ദൈവം നമ്മോട് അമ്മയെ പോലെയാണ് പെരുമാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം !

ഇവിടെ വേദപുസ്തകപരായണവേളയിൽ ഒരു കുഞ്ഞു കരഞ്ഞപ്പോൾ അമ്മ ആ കുഞ്ഞിനെ ലാളിക്കുകയും പാൽകൊടുക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ദൈവവും, ഒരമ്മയെപ്പോലെ, നമ്മോടു ഇപ്രകാരം വർത്തിക്കുന്നു. എത്രമാത്രം സ്നേഹത്തോടെയാണ് അമ്മ കുഞ്ഞിനെ പരിപാലിക്കുന്നത്. ഇത് മനോഹരമായ ഒരു ദൃശ്യമാണ്. ദേവലയത്തിൽ ഇങ്ങനെ സംഭവിക്കുമ്പോൾ, അതായത്, ഒരു കഞ്ഞു കരയുമ്പോൾ, തീർച്ചയായും, അവിടെ അമ്മയുടെ സ്നേഹാർദ്രതയുണ്ട്. ഇന്ന് ഇവിടെ നാം കണ്ട അമ്മയുടെ വാത്സല്യം ദൈവത്തിന് നമ്മോടുള്ള അലിവിൻറെ അടയാളമാണ്. ദേവാലയത്തിൽ ഒരു കുഞ്ഞു കരയുമ്പോൾ ഒരിക്കലും അതു തടയാൻ ശ്രമിക്കരുത്. കാരണം അത് ദൈവത്തിൻറെ അലിവിനെ ആകർഷിക്കുന്ന സ്വരമാണ്. ഈ വാക്കുകളെ തുടർന്ന് പാപ്പാ ആ അമ്മയേകിയ സാക്ഷ്യത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു:

“ദൈവവിചാരമില്ലാത്ത” വ്യക്തി

ഇന്ന് നമുക്ക് സങ്കീർത്തനത്തിലെ പ്രാർത്ഥനയെക്കുറിച്ചുള്ള പ്രബോധനം പൂർത്തിയാക്കാം. സർവ്വോപരി, സങ്കീർത്തനങ്ങളിൽ പലപ്പോഴും ഒരു നിഷേധാത്മക രൂപം, അതായത് “ദൈവവിചാരമില്ലാത്ത”യാൾ, പ്രത്യക്ഷപ്പെടുന്നു. ദൈവം ഇല്ല എന്ന മട്ടിൽ ജീവിക്കുന്ന സ്ത്രീയൊ പുരുഷനൊ ആയിരിക്കാമത്. അഭൗമികതയുമായി യാതൊരു ബന്ധവുമില്ലാത്ത ആ വ്യക്തിയുടെ അഹങ്കാരത്തിന് കടിഞ്ഞാണില്ല, താൻ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച വിധിതീർപ്പുകളെ അയാൾ ഭയപ്പെടുന്നില്ല.

പ്രാർത്ഥനയും ജീവിതവും

ഇക്കാരണത്താലാണ് സങ്കീർത്തനം പ്രാർത്ഥനയെ ജീവിതത്തിൻറെ മൗലിക യാഥാർത്ഥ്യമായി അവതരിപ്പിക്കുന്നത്. ദൈവത്തെയും ഭൗതികാനുഭവാതീതാവസ്ഥയെയും ബന്ധപ്പെടുത്തി താപസ ശ്രേഷ്ഠന്മാർ പറയുന്ന “ദൈവത്തോടുള്ള പവിത്രമായ ഭയം” ആണ് നമ്മെ പൂർണ്ണ മനുഷ്യർ ആക്കുന്നത്. അതു തന്നെയാണ്, നാം ഇരകളായിത്തീരുകയും ദുരാഗ്രഹികളാകുകയും ചെയ്യും വിധം ഈ ജീവിതത്തിൽ നാം അപകടത്തിലാകുന്നത് തടഞ്ഞുകൊണ്ട് നമ്മെ നമ്മിൽ നിന്ന് രക്ഷിക്കുന്നതും.

