നിങ്ങളുടെ മുറിവേറ്റ ജീവിതം ദൈവത്തിലര്‍പ്പിക്കുക: ഫ്രാന്‍സിസ് പാപ്പാ

യൂറോപ്പിലെ വേനല്‍ വെയിലിന്റെ ആധിക്യത്തെയും കൊറോണവൈറസ് ബാധയുടെ ആശങ്കയെയും വെല്ലുവിളിച്ചുകൊണ്ട് “മാസ്ക്കു”ധരിച്ചും, സാമൂഹിക അകലം പാലിച്ചും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റ ചത്വരത്തില്‍ ആയിരങ്ങള്‍ എത്തിയിരുന്നു. പാപ്പാ ഫ്രാന്‍സിസിനൊപ്പം ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും, പാപ്പായെ കണ്ട് ആശീര്‍വ്വാദം സ്വീകരിക്കുകയുമാണ് അവരുടെ ലക്ഷ്യം. ഇറ്റലിക്കാര്‍ മാത്രമല്ല, വിവിധ രാജ്യക്കാരുടെ കൂട്ടങ്ങളും തങ്ങളുടെ ദേശീയ പതാകകളുമേന്തി നില്‍ക്കുന്നത് കാണാമായിരുന്നു. പ്രാദേശിക സമയം മദ്ധ്യാഹ്നം കൃത്യം 12 മണി. ഇതാ, പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ ജാലകത്തില്‍ ആഗതനായി. മന്ദസ്മിതത്തോടെ, എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.
കാനാന്‍കാരി സ്ത്രീയുടെ വിശ്വാസം
കാനാന്‍കാരിയുടെ വിശ്വാസത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം (മത്തായി 15, 22-33). തന്റെ മകളുടെ രോഗം, ബാധ ഇല്ലാതാക്കണമെന്നായിരുന്നു സ്ത്രീയുടെ അപേക്ഷ. ഗലീലിയയ്ക്കും അപ്പുറം ടയര്‍, സീദോണ്‍ വിജാതീയ പ്രദേശമാണ് സംഭവത്തിനു പശ്ചാത്തലം. നീണ്ടകാല ജീവിതവ്യഥയില്നിന്നും ഉടലെടുത്ത ഒരു അമ്മയുടെ നിസ്സഹായതയുടെ കരച്ചിലാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. “കര്‍ത്താവേ, കനിവുണ്ടായി എന്റെ മകളെ സുഖപ്പെടുത്തണമേ!” ആദ്യം, ഈശോ അതു കേട്ടഭാവം നടിച്ചില്ല. അപ്പോള്‍ അവള് പൂര്‍വ്വോപരി ഉറക്കെ നിലവിളിച്ചപേക്ഷിച്ചു. ഇതുകേട്ട് ഈശോ ഉണര്‍ത്തിച്ചത്, തന്റെ ദൗത്യം ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകള്ക്കുള്ളതാണെന്നും, മക്കളുടെ അപ്പമെടുത്തു നായ്ക്കള്‍ക്കു കൊടുക്കുന്നതു ശരിയല്ലെന്നുമായിരുന്നു.
സ്ത്രീയുടെ പ്രതികരണം
സ്ത്രീയുടെ പ്രതികരണം വിശ്വാസപൂര്‍ണ്ണവും യുക്തിസഹവും ആയിരുന്നെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. കാരണം പരമോന്നതനായ ദൈവത്തെയാണ് യേശുവില്‍ അവള് കണ്ടത്. “അതേ കര്‍ത്താവേ, യജമാനന്റെ മേശയില്‍നിന്നും വീഴുന്ന അപ്പക്കഷണം ഭക്ഷിച്ചു നായ്ക്കളും ജീവിക്കുന്നുണ്ടല്ലോ…?! എന്നായിരുന്നു അവളുടെ മറുപടി. അവളുടെ യുക്തിയും വിശ്വാസവും കണ്ട് യേശവിന്റെ മനസ്സലിഞ്ഞു. സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിച്ചതുപോലെ എല്ലാം സംഭവിക്കട്ടെ!, എന്നു പറഞ്ഞ് യേശു അവളെ ആശീര്‍വ്വദിച്ചു (28). തുടര്‍ന്നുള്ള സംഭവത്തില്‍ ഏതു തരം വിശ്വാസമാണ് ശ്രേഷ്ഠമെന്നാണ് ക്രിസ്തു വിവേചിക്കുന്നതെന്നും പഠിപ്പിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. നമ്മുടെ മുറിപ്പെട്ട ഭൂതകാലത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥമായ വിശ്വാസം. അതിനെ സൗഖ്യപ്പെടുത്തി, അര്‍ത്ഥസമ്പുഷ്ടമാക്കി ദൈവത്തില്‍ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നതുമാണ് ആഴമായ വിശ്വാസമെന്ന് പാപ്പാ വ്യാഖ്യാനിച്ചു.
യേശുവിനെ ജീവിതത്തിന്റെ ഭാഗമാക്കാം
യേശുവിന്റെ മുഖം നമ്മുടെ മനസ്സില്‍ ഉണ്ടെങ്കിലേ അനുദിനജീവിതത്തില്‍ നമ്മുടെ ജീവിതകഥകള്‍ അവിടുത്തേയ്ക്കു സമര്പ്പിക്കുവാനാകൂ. നാം ആയിരിക്കുന്ന അവസ്ഥയില്‍ യാതൊരു വച്ചുകെട്ടുമില്ലാതെയാണ് യേശു നമ്മെ സ്നേഹിക്കുന്നതും, നമ്മുടെ ജീവിതക്ലേശങ്ങളും പാപഭാരവും വഹിക്കുവാനുള്ള സ്നേഹവും കാരുണ്യവും അവിടുന്നു നമ്മോടു കാണിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സുവിശേഷത്തില്‍ യേശുവിനെ കണ്ടെത്താം
ക്രിസ്തു എന്നും നമ്മുടെകൂടെയായിരിക്കുവാനുള്ള മാര്‍ഗ്ഗം പാപ്പാ എല്ലാവരുമായി പങ്കുവച്ചു. സുവിശേഷത്തിലാണ് ക്രിസ്തുവിന്റെ വ്യക്തിത്വം ഏറ്റവും പൂര്‍ണ്ണമായി നമുക്കു വെളിപ്പെട്ടു കിട്ടുന്നത്. അതിനാല്‍ നമ്മുടെ പോക്കറ്റില്‍, ബാഗില്‍ അല്ലെങ്കില്‍ ഫോണില്‍ സുവിശേഷത്തിന്റെ പ്രതി എപ്പോഴും കൂടെക്കൊണ്ടു നടക്കുകയും, സാധിക്കുമ്പോഴൊക്കെ ഒരു ചെറിയഭാഗം, അല്ലെങ്കില്‍ സംഭവം വായിക്കുകയും ചെയ്യുന്നത് നല്ലതാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ളത് പാപ്പാ ആവര്‍ത്തിച്ചു. അവിടെ നമ്മെ സ്നേഹിക്കുന്ന, നമ്മെ അതിയായി സ്നേഹിക്കുന്ന യേശുവിനെ നാം കണ്ടെത്തും. അവിടുന്ന് നമ്മുടെ നന്മ എപ്പോഴും ആഗ്രഹിക്കുന്നെന്ന് നമുക്കു സുവിശേഷത്തില്‍നിന്നു മനസ്സിലാക്കാമെന്നും പാപ്പാ പ്രസ്താവിച്ചു.
ഉപസംഹാരം
പരിശുദ്ധ കന്യകാനാഥയോടുള്ള പ്രാര്‍ത്ഥനയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്. വിശ്വാസത്തിന്റെ ആനന്ദത്തില്‍ ജീവിക്കുവാനും, ആ ആനന്ദം അനുദിനജീവിതത്തില്‍ ഒരു സാക്ഷ്യമായി പ്രസരിപ്പിക്കുവാനും, പങ്കുവയ്ക്കുവാനും ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും പരിശുദ്ധകന്യാനാഥ തുണ്യ്ക്കട്ടെ! അതുപോലെ യേശുവിന്റെ ചാരത്ത് അണയുവാനും തന്റെ മകളെ സൗഖ്യപ്പെടുത്തണമേയെന്ന് യാചിക്കുകയുംചെയ്ത കാനാന്‍കാരി സ്ത്രീയെപ്പോലെ എളിമയോടും വിശ്വാസത്തോടും, മുട്ടിപ്പായും പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.