സേവന ജീവിതത്തിനുള്ള വിളിയാണ് മെത്രാന്റേത്: ഫ്രാന്‍സിസ് പാപ്പ
പരിശുദ്ധാത്മാവിന്റെ ദാനം
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അപ്പോസ്തലന്മാരുടെ ശുശ്രൂഷ തുടർന്നു കൊണ്ടുപോകുവാൻ, അപ്പോസ്തലന്മാർ സഹപ്രവർത്തകരെ ഒരുമിച്ചുകൂട്ടി. കർത്താവിൽ നിന്ന് ലഭിച്ച പരിശുദ്ധാത്മാവിന്റെ വരം കൈവയ്പു വഴി പകർന്നു നൽകി.അങ്ങനെ പൗരോഹിത്യ കൂദാശയുടെ പരിപൂർണ്ണത അവർക്കു നൽകി എന്ന് പാപ്പാ വിശദീകരിച്ചു. സഭയുടെ സജീവ പാരമ്പര്യത്തിൽ മെത്രാന്മാരുടെ ഇടതടവില്ലാത്ത പിൻതുടർച്ചയിലൂടെ, പ്രാഥമീകവും സജീവവുമായ ഈ ശുശ്രൂഷ സംരക്ഷിക്കപ്പെടുകയും രക്ഷകന്റെ പ്രവർത്തനം ഇന്നും തുടരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ തുടർന്നു.
സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ
സന്തോഷത്തോടും നന്ദിയോടും കൂടി പുതിയ മെത്രാന്മാരായ ഗ്വീദോ മരീനിയെയും, അന്ദ്രേസ് ഗാബ്രിയേൽ ഫെറാഡാ മൊറൈരായെയും സ്വാഗതം ചെയ്തു കൊണ്ട് ശുശ്രൂഷയുടെ ഒരു ജീവിതത്തിനായാണ് അവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് അവരോടു പറഞ്ഞു. എല്ലാ അവസരത്തിലും വചനം പ്രഘോഷിക്കാനും, പഠനം തുടരാനും അവരുടെ ആടുകളോടു സമീപസ്ഥരായിരിക്കാനും അവരെ ഉപദേശിച്ചു. അവർ വിശ്വാസത്തിന്റെയും, സേവനത്തിന്റെയും സഭയുടെ ഉപവിയുടെയും കാവൽക്കാരാകയാൽ ദൈവത്തോടു ചേർന്നു നിന്ന് അവന്റെ ദയയും ആദ്രതയും പ്രതിഫലിപ്പിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സാമിപ്യം
ഒരു മെത്രാന്റെ പ്രധാന ദൗത്യം പ്രാർത്ഥനയിൽ ദൈവത്തോടു ചേർന്നിരിക്കുകയാണെന്നു അടിവരയിട്ട് പറഞ്ഞ പാപ്പാ, ഒരു “തത്തയെ” പോലെ പ്രാർത്ഥിക്കാതെ “ഹൃദയം കൊണ്ട്” പ്രാർത്ഥിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.
മെത്രാന്മാരുടെ രണ്ടാമത്തെ ഭൗത്യം മറ്റ് മെത്രാന്മാരുമായി സാമീപ്യത്തിലായിരിക്കുക എന്നതാണ്. ഈ സഹോദരനെക്കുറിച്ച് ഒരിക്കലും മോശമായി സംസാരിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരുടെ മൂന്നാമത്തെ ദൗത്യം “വൈദീകർ മെത്രാന്മാരുടെ ഏറ്റവും അടുത്ത അയൽക്കാരാണെന്ന് മറക്കരുത്’ എന്ന് പറഞ്ഞ പാപ്പാ ഒരു പിതാവിനെ പോലെ തങ്ങളുടെ വൈദീകർക്ക് അവർ ലഭ്യരായിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മെത്രാന്മാർ തങ്ങളുടെ ആട്ടിൻ കൂട്ടത്തിനടുത്ത് ആയിരിക്കണമെന്നു ഊന്നി പറഞ്ഞ പാപ്പാ ആട്ടിൻ കൂട്ടത്തിൽ നിന്നാണ് അവർ അജപാലകരായി എടുക്കപ്പെട്ടതെന്ന് അനുസ്മരിപ്പിച്ചു. മെത്രാന്മാരായി അഭിഷിക്തരായ നവമെത്രാന്മാർ ഈ സാമീപ്യത്തിന്റെ പാതയിൽ വളരാൻ പാപ്പാ പ്രാർത്ഥിച്ചു. എപ്പോഴും സമീപസ്ഥനായിരിക്കുന്ന ദൈവത്തെ അനുകരിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.