വിശുദ്ധ യൗസേപ്പിതാവ്: സഭയുടെ സ്വർഗ്ഗീയസംരക്ഷകൻ !

യേശുവിൻറെയും മറിയത്തിൻറെയും സംരക്ഷകൻ

നായകനായി മാറുന്ന യൗസേപ്പ്, അവൻ കുഞ്ഞിനെയും കുഞ്ഞിൻറെ അമ്മയെയും കൂട്ടിക്കൊണ്ടുപോകുകയും ദൈവം അവനോട് കൽപ്പിച്ചത് ചെയ്യുകയും ചെയ്യുന്നുവെന്ന് സുവിശേഷം കുറിക്കുന്നു (മത്തായി 1:24; 2,14.21). അങ്ങനെ യേശുവിനെയും മറിയത്തെയും സംരക്ഷിക്കുക എന്ന ദൗത്യം ജോസഫിനുണ്ട് എന്ന വസ്തുത തെളിഞ്ഞു നിൽക്കുന്നു. അവനാണ് അവരുടെ പ്രധാന കാവലാൾ: “തീർച്ചയായും, യേശുവും അവൻറെ അമ്മ മറിയവുമാണ് നമ്മുടെ വിശ്വാസത്തിൻറെ ഏറ്റവും വിലയേറിയ നിധി” (അപ്പൊസ്തോലിക ലേഖനം പാത്രിസ് കോർദെ, 5). ഈ നിധി വിശുദ്ധ യൗസേപ്പ് കാത്തുസൂക്ഷിച്ചു.

യേശുവും മറിയവും രക്ഷാകര പദ്ധതിയിൽ

പരിത്രാണ പദ്ധതിയിൽ, പുത്രനെ, രണ്ടാം വത്തിക്കാൻ സൂനഹദോസ് നമ്മെ ഓർമ്മിപ്പിക്കുന്നതു പോലെ, “വിശ്വാസതീർത്ഥാടനത്തിൽ മുന്നേറുകയും കുരിശു വരെ പുത്രനുമായുള്ള ഐക്യം വിശ്വസ്തതയോടെ നിലനിർത്തുകയും ചെയ്ത” (ലൂമെൻ ജെൻസിയും 58) അമ്മയിൽ നിന്ന് വേറിട്ടു നിറുത്താനാകില്ല.

ക്രിസ്തുഗാത്രമായ സഭയുടെ കാവലാൾ

യേശുവും മറിയവും യൗസേപ്പും, ഒരർത്ഥത്തിൽ, സഭയുടെ ആദിമ കേന്ദ്രമാണ്. കൂടാതെ, “നമ്മുടെ ഉത്തരവാദിത്വത്തിനും പരിപാലനത്തിനും നമ്മുടെ സംരക്ഷണയ്ക്കും നിഗൂഢമായി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന യേശുവിനെയും മറിയത്തെയും നമ്മുടെ സർവ്വ ശക്തിയോടെയും സംരക്ഷിക്കുന്നുണ്ടോ എന്ന് നമ്മളും സദാ സ്വയം ചോദിക്കണം” (പാത്രിസ് കോർദം, 5). അത്യുന്നതൻറെ പുത്രൻ ലോകത്തിലേക്ക് വന്നത് വലിയ ബലഹീനാവസ്ഥയിലാണ്. തനിക്ക് പ്രതിരോധം തീർക്കപ്പെടുകയും താൻ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു. തന്നെയും കുഞ്ഞിനെയും എപ്പോഴും പരിപാലിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭർത്താവിനെ യൗസേപ്പിൽ കണ്ടെത്തിയ മറിയത്തെപ്പോലെ, ദൈവം, യൗസേപ്പിനെ വിശ്വസിച്ചു. ഈ അർത്ഥത്തിൽ, “വിശുദ്ധ  യൗസേപ്പിന് സഭയുടെ കാവലാളാകാതിരിക്കാനാകില്ല, കാരണം സഭ ചരിത്രത്തിൽ ക്രിസ്തുഗാത്രത്തിൻറെ തുടർച്ചയാണ്, അതോടൊപ്പംതന്നെ, സഭയുടെ മാതൃത്വത്തിൽ മറിയത്തിൻറെ മാതൃത്വം തെളിഞ്ഞുനില്ക്കുന്നു. യൗസേപ്പ്, സഭയെ സംരക്ഷിച്ചുകൊണ്ട്, ഉണ്ണിയേശുവിനെയും അവൻറെ അമ്മയെയും പരിപാലിക്കുന്നത് തുടരുന്നു, നമ്മളും സഭയെ സ്നേഹിക്കുന്നതിലൂടെ പൈതലിനെയും അവൻറെ അമ്മയെയും സ്നേഹിക്കുന്നത് തുടരുകയാണ്”.

