ദേഷ്യം വന്നു; മാര്‍പാപ്പാ പരസ്യമായി മാപ്പു പറഞ്ഞു
വത്തിക്കാന്‍ സിറ്റി: ദേഷ്യം വരിക മാനുഷികമാണ്. മാപ്പ് പറഞ്ഞ് സ്വയം എളിമപ്പെടുകയാണ് ക്രിസ്തീതയത. ഈ പാഠം ലോകത്തിന് കാണിച്ചു കൊടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പരസ്യമായി മാപ്പു പറഞ്ഞു. പാപ്പാ നടന്നു പോകുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കൈയില്‍ പെട്ടെന്ന് കയറി വലിച്ചപ്പോള്‍ പാപ്പായ്ക്ക് അത് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം ആ സ്ത്രീയുടെ കൈ തട്ടിമാറ്റുകയും ഇഷ്ടക്കേട് മുഖത്ത് പ്രകടമാകുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ തന്റെ പ്രവര്‍ത്തിക്ക് പരസ്യമായി മാപ്പ് ചോദിച്ചു കൊണ്ടാണ് പാപ്പാ തന്റെ തെറ്റു തിരുത്തിയത്. ‘പലപ്പോഴും നമുക്ക് ക്ഷമ കെട്ടു പോകാറുണ്ട്. ഇന്നലെ ഞാന്‍ നല്കിയ തെറ്റായ മാതൃകയെ പ്രതി ഞാന്‍ മാപ്പു യാചിക്കുന്നു’ പാപ്പാ ജനുവരി 1 ാം തിയതി പറഞ്ഞു.
വത്തിക്കാന്‍ നേറ്റിവിറ്റി രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ അപ്രതീക്ഷിതമായി മാര്‍പാപ്പായുടെ കൈ പിടിച്ചു വലിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ പ്രവര്‍ത്തി പാപ്പായെ അസ്വസ്ഥനാക്കുകയും അദ്ദേഹം പതുക്കെ ആ സ്ത്രീയുടെ കൈ തട്ടി മാറ്റി നടന്നു പോയി.
ക്രിസ്തീയ സ്നേഹം നമ്മെ ക്ഷമയുള്ളവരാക്കുന്നു എന്ന് തൊട്ടടുത്ത ദിവസം തന്നെ പാപ്പാ പറഞ്ഞു. ആ സന്ദര്‍ഭത്തിലാണ് തന്റെ തെറ്റിന് പാപ്പാ ക്ഷമ ചോദിച്ചത്. ‘സഹോദരങ്ങളേ, നമ്മുടെ അഹന്തയുടെ തലങ്ങളില്‍ നിന്നു നമുക്ക് താഴേക്കിറങ്ങാം’ എന്ന് പറഞ്ഞ പാപ്പാ അഹങ്കാരം എന്ന പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.