയ്ക്കു മീതെ ചുറ്റും കറങ്ങിനടക്കുമെന്ന് പാപ്പാ ഉദാഹരിച്ചു. ക്ഷമ നൈമിഷികമായ പ്രവൃത്തിയല്ല. പിന്നെയും പിന്നെയും തിരികെ വരുന്ന പ്രതികാരത്തെ ചെറുക്കേണ്ട നിരന്തരമായ പ്രതിരോധമാണത്. അതിനാല്‍ വെറുപ്പില്ലാതെ ജീവിക്കാന്‍ സ്വയം പരിശ്രമിക്കണമെന്നും, ക്ഷമ സ്വായത്തമാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
കരുണയുള്ളൊരു രാജാവിന്റെ കഥയാണ് ഇന്നത്തെ സുവിശേഷഭാഗം വരച്ചുകാട്ടുന്നത് (മത്തായി 18, 21-35). “യജമാനനേ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നു വീട്ടിക്കൊള്ളാം” എന്നത് കഥയില്‍ ആവര്‍ത്തിച്ചുള്ള ശ്രദ്ധേയമായ യാചനയാണ് (26, 29). തന്റെ യജമാനനോട് ആദ്യം ഇങ്ങനെ പറഞ്ഞ ഭൃത്യന് 10,000 താലന്തിന്റെ വലിയ കടമുള്ള ആളായിരുന്നു. വലിയ തുകയാണിത്, ലക്ഷങ്ങള്‍…! എന്നാല്‍ അല്പസമയം കഴിഞ്ഞ്, ഇതേ ഭൃത്യന് തന്റെ സഹഭൃത്യനെ കഴുത്തിന് പിടിച്ച് കടം വീട്ടാന്‍ ആവശ്യപ്പെടുന്നു. അയാളുടെ കടം നിസ്സാരമായിരുന്നു. ഏകദേശം ഒരാഴ്ചത്തെ പണിക്കൂലി മാതം! എന്നിട്ടും കടം ഇളവുകിട്ടിയ ഭൃത്യന് സഹഭൃത്യനോടു ക്ഷമിച്ചില്ല. ക്ഷമിക്കണേയെന്നും, താന്‍ കടം സാവകാശം വീട്ടിക്കൊള്ളാമെന്നും പറഞ്ഞിട്ടും, അയാളെ ഭൃത്യന് തടങ്കലില്‍ അടച്ചു… ക്രൂരത കാണിച്ചു.
എന്നാല്‍, യജമാനന് കാണിച്ച അപാരമായ വിട്ടുവീഴ്ചയാണ് കഥയുടെ സാരാംശം. യജമാനന് കരുണയുള്ളവനായിരുന്നു എന്ന് സുവിശേഷകന് എടുത്തുപറയുന്നു. യേശു തന്നെയാണ് കഥയിലെ കരുണാര്‍ദ്രനായ യജമാനന്. അവിടുന്ന് തന്റെ ദാസന് കടം ഇളവുചെയ്തുകൊടുത്തു. അവനോട് കരുണ കാട്ടി (27). വലിയ കടമായിരുന്നതില് അത് വലിയ ഔദാര്യവുമായിരുന്നു. എന്നാല്‍ അത്രയേറെ കരുണ ലഭിച്ച ആ മനുഷ്യന് തന്റെ സഹഭൃത്യനോട് കരുണ കാട്ടിയില്ലെന്നു മാത്രമല്ല, അയാളോടു ക്രൂരമായി പെരുമാറുകയുംചെയ്തു. ക്ഷമ യാചിച്ചിട്ടും, അയാളെ ശിക്ഷിച്ചു. കടംവീട്ടുവോളം ജയിലില്‍ അടച്ചു. എന്നാല്‍ യജമാനന് ഈ സംഭവം കേട്ട മാത്രയില്‍ ദുഷ്ടനായ ആ ഭൃത്യനെ വിളിച്ചുവരുത്തി, ശിക്ഷിച്ചു (32-34). താന്‍ അവനോട് അധികമായി ക്ഷമിച്ചിട്ടും, എളിയവനോട് അല്പംപോലും ക്ഷമ കാട്ടിയില്ലല്ലോ എന്നയാള്‍ ആരാഞ്ഞു.
