ധ്യാനത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറയുന്നതെന്താണ്?
അടുത്ത കാലത്തായി ധ്യാന പരിശീലനത്തിന് വളരെയധികം ശ്രദ്ധ ലഭിച്ചിരിക്കുന്നു. ക്രൈസ്തവർ മാത്രമല്ല ഇതിനെക്കുറിച്ച് സംസാരിക്കുന്നത്: ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളിലും ധ്യാനാഭ്യാസമുണ്ട്. എന്നാൽ ജീവിതത്തെക്കുറിച്ച് മതപരമായ കാഴ്ചപ്പാടില്ലാത്ത ആളുകൾക്കിടയിൽ പോലും വ്യാപകമായ ഒന്നാണിത്. ധ്യാനിക്കുക, ചിന്തിക്കുക, സ്വയം കണ്ടെത്തുക എന്നത് നമുക്കെല്ലാവർക്കും ആവശ്യമാണ്, അത് മാനുഷികമായ ഒരു ചലനാത്മകതയാണ്. അത്യുത്സുകമായ പാശ്ചാത്യ ലോകത്തിൽ. സർവ്വോപരി, ഒരുവൻ ധ്യാനം തേടുന്നു. എന്തെന്നാൽ, അത്, ദൈനംദിന സമ്മർദ്ദത്തിനും എങ്ങും വ്യാപിക്കുന്ന ശൂന്യതയ്ക്കും എതിരായ ഉന്നതമായ പ്രതിരോധത്തെ പ്രതിനിധാനം ചെയ്യുന്നു. ആകയാൽ ഇതാ, പാതിയടഞ്ഞ മിഴികളുമായി, മൗനത്തിൽ, ധ്യാനത്തിലിരിക്കുന്ന ചെറുപ്പക്കാരുടെയും മുതിർന്നവരുടെയും ചിത്രം…. എന്നാൽ ഇവർ എന്താണ് ചെയ്യുന്നത്? നമുക്കു നമ്മോടുതന്നെ ചോദിക്കാം. അവർ ധ്യാനിക്കുന്നു. അനുഭാവപൂർവ്വം കാണേണ്ട ഒരു പ്രതിഭാസമാണിത്: വാസ്തവത്തിൽ നാം തുടർച്ചയായി ഓടാൻ സൃഷ്ടിക്കപ്പെട്ടവരല്ല, എല്ലായ്പ്പോഴും ചവിട്ടിമെതിക്കാനാവാത്ത ഒരു ആന്തരിക ജീവിതമുള്ളവരാണ് നമ്മൾ. അതിനാൽ ധ്യാനം എല്ലാവരുടെയും ആവശ്യമാണ്. ധ്യാനിക്കുകയെന്നാൽ, ജീവിതത്തിൽ ശ്വാസമെടുക്കുന്നതിനുവേണ്ടി ഒന്നു നില്ക്കുന്നതിന് സമാനമാണ് എന്നു പറയാം.
ധ്യാനം ക്രൈസ്തവ ലോകത്തിൽ
എന്നിരുന്നാലും, ഒരു ക്രിസ്തീയ പശ്ചാത്തലത്തിൽ ഒരിക്കൽ ഈ വാക്ക് സ്വീകരിച്ചുകഴിഞ്ഞാൽ അത് മായിച്ചുകളയാനാകത്ത ഒരു സവിശേഷത ആർജ്ജിക്കുന്നു. ധ്യാനിക്കുകയെന്നത് ആവശ്യമായ മാനുഷിക മാനമാണ്, എന്നാൽ ക്രിസ്തീയ പശ്ചാത്തലത്തിൽ, ക്രൈസ്തവരെ സംബന്ധിച്ച്, അത് അതിനപ്പുറത്തേക്കു പോകുന്നു. സ്നാനമേറ്റ ഒരു വ്യക്തിയുടെ പ്രാർത്ഥന കടന്നുപോകുന്ന വലിയ വാതിൽ യേശുക്രിസ്തുവാണ്, അതു നാം ഒരിക്കൽ കൂടി ഓർമ്മിക്കുകയാണ്. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ധ്യാനം യേശു ക്രിസ്തുവിൻറെ വാതിലിലൂടെ പ്രവേശിക്കലാണ്. ധ്യാനാഭ്യാസവും ഈ പാതയാണ് പിന്തുടരുന്നത്. ഒരു ക്രിസ്ത്യാനി പ്രാർത്ഥിക്കുമ്പോൾ, അവൻ സ്വയം പൂർണ്ണ സുതാര്യത നേടാൻ ആഗ്രഹിക്കുന്നില്ല, അവൻ തൻറെ അഹത്തിൻറെ അഗാധമായ കാമ്പ് അന്വേഷിക്കുന്നില്ല; അത് ന്യായമാണ്, പക്ഷെ ക്രൈസ്തവൻ മറ്റെന്തോ തേടുന്നു. അത് ദൈവവുമായുള്ള അഭൗമിക സമാഗമമാണ്. ക്രിസ്തീയ പ്രാർത്ഥന, എല്ലാറ്റിനുമുപരിയായി അപരനുമായുള്ള, അതായത്, ദൈവവുമായുള്ള കണ്ടുമുട്ടലാണ്. പ്രാർത്ഥനാനുഭവം നമുക്ക് ആന്തരിക സമാധാനം, അല്ലെങ്കിൽ ആത്മനിയന്ത്രണം, അല്ലെങ്കിൽ സ്വീകരിക്കേണ്ട പാതയെക്കുറിച്ചുള്ള വ്യക്തത നൽകുന്നുവെങ്കിൽ, ഈ ഫലങ്ങൾ, യേശുവുമായുള്ള കണ്ടുമുട്ടലായ ക്രിസ്തീയ പ്രാർത്ഥനയുടെ കൃപയുടെ പാർശ്വ ഫലങ്ങളാണ്.
