ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തത്തില്‍ പെട്ടവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
അതികഠിനമായ മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും മൂലം കഷ്ടതയനുഭവിക്കുന്ന ഇന്ത്യൻ ജനതയക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. മഞ്ഞുമല തകർന്നുണ്ടായ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നവരോട് പാപ്പ തന്റെ സാമീപ്യം അറിയിക്കുകയും, അപകടത്തിൽ മരണമടഞ്ഞവർക്കും മുറിവേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.
ഞായറാഴ്ച ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ തപോവൻ മേഖലയിലെ നന്ദാദേവി മഞ്ഞുമല തകർന്ന് നിർമാണത്തിലിരുന്ന ഋഷിഗംഗ വൈദ്യുത നിലയത്തിനു നാശമുണ്ടായതാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമം. ഉറഞ്ഞ് കൂടിയ ഐസ്, തടാക രൂപത്തിലായി ‘ഗ്ലോഫ്’ ഉണ്ടായതും ദുരന്തത്തിന് കാരണമായോയെന്ന് സംശയിക്കുന്നുണ്ട്. നിർമ്മാണത്തിലിരുന്ന മറ്റൊരു വൈദ്യുത നിലയം തകർന്നതും ദുരന്തത്തിനാക്കം കൂട്ടുകയായിരുന്നു.
പ്രളയത്തെ തുടർന്ന് കാണാതായ നൂറ്റിയെഴുപതിലേറെപ്പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അപകടം നടന്നിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും, രക്ഷാപ്രവർത്തനങ്ങൾ പൂർണമായും ഫലംകാണുന്നില്ല. ഇതുവരെ മുപ്പതോളം മൃതദ്ദേഹങ്ങൾ മാത്രമേ കണ്ടെടുത്തിട്ടുള്ളു. പ്രളയത്തെത്തുടർന്ന് 13 ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. അതേസമയം തപോവൻ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 40ഓളം ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.