എളിയവർക്ക് പരിചരണമേകുക 

ഈ കുഞ്ഞ് പറയും: “എൻറെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്” (മത്തായി 25,40). ആകയാൽ, വിശപ്പും ദാഹവുമുള്ള ഓരോ വ്യക്തിയും, ഓരോ വിദേശിയും, വസ്ത്രമില്ലാത്ത ഓരോ വ്യക്തിയും, ഓരോ രോഗിയും, ഓരോ തടവുകാരനും യൗസേപ്പ് സംരക്ഷണമേകുന്ന “പൈതൽ” ആണ്. അതുകൊണ്ടാണ്, എല്ലാ ദരിദ്രരുടെയും പ്രവാസികളുടെയും ദുരിതബാധിതരുടെയും,  മരണാസന്നരുടെയും, സംരക്ഷകനായി യൗസേപ്പിനെ വിളിച്ചപേക്ഷിക്കുന്നത്. മരണാസന്നരെക്കുറിച്ച് കഴിഞ്ഞ ബുധനാഴ്ച നാം പരാമർശിക്കുകയുണ്ടായി.  ഈ യാഥാർത്ഥ്യങ്ങളെയെല്ലാം “സംരക്ഷിക്കാൻ” നമ്മളും ജോസഫിൽ നിന്ന് പഠിക്കണം: അതായത്, കുഞ്ഞിനെയും അവൻറെ അമ്മയെയും സ്നേഹിക്കുക; കൂദാശകളെയും ദൈവജനത്തെയും സ്നേഹിക്കുക; പാവങ്ങളെയും നമ്മുടെ ഇടവകയെയും സ്നേഹിക്കുക. ഈ യാഥാർത്ഥ്യങ്ങളിൽ ഓരോന്നും എപ്പോഴും കുഞ്ഞും അവൻറെ അമ്മയുമാണ് (പാത്രിസ് കോർദെ 5).

നാം സഭയെ സ്നേഹിക്കുന്നുണ്ടോ?

സഭയെ വിമർശിക്കുകയും, അതിൻറെ പൊരുത്തക്കേടുകളും, അത് ധാരാളമുണ്ടുതാനും, പാപങ്ങളും, അടിവരയിട്ടുകാട്ടുകയും ചെയ്യുന്നത് ഇന്ന്, എല്ലാദിവസവും, പതിവായിരിക്കുന്നു. യഥാർത്ഥത്തിൽ, അവ നമ്മുടെ പൊരുത്തക്കേടുകൾ, നമ്മുടെ പാപങ്ങൾ ആണ്, കാരണം സഭ എല്ലായ്പ്പോഴും ദൈവത്തിൻറ കാരുണ്യം കണ്ടെത്തുന്ന പാപികളായ ഒരു ജനതയാണ്. നാം ഹൃദയംഗമമായി, സഭയെ അതായിരിക്കുന്ന രീതിയിൽ സ്നേഹിക്കുന്നുണ്ടോ എന്ന് നമുക്ക് സ്വയം ചോദിക്കാം. വാസ്‌തവത്തിൽ, സ്‌നേഹം മാത്രമേ നമ്മെ, ഭാഗികമായിട്ടല്ല, പൂർണ്ണമായി സത്യം പറയാൻ പ്രാപ്‌തരാക്കുകയുള്ളു; തെറ്റ് എന്താണെന്ന് പറയുക മാത്രമല്ല, യേശുവിലും മറിയത്തിലും നിന്നു തുടങ്ങി, സഭയിലുള്ള സകല നന്മയും വിശുദ്ധിയും തിരിച്ചറിയാനും നമ്മെ കഴിവുറ്റവരാക്കുന്നു. സഭയെ സ്നേഹിക്കുക, സഭയെ കാത്തുസൂക്ഷിക്കുക, സഭയോടൊപ്പം ചരിക്കുക. ഇതൊരു നല്ല ചോദ്യമാണ്, അതായത്, എനിക്ക് ആരെങ്കിലുമായി പ്രശ്നമുണ്ടെങ്കിൽ ഞാൻ അയാളെ സംരക്ഷിക്കുമോ അതോ ഉടനെ അയാളെ അപലപിക്കുകയും അയാളെക്കുറിച്ച് അപവാദം പറയുകയും അയാളെ നശിപ്പിക്കുകയും ചെയ്യുമോ?