ധ്യാനം ഒരു വഴികാട്ടി
“ധ്യാനം” എന്ന വാക്ക് ചരിത്രഗതിയൽ വ്യത്യസ്ത അർത്ഥങ്ങളാർജ്ജിച്ചു. ക്രിസ്തുമതത്തിനുള്ളിലും അത് വ്യത്യസ്ത ആത്മീയ അനുഭവങ്ങളെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പൊതുവായ ചില രൂപങ്ങൾ കണ്ടെത്താൻ കഴിയും, ഇക്കാര്യത്തിൽ കത്തോലിക്കാസഭയുടെ മതബോധനം നമ്മെ സഹായിക്കുന്നു, അത് ഇപ്രകാരം പറയുന്നു: “ആത്മീയ ഗുരുക്കന്മാർ എത്രമാത്രമാണോ അത്രയും തന്നെ ധ്യാന രീതികളുമുണ്ട്…… എന്നാൽ ഒരു രീതി, ഒരു വഴികാട്ടി മാത്രമാണ്; ഇവിടെ പ്രധാനം, പ്രാർത്ഥനയുടെ ഏക പാതയായ യേശുക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവിനാൽ മുന്നേറുകയാണ്” (2707). ഇവിടെ ഒരു സഹയാത്രികനുണ്ട്, വഴികാട്ടിയുണ്ട്. പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ധ്യാനം സാധ്യമല്ല. യേശുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് നമ്മെ നയിക്കുന്നത് ഈ അരൂപിയാണ്.
ധ്യാനം, ചിന്തയെയും ഭാവനയെയും വികാരത്തെയും പ്രവർത്തനക്ഷമമാക്കുന്നു
ആകയാൽ, ക്രിസ്തീയ ധ്യാന രീതികൾ നിരവധിയാണ്: ചിലത് വളരെ ശാന്തവും മറ്റു ചിലവ കൂടുതൽ സംയോജിതങ്ങളുമാണ്; ചിലത് വ്യക്തിയുടെ ബൗദ്ധിക മാനത്തിനും, മറ്റുള്ളവയാകട്ടെ സ്നേഹ വൈകാരിക മാനങ്ങൾക്കും ഊന്നൽ നല്കുന്നു. എല്ലാം പ്രധാനപ്പെട്ടവയും അഭ്യാസയോഗ്യങ്ങളുമാണ്, കാരണം വ്യക്തിയുടെ ആസകല പ്രവർത്തനമായി മാറാൻ വിശ്വാസാനുഭവത്തെ സഹായിക്കാൻ അവയ്ക്ക് കഴിയും: വികാരം മാത്രമല്ല പ്രാർത്ഥിക്കുന്നത് എന്നതു പോലെ തന്നെ മനുഷ്യൻറെ മനസ്സു മാത്രമല്ല പ്രാർത്ഥിക്കുന്നത്. പ്രാർത്ഥനയുടെ അവയവം ഹൃദയമാണെന്ന് പൂർവ്വികർ പറയാറുണ്ടായിരുന്നു, അതിനാൽ മനുഷ്യൻ പൂർണ്ണമായി, അതായത്, മനുഷ്യൻറെ ഏതാനും ഭാഗങ്ങൾ മാത്രമല്ല, അവൻറെ കേന്ദ്രം മുതൽ എല്ലാം, ദൈവവുമായി ഒരു ബന്ധത്തിലേർപ്പെടുന്നു എന്ന് അങ്ങനെ അവർ വിശദീകരിച്ചു. അതിനാൽ, ഒരു രീതി ഒരു പാതയാണ്, ഒരു ലക്ഷ്യമല്ല എന്ന് എല്ലായ്പ്പോഴും ഓർമ്മിക്കേണ്ടതാണ്: ഏത് പ്രാർത്ഥനയും, അത് ക്രൈസ്തവമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ വിശ്വാസത്തിൻറെ സത്തയായ “സെക്വേല ക്രിസ്തിയുടെ”, ക്രിസ്ത്വാനുഗമനത്തിൻറെ, ഭാഗമാണ്. കത്തോലിക്കാസഭയുടെ മതബോധനം വീണ്ടും