കാപട്യം പ്രാർത്ഥനയിലും

തീർച്ചയായും, വ്യാജമായ ഒരു പ്രാർത്ഥന, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനു വേണ്ടി മാത്രമുള്ള പ്രാർത്ഥനയുമുണ്ട്. തങ്ങൾ കത്തോലിക്കാവിശ്വാസികളാണെന്നു കാണിക്കുന്നതിനോ, താൻ മേടിച്ച ഏറ്റവും പുതിയതായ വസ്തു പ്രദർശിപ്പിക്കുന്നത നോ, സമൂഹത്തിനു മുന്നിൽ മേനിനടിക്കാനോ മാത്രം വിശുദ്ധ കുർബ്ബാനയ്ക്ക് പോകുന്നവരുണ്ട്. ഇതെക്കുറിച്ച് യേശു ശക്തമായ താക്കീതു നല്കുന്നുണ്ട് (മത്തായി 6: 5-6; ലൂക്കാ 9:14). എന്നാൽ പ്രാർത്ഥനയുടെ യഥാർത്ഥ ചൈതന്യം ആത്മാർത്ഥതയോടെ സ്വീകരിക്കുകയും ആ ചൈതന്യം ഹൃദയത്തിലേക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ, അത് ദൈവത്തിൻറെതന്നെ വീക്ഷണത്തിലൂടെ യാഥാർത്ഥ്യത്തെക്കുറിച്ച് ധ്യാനിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവത്തെയും ദൈവമക്കളെയും സ്നേഹിക്കുക

നാം പ്രാർത്ഥിക്കുമ്പോൾ സകലവും “സാന്ദ്രത” ആർജ്ജിക്കുന്നു. ദൈവം അത് കൈയ്യിലെടുക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിനും മനുഷ്യനും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ സേവനം, പതിവുള്ള രീതിയിലുള്ള പരിക്ഷീണമായ പ്രാർത്ഥനയാണ്. തത്തമ്മയെപ്പോലെ ഉരുവിടുന്നു. അതു പാടില്ല. ഹൃദയംകൊണ്ടു പ്രാർത്ഥിക്കണം. പ്രാർത്ഥനയാണ് ജീവിത കേന്ദ്രം. പ്രാർത്ഥന ഉണ്ടെങ്കിൽ, സഹോദരനും, സഹോദരിയുമെല്ലാം പ്രാധാന്യമർഹിക്കുന്നവരാകും. ആദിമ ക്രിസ്തീയ സന്ന്യാസിമാരുടെ പുരാതനമായ ഒരു വാക്യം ഇപ്രകാരമാണ്: “ദൈവത്തിനുശേഷം എല്ലാ മനുഷ്യരെയും ദൈവത്തെപ്പോലെ കാണുന്ന സന്ന്യാസി ഭാഗ്യവാൻ” (EVAGRIO PONTICO, പ്രാർത്ഥനയെ അധികരിച്ചുള്ള പ്രബന്ധം, 123). ദൈവത്തെ ആരാധിക്കുന്നവൻ അവിടത്തെ മക്കളെ സ്നേഹിക്കുന്നു. ദൈവത്തെ ബഹുമാനിക്കുന്നവൻ മനുഷ്യവ്യക്തികളെ ബഹുമാനിക്കുന്നു.

പ്രാർത്ഥന ഉത്ക്കണ്ഠ ശമനൗഷധമല്ല

ഇക്കാരണത്താൽ, ജീവിതത്തിലെ ഉത്കണ്ഠകളെ ലഘൂകരിക്കാനുള്ള ശമനൗഷധമല്ല പ്രാർത്ഥന; അല്ലെങ്കിൽ, എന്തുതന്നെ ആയാലും, അത്തരമൊരു പ്രാർത്ഥന തീർച്ചയായും ക്രിസ്തീയമല്ല. മറിച്ച്, പ്രാർത്ഥന ഉത്തരവാദിത്വദായകമാണ്. യേശു സ്വശിഷ്യന്രെ പഠിപ്പിച്ച “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിൽ നാം അത് വ്യക്തമായി കാണുന്നു.

