ദൈവനാമത്തിലുള്ള അക്രമങ്ങൾക്കു ന്യായീകരണമില്ലെന്ന് ഫ്രാൻസിസ് പാപ്പ
ദൈവത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണം. പാവങ്ങളെ സഹായിക്കുന്നതിലൂടെ ആകണം ദൈവത്തിന്റെ സ്വരം കേൾക്കേണ്ടതെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തിൽ മാർപാപ്പ പറഞ്ഞു.
ചരിത്രം കുറിച്ച യുഎഇ സന്ദർശനത്തിനിടെ, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും എല്ലാ ജനങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനും സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന മാനവികതാ രേഖയിൽ ഫ്രാൻസിസ് മാർപാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയേബും ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ ഇന്നലെ വൈകുന്നേരം നടന്ന മതാന്തര, മാനവികതാ സമ്മേളനത്തിലാണു ഇരു മതനേതാക്കളും സംയുക്തരേഖയിൽ ഒപ്പുവച്ചത്.
അബുദാബി കിരീടാവകാശിയും യുഎഇയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ എഴുന്നുറോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മുംബൈ വസായി രൂപത ആർച്ച്ബിഷപ് ഡോ. ഫെലിക്സ് മച്ചാഡോ എന്നിവരും മതാന്തര, മാനവികതാ സമ്മേളനത്തിൽ സംബന്ധിച്ചു. ഭാവിതലമുറയ്ക്ക് മാർഗനിർദേശമാകുന്ന മാനവികതാ രേഖ വളരെ നല്ലതും സത്യസന്ധവുമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വത്തിക്കാനും യുഎഇയും വിശേഷിപ്പിച്ചു.