ഇരുട്ടിൽ പ്രകാശമായ പാപ്പായുടെ പുതിയ ചാക്രികലേഖനം
ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഇന്നിന്റെ സാമൂഹിക ഇരുട്ടില്‍ പ്രകാശമാണെന്ന്, സലീഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറലും ഡോണ്‍ ബോസ്കോയുടെ 10-Ɔമത്തെ പിന്‍ഗാമിയുമായ ഡോണ്‍ എയ്ഞ്ചല്‍ ആര്‍ത്തിമെ പ്രസ്താവിച്ചു. സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ക്രൈസ്തവലോകം ആചരിക്കുന്ന സൃഷ്ടിയെ ശാക്തീകരിക്കുവാനുള്ള സഭകളുടെ ഒരു മാസാചരണത്തിന്റെ (Season of Creation) പശ്ചാത്തലത്തില്‍ “ഡോണ്‍ബോസ്കോയുടെ ഹരിത കൂട്ടായ്മ” (Don Bosco Green Alliance) എന്ന യുവജന പ്രസ്ഥാനത്തിനു സെപ്തംബര്‍ 13-നു നല്കിയ സന്ദേശത്തിലാണ് ഡോണ്‍ ആര്‍ത്തിമെ ഇങ്ങനെ പ്രസ്താവിച്ചത്. ഇനിയും സഭയിലും സലേഷ്യന്‍ ഭവനങ്ങളിലും പാപ്പായുടെ പ്രബോധനം കൂടുതല്‍ പ്രായോഗികമാക്കണമെന്നും, അതിന്റെ ഫലപ്രാപ്തി സമൂഹത്തില്‍ ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ആഗോളതലത്തില്‍ സലീഷ്യന്‍ സ്ഥാപനങ്ങളില്‍ വളരെക്കുറച്ചു മാത്രമേ പാപ്പായുടെ പ്രബോധനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെങ്കിലും ഡോണ്‍ ബോസ്ക്കോയുടെ “ഹരിത കൂട്ടായ്മ” ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതിയുടെ മേഖലയില്‍ ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്റെ ഈ ആഹ്വാനം ഉപയോഗപ്പെടുത്തിക്കൊണ്ടും, സൗകര്യങ്ങളും സാദ്ധ്യതകളും ഉപയോഗിച്ച് ജനങ്ങളെ ഊര്ജ്ജസ്വലരാക്കിക്കൊണ്ടും മൗലികമായ മാറ്റങ്ങള്‍ക്കുവേണ്ടി ഉത്തരവാദിത്ത്വപ്പെട്ടവര്‍ പ്രവര്‍ത്തിച്ചാല്‍ കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, പകര്‍ച്ചവ്യാധി എന്നിവയുടെ കെണിയില്‍നിന്നും നമ്മുടെ പൊതുഭവനമായ ഭൂമിയെ രക്ഷപ്പെടുത്താനാകുമെന്ന് ഡോണ്‍ ആര്‍ത്തിമെ യുവജനങ്ങളെയും തന്റെ സഭാംഗങ്ങളെയും ഉദ്ബോധിപ്പിച്ചു.
പാരിസ്ഥിതിക മാറ്റത്തോടൊപ്പം കൂടുതല്‍ നീതിയുടെയും സമത്വത്തിന്റെയും സുസ്ഥിതിയുള്ള ഭൂമികൂടി പാപ്പായുടെ പ്രബോധനം ആവശ്യപ്പെടുന്നുണ്ടെന്ന് ഡോണ്‍ ആര്‍ത്തിമെ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ നവമായി തലപൊക്കിയിട്ടുള്ള ഒരു വൈറസ്ബോധ പാരിസ്ഥിതിക നാശം വരുത്തിവച്ചതായിരിക്കെ, പിന്നെയും ലോകത്തു വളരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും അനീതിയും മാനവികതയുടെ സന്തുലിതാവസ്ഥ തെറ്റിച്ചുകഴിഞ്ഞുവെന്ന് ഡോണ്‍ ആര്‍ത്തിമെ പ്രസ്താവിച്ചു.
അതിനാല്‍ നമുക്കു ചുറ്റുമുള്ള പാവങ്ങളും വ്രണിതാക്കളുമായ സഹോദരങ്ങളെയും കണക്കിലെടുത്തും, അവരെയും കൈപിടിച്ച് ഉയര്‍ത്തുന്ന സാഹോദര്യത്തിന്റെയും നീതിയുടെയും ഒരു കാഴ്ചപ്പാടു വളര്‍ത്തേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. സമൂഹത്തിന്റെ നല്ലപൗരന്മാരും ക്രൈസ്തവരും എന്ന നിലയില്‍, സൃഷ്ടിയെ കൂടുതല്‍ ക്രിയാത്മകമാക്കുവാനുള്ള ഈ ഒരു മാസക്കാലത്ത് പാരിസ്ഥിതികമായ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിക്കൊണ്ട് സമൂഹത്തില്‍ നന്മയുടെ ഹരിതകൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകമായി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.