സങ്കീർത്തനവും പ്രാർത്ഥനയും

ഈ പ്രാർത്ഥനാരീതി പഠിക്കാൻ, സങ്കീർത്തനം ഒരു മികച്ച വിദ്യാലയമാണ്. സങ്കീർത്തനങ്ങൾ എല്ലായ്പ്പോഴും സ്ഫുടം ചെയ്തതും കരുണാർദ്രവുമായ വാക്കുകൾ ഉപയോഗിക്കാതെ അസ്തിത്വത്തിൻറെ മുറിപ്പാടുകളുള്ള വാക്കുകൾ പലപ്പോഴും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നാം കാണുകയുണ്ടായി. എന്നിരുന്നാലും, ഈ പ്രാർത്ഥനകളെല്ലാം, ഏറ്റവും ഉറ്റതും വ്യക്തിപരവുമായവ പോലും, ആദ്യം ദേവാലയത്തിലും പിന്നീട് സിനഗോഗുകളിലും ഉപയോഗിച്ചു. കത്തോലിക്കാസഭയുടെ മതബോധനം ഇപ്രകാരം പറയുന്നു: “സങ്കീർത്തന പ്രാർത്ഥനകളുടെ വിവിധ രൂപങ്ങൾ ഒരേ സമയം ദേവലയ ആരാധനക്രമത്തിലും മനുഷ്യ ഹൃദയത്തിലും ജന്മംകൊള്ളുന്നു” (2588). അതിനാൽ വ്യക്തിപരമായ പ്രാർത്ഥന ആദ്യം ഇസ്രായേൽ ജനതയിൽ നിന്നും, പിന്നെ സഭയിലെ ജനത്തിൽ നിന്നും ആവിർഭവിക്കുകയും പോഷണം സ്വീകരിച്ച് വളരുകയും ചെയ്യുന്നു.

സകലരേയും ആശ്ലേഷിക്കുന്ന സങ്കീർത്തന പ്രാർത്ഥന

ഒരു വ്യക്തിയുടെ ഏറ്റവും അഗാധമായ ചിന്തകളെയും പ്രശ്നങ്ങളെയും ആവിഷ്ക്കരിക്കുന്ന ഉത്തമപുരുഷ ഏകവചനത്തിലുള്ള സങ്കീർത്തനങ്ങളും എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കത്തക്കവിധമുള്ള പൊതു പൈതൃകമാണ്. ദേവാലയത്തെയും ലോകത്തെയും ഒരുമിപ്പിച്ചു നിറുത്തുന്ന ഒരു “നിശ്വാസവും” ആദ്ധ്യാത്മികമായ ഒരു “സമ്മർദ്ദവും” ക്രിസ്തീയമായ ഈ പ്രാർത്ഥനയ്ക്കുണ്ട്. പ്രാർത്ഥന ദേവാലയത്തിനകത്ത് മങ്ങിയ വെളിച്ചത്തിൽ ആരംഭിക്കുകയും പിന്നിട് അത് നഗരവീഥികളിലെത്തുകയും ചെയ്യാം. മറിച്ചും സംഭവിക്കാം. അനുദിനജീവിത വ്യവഹാരങ്ങളിൽ തുടക്കം കുറിക്കുകയും ആരാധനയിൽ പൂർത്തിയാക്കുകയും ചെയ്യാം. ദേവാലയ കവാടങ്ങൾ വിഘ്നങ്ങളല്ല, പ്രത്യുത, സകലരുടെയും രോദനങ്ങളെ സ്വീകരിക്കാൻ പര്യപ്തമായ സംവേദനക്ഷമമായ പടലങ്ങളാണ്.

സങ്കീർത്തന പ്രാർത്ഥനയിൽ ലോകം സദാ സന്നിഹിതമാണ്. ഉദാഹരണത്തിന്, സങ്കീർത്തനങ്ങൾ ഏറ്റം ദുർബ്ബലരുടെ രക്ഷയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനത്തിന് ശബ്ദം പകരുന്നു: “ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവർ നെടുവീർപ്പിടുകയും ചെയ്യുന്നതിനാൽ ഇതാ, ഞാൻ എഴുന്നേൽക്കും- കർത്താവ് അരുളിച്ചെയ്യുന്നു; നിന്ദിക്കപ്പെടുന്നവരെ ഞാൻ രക്ഷിക്കും”(സങ്കീർത്തനം 12,6).