രണ്ടു വ്യത്യസ്ത മനോഭാവങ്ങളാണ് ഉപമയില്‍ ക്രിസ്തു ചിത്രീകരിക്കുന്നത്. ഒന്ന് ദൈവത്തെ പ്രതിനിധീകരിക്കുന്ന രാജാവിന്റെ ഏറെ ക്ഷമിക്കുന്ന സ്വഭാവം. രണ്ടാമത്തേത്, ക്ഷമിക്കുവാന്‍ വൈമുഖ്യം കാണിച്ച മനുഷ്യന്റെ മാനോഭാവവും. ദൈവിക സ്വഭാവത്തില്‍ കാണുന്നത് നീതിയെ അതിജീവിക്കുന്ന കാരുണ്യമാണ്. എന്നാല്‍ മാനുഷിക ഭാവം നീതിയുടെ കാര്‍ക്കശ്യമാണ് കാട്ടിയത്. ക്രിസ്തു നമ്മെ നിര്‍ബന്ധിക്കുന്നത് ക്ഷമിക്കുവാനുള്ള കരുത്തോടും ധൈര്യത്തോടുംകൂടെ ജീവിക്കുവാനാണ്. ഈ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും നീതിയോടെ പരിഹരിക്കപ്പെടാത്തതിനാല്‍ കരുണയുള്ള സ്നേഹം ജീവിതത്തില്‍ ആവശ്യമാണെന്ന് ഈശോ പഠിപ്പിക്കുന്നു. ഈ ഉപമയ്ക്കു തൊട്ടുമുന്‍പ് സുവിശേഷത്തില്‍ ക്രിസ്തു പത്രോസിന്റെ ക്ഷമയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചത് ശ്രദ്ധേയമാണ്. സഹോദരനോട് എത്രപ്രാവശ്യം ക്ഷമിക്കണം എന്ന ചോദ്യത്തിന്, ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യമെന്നാണ് ക്രിസ്തു പത്രോസിനോടു പ്രത്യുത്തരിച്ചത്. അതായത് നാം “എപ്പോഴും” ക്ഷമിക്കുവാന്‍ സന്നദ്ധനാരവണം എന്നതാണ് ക്രിസ്തു നല്കുന്ന പാഠമെന്ന് പാപ്പാ വ്യാഖ്യാനിച്ചു.
ക്ഷമയും കാരുണ്യവും ജീവിതത്തിന്റെ രീതികളായിരുന്നെങ്കില്‍ ഈ ലോകത്തിലെ എത്രയെത്ര യാതനകളും മുറിവുകളും യുദ്ധങ്ങളും ഒഴിവാക്കാമായിരുന്നു. എത്രയെത്ര കുടുംബങ്ങളിലാണ് സഹോദരങ്ങള്‍ ക്ഷമിക്കുവാനാവാതെയും, ക്ഷമിക്കുവാന്‍ അറിയാതെയും വെറുപ്പോടെ കഴിയുന്നത്. ഭാര്യ ഭര്ത്താക്കന്മാര് തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍, മക്കള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, എന്തിന് സഭയിലും സമൂഹത്തിലും, രാഷ്ട്രീയത്തിലും…, എന്തിന് എല്ലാ മനുഷ്യബന്ധങ്ങളിലും കാരുണ്യമുള്ള സ്നേഹത്തിന് ഇനിയും ഇടം നല്കേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ആഹ്വാനംചെയ്തു.
“ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ…” നാം നൂറുവട്ടം ആവര്‍ത്തിക്കുന്ന ക്രിസ്തു പഠിപ്പിച്ച ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് കാരുണാര്ദ്രനായ യജമാനന്റെ സുവിശേഷക്കഥയെന്ന് പാപ്പാ പ്രസ്താവിച്ചു (മത്തായി 6, 12). ഈ പ്രാര്‍ത്ഥന നിര്‍ണ്ണായകമായൊരു സത്യം വെളിപ്പെടുത്തുന്നുണ്ട്. അതായത് നാം സഹോദരങ്ങളോടു ക്ഷമിക്കാതെ ദൈവം നമ്മോടു ക്ഷമിക്കുയില്ല. അതിനാല്‍ അവസാന വിധിയില്‍ ദൈവം നമ്മോടു കാണിക്കേണ്ട കരുണയെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ നാം ഇന്ന് സഹോദരങ്ങളോട് ക്ഷമിക്കുകയും, വെറുപ്പ് പാടെ ഉപേക്ഷിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോദിപ്പിച്ചു. വീണ്ടും വീണ്ടും ശല്യക്കാരനായി വരുന്ന വേനല്‍ പ്രാണിയാണ് വെറുപ്പ്. ഓടിച്ചു കളയണമെന്ന് പാപ്പാ പറഞ്ഞു. നാം ക്ഷമിക്കുകയും സ്നേഹിക്കുയം ചെയ്തില്ലെങ്കില്‍ നമ്മോടും ആരും ക്ഷമ കാണിക്കുയോ, നമ്മെ സ്നേഹിക്കുയോ ചെയ്യുകയില്ലെന്ന് പാപ്പാ ഓര്‍പ്പിച്ചു.
ക്ഷമാശീലനായ ദൈവത്തോടു നാം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുവാനും, അങ്ങനെ എപ്പോഴും ദൈവവിചാരത്തില്‍ ജീവിക്കുവാനും, ഹൃദയങ്ങള്‍ എപ്പോഴും കരുണയും നന്മയുമുള്ളതുമായി സൂക്ഷിക്കുവാനും കന്യകാനാഥയുടെ മാധ്യസ്ഥം തേടാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന ചൊല്ലിയത്. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ പ്രാര്‍ത്ഥന സമാപിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.