ഭാരതമക്കള്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന
കോവിഡ് 19 പകർച്ചവ്യാധിയുടെ പിടിയിലമർന്നിരിക്കുന്ന ഭാരതത്തിലെ ജനങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥനയും സാന്ത്വനവും സാമീപ്യവും.
ഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് (Cardinal Oswald Gracias) അയച്ച സാമാന്യം സുദീർഘമായ ഒരു കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഭാരതീയരോടുള്ള തൻറെ ഐക്യദാർഢ്യം അറിയിച്ചിരിക്കുന്നതും പ്രാർത്ഥനയും സാമീപ്യവും ഉറപ്പേകിയിരിക്കുന്നതും.
കൊറോണവൈറസ് മൂലമുള്ള കോവിഡ് 19 രോഗബാധിതരായ എല്ലാവർക്കും, അവരുടെ കുടുംബങ്ങൾക്കും ഈ രോഗം മൂലം നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തു കേഴുന്നവർക്കും ഭിഷഗ്വരന്മാരുൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും പാപ്പാ സ്ഥൈര്യവും ശക്തിയും സമാധാനവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
കോവിഡ് 19 രോഗം ജീവനെടുത്ത വൈദികരും സമർപ്പിതരുമുൾപ്പടെയുള്ള എല്ലാവരെയും പാപ്പാ ദൈവികകാരുണ്യത്തിന് സമർപ്പിക്കുന്നു.തീവ്രവേദനയുടെതായ ഈ കാലയളവിൽ, ക്രിസ്തുവിൻറെ പെസഹായിലും പുനരുത്ഥാന വാഗ്ദാനത്തിലും ക്രിസ്തുവിൻറെ നവ ജീവനിലുമുള്ള അചഞ്ചല വിശ്വാസത്തിലും നിന്നു ജന്മംകൊള്ളുന്ന പ്രത്യാശ നമുക്ക് സാന്ത്വനമേകട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ സംഖ്യ 2 കോടി 15 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗം മൂലമുളള മൊത്ത മരണസംഖ്യ 23 ലക്ഷത്തിലേറെയും. ചികിത്സയിലുള്ളവരുടെ എണ്ണം 37 ലക്ഷത്തിനടുത്തു വരും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.