അജപാലകര്‍ക്ക് ധൈര്യം ലഭിക്കാന്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
![](https://www.mariantimesworld.org/wp-content/uploads/2018/11/Papa-praying-13.jpg)
വത്തിക്കാന്‍ സിറ്റി: ജനങ്ങളോട് അടുപ്പം പുലര്‍ത്താനുള്ള ധൈര്യം അജപാലകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന.
‘ദൈവജനത്തെ ഭയപ്പെടാതിരിക്കാനും അവരോട് അടുപ്പം പുലര്‍ത്തുന്നതിനെ ഭയപ്പെടാതിരിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ’ ഏപ്രില്‍ 24 ാം തീയതി കാസ സാന്ത മര്‍ത്തായില്‍ വച്ച് മാര്‍പാപ്പാ പ്രാര്‍ത്ഥിച്ചു. വൈദികര്‍ കേവലം പാസ്റ്ററല്‍ ബിസിനസ് മാനേജര്മാരാകാതെ ഇടയന്റെ ഹൃദയമുള്ളവരാകണമെന്ന് പാപ്പാ പറഞ്ഞു.
‘അജപാലകരുടെ ശക്തി ശുശ്രൂഷയിലാണ്. അയാള്‍ക്ക് മറ്റൊരു ശക്തിയില്ല. മറ്റുള്ള ശക്തിയില്‍ നിങ്ങള്‍ ആശ്രയിച്ചു തുടങ്ങുമ്പോള്‍ നിങ്ങളുടെ ദൈവവിളി നശിക്കുകയാണ് ചെയ്യുന്നത്’ പാപ്പാ പറഞ്ഞു.
ദിവ്യബലി മധ്യേ നല്കിയ പ്രഭാഷണത്തില്‍ പാപ്പാ വായിച്ച് ധ്യാനിച്ചത് യേശു അഞ്ചപ്പവും രണ്ടു മത്സ്യവും അയ്യായിരം പേര്‍ക്കായി നല്കിയ ഭാഗമാണ്. യേശു ജനങ്ങളോട് അടുപ്പം പുലര്‍ത്താന്‍ ആഗ്രഹിച്ചു എന്ന് ഈ വചനഭാഗം വ്യക്തമാക്കുന്നു, ഇക്കാര്യം തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാനാണ് യേശു ആ അത്ഭുതം ചെയ്തത്, പാപ്പാ പറഞ്ഞു.