പ്രാർത്ഥന യാന്ത്രികമാകരുത്

ചുരുക്കത്തിൽ, ദൈവം ഉള്ളിടത്ത് മനുഷ്യനും ഉണ്ടായിരിക്കണം. തിരുലിഖിതം സുവ്യക്തമാണ്: “അവിടന്ന് ആദ്യം നമ്മെ സ്നേഹിച്ചതിനാൽ നമ്മൾ സ്നേഹിക്കുന്നു. അവിടന്ന് എപ്പോഴും നമ്മുടെ മുൻപിൽ പോകുന്നു. അവിടന്ന് എല്ലായ്പ്പോഴും നമ്മെ കാത്തിരിക്കുന്നു, കാരണം അവിടന്ന് ആദ്യം നമ്മെ സ്നേഹിക്കുന്നു, അവിടന്ന് ആദ്യം നമ്മെ നോക്കുന്നു, അവിടന്ന് ആദ്യം നമ്മെ മനസ്സിലാക്കുന്നു. അവിടന്ന് നമ്മെ സദാ കാത്തിരിക്കുന്നു. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു” എന്ന് ആരെങ്കിലും പറയുകയും സഹോദരനെ വെറുക്കുകയും ചെയ്താൽ അയാൾ ഒരു നുണയനാണ്. തീർച്ചയായും, താൻ കാണുന്ന സ്വന്തം സഹോദരനെ സ്നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല. നിങ്ങൾ ഒരു ദിവസം നിരവധി കൊന്തനസ്ക്കാരം ചൊല്ലുകയും അതിനുശേഷം മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുകയും പക പുലർത്തുകയും മറ്റുള്ളവരെ വെറുക്കുകയും ചെയ്താൽ ഇത് തീർത്തും കാപട്യമാണ്. സതസന്ധതയില്ല. അവിടന്ന് നമുക്കേകിയ കല്പന ഇതാണ്: ദൈവത്തെ സ്നേഹിക്കുന്നവൻ സ്വന്തം സഹോദരനെയും സ്നേഹിക്കണം.

സഹോദരനിൽ ദൈവരൂപം ദർശിക്കുക

എല്ലാ മനുഷ്യരിലും പതിഞ്ഞിരിക്കുന്ന ദൈവികച്ഛായയെ നിഷേധിക്കുന്നവരുടെ “നിരീശ്വരവാദം” ദൈവം സഹിക്കില്ല. അത് ദൈനംദിന നിരീശ്വരവാദം ആണ്: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, എന്നാൽ മറ്റുള്ളവരുമായി ഞാൻ അകലം പാലിക്കുകയും മറ്റുള്ളവരെ വെറുക്കുകയും ചെയ്യുന്നു. ഇത് പ്രായോഗിക നിരീശ്വരവാദമാണ്. മനുഷ്യനെ ദൈവത്തിന്റെ ച്ഛായയായി അംഗീകരിക്കാതിരിക്കുന്നത് ദൈവനിന്ദയാണ്, അത് വെറുപ്പാണ്, ദേവാലയത്തോടും ബലിപീഠത്തോടും ചെയ്യുന്ന ഏറ്റവും മോശമായ ദ്രോഹമാണ്.

പ്രിയ സഹോദരീസഹോദരന്മാരേ, സങ്കീർത്തന പ്രാർത്ഥനകൾ നമ്മെ “ദൈവവിചാരമില്ലായ്മ” യുടെ, അതായത്, ദൈവം ഇല്ല എന്ന മട്ടിൽ, ദരിദ്രർ ഇല്ല എന്ന മട്ടിൽ ജീവിക്കാനും പ്രാർത്ഥിക്കാനുമുള്ള പ്രലോഭനത്തിൽ വീഴാതിരിക്കാൻ സഹായിക്കട്ടെ. നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles