മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ കെട്ടരുതെന്ന് ഫ്രാന്‍സിസ് പാപ്പാ

കുടിയേറ്റത്താല്‍ സംഘര്‍ഷ ഭരിതമാകുന്ന യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരിദേശ നഗരങ്ങളിലെ ജനനേതാക്കളും ഭരണകര്‍ത്താക്കളുമായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലെ ചിന്തകളാണ് താഴെ ചേര്‍ക്കുന്നത്.
അതിരുകള്‍ മതിലുകളാക്കരുതെന്നും, മറിച്ച് അഭയം തേടിയെത്തുന്നവരെ സഹായിക്കുവാനുള്ള ജാലകങ്ങളും കവാടങ്ങളുമായി അതിനെ കാണണമെന്നുമാണ് കൂടിക്കാഴ്ചയ്ക്കെത്തിയവരെ പാപ്പാ ഉദ്ബോധിപ്പിച്ചത്. കലാവസ്ഥക്കെടുതി, ദാരിദ്യം, അഭ്യന്തര കലാപങ്ങള്‍, യുദ്ധങ്ങള്‍ എന്നിവയാലാണ് സിറിയ, മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങള്‍, ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങള്‍, എന്നിവയില്‍നിന്ന് ആയിരങ്ങള്‍ നാടുംവീടും വിട്ടിറങ്ങേണ്ടിവരുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
എല്ലാറ്റിനും ഉപരി ഒരു മഹാമാരിയും ലോകത്തെ വലയ്ക്കുന്ന ഈ ഘട്ടത്തില്‍ രാജ്യങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉത്തരവാദിത്വമാണ് കാണിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പരസ്പരാശ്രതത്വത്തിന്റെ ഒരു ശൈലി വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്നും, അങ്ങനെ കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്തുന്ന ഒരു നവമാനവികത ( new humanism) ഇന്നത്തെ ആവശ്യമായി നാം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ അഭിപ്രായപ്പെട്ടു.
അതിനാല്‍ അതിര്‍ത്തി പ്രവിശ്യകളിലെ ഭരണകര്‍ത്താക്കള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം കൂടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും പ്രദേശിക ദേശീയ സഭാദ്ധ്യക്ഷന്മാരും കലവറയില്ലാതെ സമൂഹത്തെ പിന്തുണയ്ക്കേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. അതിര്‍ത്തി പ്രവിശ്യകളിലെ ജനനേതാക്കള്‍ കുടിയേറ്റക്കാരുടെ പ്രയോക്താക്കളാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പാപ്പാ അഭിപ്രായപ്പെട്ടു. അതിനാല്‍ ഒരുമയോടും സഹോദര മനോഭാവത്തോടും കുടിയേറ്റക്കാരെ സമീപിക്കുവാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണം, എന്ന ആഹ്വാനത്തോടെയാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന് തുടങ്ങി 19 യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളും പൗരസംഘടനാ പ്രതിനിധികളും പാപ്പായെ കാണുവാന്‍ വത്തിക്കാനില്‍ എത്തിയിരുന്നു. മൂന്നു വര്‍ഷക്കാലത്തേയ്ക്ക് കുടിയേറ്റക്കാരെയും അതുമായി ബന്ധപ്പെട്ട പദ്ധതികളെയും തുണയ്ക്കുവാന്‍ 38 കോടിയില്‍ അധികം രൂപയുടെ പദ്ധതിയുമായി (4.5 million Euros) യൂറോപ്യന്‍ കമ്മിഷന് തയ്യാറായതില്പ്പിന്നെയാണ്, കടല്‍മാര്‍ഗ്ഗം എത്തുന്ന കണക്കില്ലാത്ത അനധികൃത കുടിയേറ്റക്കാരുടെ സാന്നിദ്ധ്യത്താല്‍ വിവിധ തരത്തില്‍ ക്ലേശിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ സംവാദത്തിനായി പാപ്പാ ഫ്രാന്‍സിസിന്റെ പക്കല്‍ എത്തിയത്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.