പ്രായമായവര്‍ പുതുതലമുറയോട് ജ്ഞാനം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: അനേകം ജീവിതങ്ങള്‍ കണ്ടതിന്റെ അനുഭവസമ്പത്ത് സ്വന്തമായുള്ള മുതിര്‍ന്ന തലമുറയിലെ ആളുകള്‍ക്ക് പുതിയ തലമുറയിലെ അംഗങ്ങളോട് ജ്ഞാനവും അറിവും പങ്കുവയ്ക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു.
‘പ്രായമായവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ യുവാക്കളോട് ഒരുപാട് സ്നേഹവും ആര്‍ദ്രതയും ഉള്ളവരായിരിക്കണം. ഒപ്പം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. പ്രത്യേകിച്ച് വിശ്വാസം ത്യജിച്ചു ജീവിക്കുന്ന യുവജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം. വിശ്വാസം സംഭാഷണം വഴിയാണ് പകരുന്നത്. വീട്ടിനകത്തെയും സൗഹൃദബന്ധങ്ങളിലെയും സംഭാഷണങ്ങളും സംസാരവും വഴി’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ഷെയറിംഗ് ദ വിസ്ഡം ഓഫ് ടൈം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ്, ഇറ്റാലിയന്‍ പതിപ്പുകള്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രായമായവരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍ അടങ്ങിയതാണ് ഈ പുസ്തകം. ഒപ്പം 31 സാക്ഷ്യങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണവും പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഈശോ സഭാ വൈദികനായ ഫാ. അന്റോണിയോ സ്പരാഡോ ആണ് അഭിമുഖങ്ങള്‍ നടത്തിയിരിക്കുന്നത്.