ഇന്ത്യയില്‍ നിന്നുള്ള സ്ഥാനപതിയെ മാര്‍പാപ്പാ വരവേറ്റു
പരിശുദ്ധസിംഹാസനത്തിനു വേണ്ടി വിവിധ നാടുകൾ നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ നയതന്ത്ര പ്രവർത്തനങ്ങൾ സമാഗമ സംസ്കൃതിയെ പരിപോഷിപ്പിക്കുമെന്ന് മാർപ്പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഇന്ത്യ, ജോർദാൻ, കസാക്ക്സ്ഥാൻ, സാംബിയ, മൗറിറ്റാനിയ, ഉസ്ബെക്കിസ്ഥാൻ, മഡഗാസ്കർ, എസ്റ്റോണിയ, റുവാണ്ട, ഡെൻമാർക്ക് എന്നീ നാടുകൾ പരിശുദ്ധസിംഹാനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങൾ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വത്തിക്കാനുവേണ്ടിയുള്ള ഈ സ്ഥാനപതികളുടെയെല്ലാം ഔദ്യോഗിക വസതി പുറം രാജ്യങ്ങളിലാണ്.
അന്താരാഷ്ട്രസമൂഹം മുന്നോട്ടു വയ്ക്കുന്ന ഉന്നതാദർശങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്നതിന് പലപ്പോഴും വിലങ്ങുതടിയായ വിത്യാസങ്ങളെയും ഭിന്നതകളെയും മറികടക്കുന്നതിന് സമാഗമ സംസ്കൃതി ആവശ്യമാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ഉപരി സാഹോദര്യവും ഐക്യവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
കോവിദ് 19 മഹാമാരി ഉയർത്തുന്ന വലിയ വെല്ലുവിളികളുടെ അവസരത്തിലാണ് പുതിയ സ്ഥാനപതികൾ തങ്ങളുടെ ദൗത്യം ആരംഭിക്കുന്നതെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.
നാമെല്ലാവരും ഒരേ വള്ളത്തിലാണെന്നും ദുർബ്ബലരും ദിശാബോധം നഷ്ടപ്പെട്ടവരുമാണെന്നുമുള്ള അവബോധം ഈ പ്രതിസന്ധികൾ നമ്മിലുണർത്തിയെന്നും പാപ്പാ പറഞ്ഞു.
നമ്മുടെ ഗ്രഹത്തിനു നേർക്കുയരുന്ന ഭീഷണികളെയും യുവതലമുറകളുടെ ഭാവി പണയപ്പെടുത്തുന്നതിനെയും നേരിടുന്നതിനു നമ്മെ ഒന്നിപ്പിക്കാൻ കഴിയുന്ന ആത്മാർത്ഥവും ആദരവോടുകൂടിയതുമായ സംഭാഷണവും സഹകരണവും, കൂടുതൽ കൂടുതൽ ആഗോളവത്കൃതമാകുന്ന, ലോകം എന്നത്തേക്കാളുപരി ഇന്ന് അടിയന്തരമായി ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.