ഞങ്ങള്‍ മാത്രമാണ് നല്ലവര്‍ എന്ന ചിന്ത വെടിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും രക്ഷയും വിമോചനവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്.
ഞങ്ങള്‍ മാത്രം, അല്ലെങ്കില്‍ ചിലര്‍ മാത്രം രക്ഷപ്പെട്ടാല്‍ മതി എന്ന ചിന്ത ഉപേക്ഷിച്ച് ലോകത്തിലുള്ള എല്ലാവരുടെയും രക്ഷയ്ക്കായി പരിശ്രമിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
‘രക്ഷയുടെ സാര്‍വത്രികമായ ഭാവത്തിലേക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. ഞങ്ങള്‍ക്ക് മാത്രമാണ് രക്ഷ എന്ന ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണം. ജലത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവര്‍ വിളിക്കപ്പെട്ടിരിക്കുന്നത് അവനവനില്‍ നിന്ന് പുറത്തു വന്ന് അപരനിലേക്ക് തുറവിയുള്ളവരാകാനാണ്. നാം ഒരുമിച്ച് ജീവിക്കണം, സാഹോദര്യത്തില്‍ ഒരുമിച്ച് പുലരണം’ പാപ്പാ വ്യക്തമാക്കി.
യഹൂദരുടെ കാഴ്ചപ്പാടില്‍ അശുദ്ധമായിരുന്ന മൃഗങ്ങളെ ഭക്ഷിക്കാന്‍ പത്രോസിനോട് ആവശ്യപ്പെടുക വഴി ദൈവം സാര്‍വത്രികമായ ഈ സാഹോദര്യം സ്വന്തമാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഈ സാഹോദര്യ മനോഭാവമാണ് പരിശുദ്ധാത്മാവ് ക്രിസ്ത്യാനിയില്‍ നിന്ന് ആഗ്രഹിക്കുന്നത്, പാപ്പാ പറഞ്ഞു.
സുവിശേഷകന്‍ ദൈവത്തിന്റെ പ്രവര്‍ത്തിക്ക് തടമായി നില്‍ക്കരുത് എന്നാണ് പ്‌ത്രോസിന്റെ അനുഭവം വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് ഇസ്രായേലിന്റെ മേന്മകള്‍ മൂലമല്ല, ദൈവത്തിന്റെ ദയ മാത്രമാണെന്ന് ഓര്‍ക്കണം.
ക്രിസ്ത്യാനികളല്ലാത്തവരോട് നമ്മുടെ പെരുമാറ്റം എപ്രകാരമുള്ളതാണ്? അവര്‍ ദൈവത്തെ കണ്ടു മുട്ടുന്നതിന് നാം തടസ്സം നില്‍ക്കുന്നുണ്ടോ? പാപ്പാ ചോദിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.