യൗസേപ്പിതാവിൻറെ മാദ്ധ്യസ്ഥ്യം തേടുക

പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങളുടെയും നിങ്ങളുടെ സമൂഹങ്ങളുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം യാചിക്കാൻ ഞാൻ നിങ്ങൾക്ക് പ്രചോദനം പകരുകയാണ്. നമ്മുടെ തെറ്റുകൾ ഇടർച്ചയ്ക്ക് കാരണമാകുന്നിടത്ത്, സത്യം പറയാനും ക്ഷമ ചോദിക്കാനും താഴ്മയോടെ പുനരാരംഭിക്കാനുമുള്ള ധൈര്യം ലഭിക്കുന്നതിനായി നമുക്ക്  വിശുദ്ധ യൗസേപ്പിനോട് പ്രാർത്ഥിക്കാം. സുവിശേഷപ്രഘോഷണത്തിന് പീഢനം പ്രതിബന്ധമാകുന്നിടത്ത് നമുക്ക്, സുവിശേഷത്തോടുള്ള സ്നേഹത്തെപ്രതി അധിക്ഷേപങ്ങളും കഷ്ടപ്പാടുകളും സഹിക്കുന്നതിനുള്ള ശക്തിയും ക്ഷമയും വിശുദ്ധ യൗസേപ്പിനോട് യാചിക്കാം. ഭൗതികവും മാനുഷികവുമായ ഉപാധികളുടെ ദൗർലഭ്യതയും ദാരിദ്രവും ഉള്ളിടത്ത്, പ്രത്യേകിച്ച്, ഏറ്റവും എളിയവരും പ്രതിരോധിക്കാൻ കഴിയാത്തവരും അനാഥരും രോഗികളും സമൂഹത്തിൽ പരിത്യക്തരുമായവരെ സേവിക്കാൻ വിളിക്കപ്പെടുമ്പോൾ, നമുക്ക് നമ്മുടെ പരിപാലകനാകാൻ വിശുദ്ധ യൗസേപ്പിനോട് അപേക്ഷിക്കാം. എത്രയോ വിശുദ്ധന്മാർ അവൻറെ മാദ്ധ്യസ്ഥ്യം തേടി! സഭയുടെ ചരിത്രത്തിൽ എത്രയോ പേർ അവനിൽ ഒരു സ്വർഗ്ഗീയ സംരക്ഷകനെ, ഒരു കാവൽക്കാരനെ, ഒരു പിതാവിനെ കണ്ടെത്തിയിരിക്കുന്നു!

നമുക്ക് അവരുടെ മാതൃക അനുകരിക്കുക്കാം. ആകയാൽ ഇന്നു നമുക്ക്, “പാത്രിസ് കോർദെ” എന്ന ലേഖനത്തിൻറെ സമാപനത്തിൽ ഞാൻ കുറിച്ച പ്രാർത്ഥന, നമ്മുടെ എല്ലാ നിയോഗങ്ങളും, വിശിഷ്യ, ക്ലേശിക്കുന്ന, പരീക്ഷിക്കപ്പെടുന്ന സഭയെ, വിശുദ്ധ യൗസേപ്പിന് ഭരമേല്പിച്ചുകൊണ്ട് ചൊല്ലാം. ഇപ്പോൾ, നിങ്ങളുടെ കൈകളിൽ വിവിധ ഭാഷകളിൽ, നാലു ഭാഷകളിലാണെന്നു തോന്നുന്നു, ഈ പ്രാർത്ഥനയുണ്ടല്ലൊ.  അത് വലിയ സ്ക്രീനിലും കാണാമെന്നു കരുതുന്നു, അങ്ങനെ എല്ലാവർക്കും ഒരുമിച്ച്, അവരവരുടെ ഭാഷയിൽ, വിശുദ്ധ യൗസേപ്പിനോടു പ്രാർത്ഥിക്കാൻ സാധിക്കും.

വിശുദ്ധ യൗസേപ്പിനോടുള്ള പ്രാർത്ഥന 

രക്ഷകൻറെ കാവൽക്കാരാ കന്യകാമറയിത്തിൻറെ കാന്താ,  സ്വസ്തി.

സ്വസുതനെ ദൈവം നിന്നെ ഏല്പിച്ചു;

മറിയം നിന്നിൽ വിശ്വാസമർപ്പിച്ചു;

നിന്നോടുകൂടെ ക്രിസ്തു മനുഷ്യനായി.

ഓ, വാഴ്ത്തപ്പെട്ടവനായ യൗസേപ്പേ, നീ ഞങ്ങൾക്കും ഒരു പിതാവായിരിക്കുകയും

ജീവിത പാതയിൽ ഞങ്ങളെ നയിക്കുകയും ചെയ്യണമേ.

ഞങ്ങൾക്ക് കൃപയും കരുണയും ധൈര്യവും നേടിത്തരുകയും,

എല്ലാ തിന്മകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമേ. ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles