അന്ധന്, അന്ധനെ നയിക്കാനാകില്ല! – ഫ്രാൻസീസ് പാപ്പാ
അപരൻറെ കുറവുകളെ പർവതീകരിക്കുന്ന പ്രവണത
സർവ്വോപരി, നമ്മുടെ നോട്ടത്തെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരൻറെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അപകടസാദ്ധ്യത നമുക്കുണ്ട് എന്ന് കർത്താവ് പറയുന്നു (ലൂക്കാ 6:41). മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ കുറവുകളെ നിസ്സാരമായിക്കണ്ടുകൊണ്ട് നാം അവയെ സ്വച്ഛമായി അവഗണിക്കുകയും മറ്റുള്ളവരുടെ പോരായ്മകളിൽ വളരെ ശ്രദ്ധാലുക്കളായിരിക്കുകയും ചെയ്യുന്നു. യേശു പറയുന്നത് സത്യമാണ്: മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വയം ന്യായീകരിക്കാനും നാം എപ്പോഴും കാരണങ്ങൾ കണ്ടെത്തുന്നു. ആദ്യംതന്നെ നാം ആത്മശോധന ചെയ്യാതെയും, സർവ്വോപരി, നമ്മിൽ ഒരു മാറ്റം വരുത്താൻ പരിശ്രമിക്കാതെയും നാം പലപ്പോഴും ചെയ്യുന്നത് സമൂഹത്തിലും സഭയിലും ലോകത്തിലും ശരിയായ രീതിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയാണ്. ഫലവത്തായ, ക്രിയാത്മകമായ എല്ലാ മാറ്റങ്ങളും നമ്മിൽ നിന്ന് ആരംഭിക്കണം. അങ്ങനെയല്ലെങ്കിൽ, ഒരു മാറ്റവും ഉണ്ടാകില്ല. യേശു വിശദീകരിക്കുന്നു – അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ നോട്ടം അന്ധമാണ്. നമ്മൾ അന്ധരാണെങ്കിൽ മറ്റുള്ളവർക്ക് വഴികാട്ടിയും ഗുരുക്കന്മാരും ആയിരിക്കാൻ നമുക്കു സാധിക്കില്ല: തീർച്ചയായും, ഒരു അന്ധന്, മറ്റൊരു അന്ധനെ നയിക്കാൻ കഴിയില്ലല്ലോ (വാക്യം 39).
കാഴ്ചയെ ശുദ്ധീകരിക്കുക
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ കാഴ്ചയെ വീണ്ടും തെളിച്ചമുള്ളതാക്കാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നു. നാം ആദ്യം ചെയ്യേണ്ട കാര്യമായി അവിടന്ന് ആവശ്യപ്പെടുന്നത് നമ്മുടെ ദുരവസ്ഥകൾ തിരിച്ചറിയാൻ നാം നമ്മുടെ ഉള്ളിലേക്കു നോക്കാനാണ്. കാരണം, നമ്മുടെ കുറവുകൾ കാണാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരുടെ കുറവുകൾ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത നമുക്കുണ്ടാകും. നേരെമറിച്ച്, നമ്മുടെ തെറ്റുകളും ദുരവസ്ഥകളും നാം തിരിച്ചറിയുകയാണെങ്കിൽ, കരുണയുടെ വാതിൽ നമുക്കായി തുറക്കപ്പെടും. നാം നമ്മുടെ ഉള്ളിലേക്ക് നോക്കിയ ശേഷം, താൻ ചെയ്യുന്നതുപോലെ, മറ്റുള്ളവരെ നോക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. ഇതാണ് രഹസ്യം: അവിടന്നു നോക്കുന്നതുപോലെ മറ്റുള്ളവരെ നോക്കുക. ആ നോട്ടം, സർവ്വോപരി, തിന്മയല്ല, മറിച്ച്, നന്മയാണ് കാണുക. ദൈവം നമ്മെ നോക്കുന്നത് ഇങ്ങനെയാണ്: തിരുത്താനാവാത്ത തെറ്റുകൾ അവിടന്ന് നമ്മിൽ കാണുന്നില്ല, മറിച്ച് തെറ്റുപറ്റുന്ന മക്കളെയാണ്. വീക്ഷണരീതി മാറ്റുക: തെറ്റുകളിലല്ല, തെറ്റുപറ്റുന്ന മക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവം എപ്പോഴും ഒരു വ്യക്തിയെ അവൻറെ തെറ്റുകളിൽ നിന്ന് വേർതിരിക്കുന്നു. വ്യക്തിയെ എന്നും രക്ഷിക്കുന്നു. അവിടന്ന് എപ്പോഴും വ്യക്തിയിൽ വിശ്വസിക്കുന്നു, തെറ്റുകൾ ക്ഷമിക്കാൻ എപ്പോഴും തയ്യാറാണ് അവിടന്ന്. ദൈവം സദാ പൊറുക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ ചെയ്യാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു: അതായത്, മറ്റുള്ളവരിൽ തിന്മയല്ല, നന്മ തേടാൻ.
സംസാര ശൈലി
നോട്ടത്തിനു ശേഷം, ഇന്ന് യേശു നമ്മെ ക്ഷണിക്കുന്നത് നമ്മുടെ സംസാരത്തെക്കുറിച്ച് ചിന്തിക്കാനാണ്. “ഹൃദയത്തിൻറെ നിറവിൽ നിന്നുള്ളതാണ്” (വാക്യം 45) അധരം ആവിഷ്ക്കരിക്കുന്നതതെന്ന് കർത്താവ് വിശദീകരിക്കുന്നു. അത് ശരിയാണ്. ഒരാളുടെ ഹൃദയത്തിൽ എന്താണെന്ന് അവൻറെ സംസാര രീതിയിൽ നിന്ന് നിനക്കു പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ നമ്മൾ ആരാണെന്ന് പറയുന്നു. എന്നിരുന്നാലും, ചിലപ്പോൾ, നാം നമ്മുടെ വാക്കുകളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും അവ ഉപരിപ്ലവമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ വാക്കുകൾക്ക് കനമുണ്ട്: ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനും നമുക്കുള്ള ഭയങ്ങൾക്കും നാം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കും ശബ്ദം നൽകാനും ദൈവത്തെയും മറ്റുള്ളവരെയും വാഴ്ത്താനും അവ നമ്മെ അനുവദിക്കുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ, ഭാഷ ഉപയോഗിച്ച് നമുക്ക് മുൻവിധികൾ വളർത്താനും തടസ്സങ്ങൾ ഉയർത്താനും നമ്മുടെ സഹോദരങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും; നക്കുകൊണ്ട് നമുക്ക് സഹോദരങ്ങളെ നശിപ്പിക്കാനാകും: പരദൂഷണം വേദനാജനകമാണ്, അപവാദം കത്തിയെക്കാൾ മൂർച്ചയേറിയതാണ്! ഇക്കാലത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ ലോകത്ത്, വാക്കുകൾ അതിവേഗം പായുന്നു; എന്നാൽ അനേകം വാക്കുകൾ കോപവും ആക്രമണവും സംവഹിക്കുകയും തെറ്റായ വാർത്തകൾ പോഷിപ്പിക്കുകയും വികലമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ പൊതുജനത്തിൻറെ ഭയത്തെ മുതലെടുക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും സമാധാനത്തിനുള്ള നൊബേൽ പുരസകാരജേതാവുമായ ഒരു നയതന്ത്രജ്ഞൻ പറഞ്ഞു, “വാക്ക് ദുരുപയോഗം ചെയ്യുന്നത് മനുഷ്യനെ നിന്ദിക്കലിനു തല്യമാണ്” (D. HAMMARSKJÖLD, Traces of the travel, Magnano BI 1992, 131).
നമ്മുടെ പദപ്രയോഗങ്ങളുടെ ലക്ഷ്യമെന്ത്?
അപ്പോൾ, എപ്രകാരമുള്ള പദങ്ങളാണ് നാം ഉപയോഗിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം: ശ്രദ്ധ, ബഹുമാനം, ധാരണ, സാമീപ്യം, അനുകമ്പ എന്നിവ പ്രകടിപ്പിക്കുന്ന വാക്കുകളോ അതോ മറ്റുള്ളവരുടെ മുന്നിൽ നമ്മെ നല്ലവരായി അവതരിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയ വാക്കുകളോ? എന്നിട്ട്, നമ്മൾ സൗമ്യമായി സംസാരിക്കുകയാണോ അതോ വിഷം വിതറി, അതായത്, വിമർശിക്കുകയും, പരാതിപറയുകയും, വ്യാപകമായ ആക്രമണം പോഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ലോകത്തെ മലിനമാക്കുകയാണോ?
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
നമ്മുടെ നോട്ടത്തെയും സംസാരത്തെയും ശുദ്ധീകരിക്കാൻ നമ്മെ സഹായിക്കുന്നതിന്, നമുക്ക്, മാതാവിനോട്, ദൈവം ആരുടെ എളിമയെ തൃക്കൺപാർത്തുവോ, ആ മറിയത്തോട്, നിശബ്ദതയുടെ കന്യകയോട് പ്രാർത്ഥിക്കാം.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.