വ്യക്തമാക്കുന്നു: “ധ്യാനം, ചിന്തയെയും ഭാവനയെയും വികാരത്തെയും ആഗ്രഹത്തെയും പ്രവർത്തനക്ഷമമാക്കുന്നു. വിശ്വാസബോധ്യങ്ങളെ ആഴപ്പെടുത്താനും ഹൃദയ പരിവർത്തനത്തെ ഉണർത്താനും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താനും ഈ നീക്കം ആവശ്യമാണ്. മുൻഗണനാപരമായ ക്രിസ്തീയ പ്രാർത്ഥന “ക്രിസ്തു രഹസ്യങ്ങളുടെ” ധ്യാനത്തിനൂന്നൽ നല്കുന്നു. (2708).
ക്രിസ്തുവിലേക്കാനയിക്കുന്ന ധ്യാനം
അപ്പോൾ, ഇതാ, ക്രിസ്തീയ പ്രാർത്ഥനയുടെ കൃപ: ക്രിസ്തു വിദൂരസ്ഥനല്ല, മറിച്ച് എല്ലായ്പ്പോഴും നമ്മോടുള്ള ബന്ധത്തിലാണ്. നമ്മുടെ രക്ഷയുടെയും സന്തോഷത്തിൻറെയും ഇടമായി മാറാൻ കഴിയാത്തതായ ഒരു വശവും യേശുവിൻറെ ദൈവ-മനുഷ്യ ഭാവത്തിനില്ല. യേശുവിൻറെ ഭൗമിക ജീവിതത്തിൻറെ ഓരോ നിമിഷവും, പ്രാർത്ഥനയുടെ കൃപയിലൂടെ നമുക്ക് സമകാലികമായി ഭവിക്കാവുന്നതാണ്. പരിശുദ്ധാത്മാവിനാൽ നമ്മളും, യേശു സ്നാനം സ്വീകരിക്കാൻ മുങ്ങുമ്പോൾ യോർദ്ദാൻ നദിക്കരികെ സന്നിഹിതരാണ്. കാനയിലെ വിവാഹവിരുന്നിൽ ദമ്പതികളുടെ സന്തോഷത്തിനായി യേശു ഏറ്റവും മികച്ച വീഞ്ഞ് നൽകുമ്പോൾ അതിൽ നമ്മളും പങ്കുചേരുന്നവരാണ്. ദിവ്യഗുരു നടത്തിയ ആയിരിക്കണക്കിന് രോഗശാന്തി നമ്മളും അത്ഭുതത്തോടെ നോക്കി നില്ക്കുന്നു. പ്രാർത്ഥനയിൽ നാം ശുദ്ധീകരിക്കപ്പെട്ട കുഷ്ഠരോഗിയാണ്, കാഴ്ച വീണ്ടുകിട്ടിയ അന്ധനായ ബർത്തിമേയൂസ് ആണ്, കല്ലറയിൽ നിന്ന് പുറത്തുവരുന്ന ലാസർ ആണ് … നമുക്കിടമില്ലാത്ത ഒരു സുവിശേഷത്താളും ഇല്ല. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം ധ്യാനിക്കുക എന്നത് യേശുവിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു മാർഗ്ഗമാണ്. അങ്ങനെ, അപ്രകാരം മാത്രമാണ് നാം നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക. ഇത് നമ്മിലേക്കുള്ള പിൻവലിയലല്ല, അല്ലേ അല്ല. അത്, യേശുവിൻറെ പക്കലേക്കു പോകലാണ്, യേശുവിൻറെ കൃപയാൽ സൗഖ്യപ്പെട്ട്, ഉയിർത്തെഴുന്നേറ്റ്, ശക്തരായി നാം അവിടന്നുമായി കണ്ടുമുട്ടുകയാണ്. നമ്മുടെ എല്ലാവരുടെയും എൻറെയും രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക. പരിശുദ്ധാരൂപി വഴികാട്ടുന്നതിനാലാണ് ഇതു സാധ്യമാകുന്നത്. നന്ദി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.