“ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും ഉറവിടം”, ഫ്രാൻസീസ് പാപ്പാ.

ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇക്കഴിഞ്ഞ ദിനങ്ങളിൽ നടക്കാനിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സ് കോവിഡ് 19 മഹാമാരി ദുരന്തം മൂലം 2021 സെപ്റ്റമ്പർ 5-12 വരെ തീയതികളിലേക്ക് മാറ്റി വച്ചതിനെക്കുറിച്ച് പാപ്പാ ഇക്കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ, ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും ഉറവിടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ദിവ്യകാരുണ്യത്തെ സഭയുടെ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും സ്രോതസായി കണ്ടുകൊണ്ട് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനുള്ള ഒരുക്കത്തിൽ ആദ്ധ്യാത്മിക ഐക്യത്തോടെ മുന്നേറാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
“എൻറെ എല്ലാ ഉറവകളും അങ്ങിലാണ്” എന്ന സങ്കീർത്തന വാക്യം (സങ്കീർത്തനം 87:7) ആണ് അടുത്തവർഷം നടക്കാൻ പോകുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിൻറെ പ്രമേയം.
ബുദ്ധാപ്പെസ്റ്റ്, അന്താരാഷട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ വേദിയായത്തീരുന്നത് ഇത് രണ്ടാം തവണയാണ്.
1938 ലായിരുന്നു ബുദ്ധാപ്പെസ്റ്റ് ഈ കോൺഗ്രസ്സിന് ആദ്യം ആതിഥ്യമരുളിയത്. 1881 ലാണ് ഒന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സ് നടന്നത്. ഫ്രാൻസായിരുന്നു വേദി. അവസാനത്തേത് 2016 ജനുവരിയിൽ ഫിലിപ്പീൻസിലെ സെബു നഗരത്തിലായിരുന്നു.
ഇത്തവണ കോവിഡ് 19 മഹാമാരി പ്രതിബന്ധം സൃഷ്ടിച്ചതു പോലുള്ള പ്രത്യേക അവസ്ഥാവിശേഷങ്ങൾ സംജാതമായില്ലെങ്കിൽ, സാധാരണയായി, നാലുവർഷത്തിലൊരിക്കാലാണ് ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സ് അരങ്ങേറുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.