മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും

ന്യൂഡൽഹി: ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ യുഎഇ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് അബുദാബിയിൽ ഉജ്വല വരവേല്പു നൽകും. കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാന്റെ നേതൃത്വത്തിൽ ഉന്നതസംഘം മാർപാപ്പയെ സ്വീകരിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഗൾഫ് നട്ടിലെത്തുന്നത്.
കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനും ലോക സമാധാനത്തിന്റെ നായകനുമായ ഫ്രാൻസിസ് മാർപാപ്പ ഗൾഫ് ലോകത്തെ പ്രബലമായ യുഎഇയിൽ നടത്തുന്ന ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവും ആണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു. വിവിധ മതവിശ്വാസികളും അല്ലാത്തവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു മാർപാപ്പയുടെ സന്ദർശനത്തിലൂടെ തെളിയിക്കുന്നതെന്ന് വത്തിക്കാൻ വ്യക്തമാക്കി.
ഫെബ്രുവരി നാലിന് വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ, അവിടെ മുസ്ലിം കൗണ്സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.
അഞ്ചാം തീയതി രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഒന്നേകാൽ ലക്ഷം വിശ്വാസികൾക്കു മാത്രമേ ദിവ്യബലിയിൽ നേരിട്ട് പങ്കെടുക്കാനാകുകയുള്ളൂവെന്ന് യുഎഇ, ഒമാൻ, യെമൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. പോൾ ഹിൻഡർ ഒഎഫ്എം പറഞ്ഞു. സമൂഹ ദിവ്യബലിക്കു മുന്പായി അബുദാബി കത്തീഡ്രൽ പള്ളിയും മാർപാപ്പ സന്ദർശിക്കും.