“അയോഗ്യരെ യോഗ്യരാക്കുന്ന സ്‌നേഹമാണ് ദൈവം”: ഫ്രാൻസിസ് പാപ്പാ
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
നരകുലത്തെ സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി എന്താണെന്ന് യേശു വരച്ചുകാട്ടുകയാണ് വിവാഹവിരുന്നിൻറെ ഉപമയിലൂടെ. തൻറെ ഏകജാതനു ചുറ്റും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും വിസ്മയകരമായ ഒരു ആഘോഷം മാനവകുടുംബത്തിനായി ഒരുക്കിയ സ്വർഗ്ഗീയപിതാവിൻറെ പ്രതിരൂപമാണ് “സ്വപുത്രനു വേണ്ടി വിവാഹ വിരുന്നൊരുക്കിയ രാജാവ്” (മത്തായി 22,2)
വരാതിരിക്കുന്ന ക്ഷണിതാക്കളും വഴിക്കവലയിലേക്കയക്കപ്പെടുന്ന ഭൃത്യരും
അതിഥികളെ വിളിക്കാൻ രണ്ടുതവണ രാജാവ് തൻറെ ഭൃത്യന്മാരെ അയയ്ക്കുന്നു, പക്ഷേ അവർ വരാൻ വിസമ്മതിക്കുന്നു, വിരുന്നിനു പോകാൻ അവർ ആഗ്രഹിക്കുന്നില്ല, കാരണം അവർക്ക് മറ്റ് കാര്യങ്ങളുണ്ടായിുന്നു: വയലുകളും വ്യാപരവും. നമ്മെ വിളിക്കുന്ന, നമ്മെ ആഘോഷത്തിനു ക്ഷണിക്കുന്ന കർത്താവിൻറെ സമക്ഷം നമ്മളും പലപ്പോഴും വയ്ക്കുന്നത് നമ്മുടെ താൽപ്പര്യങ്ങളും ഭൗതിക കാര്യങ്ങളുമാണ്. എന്നാൽ ഉപമയിലെ രാജാവ് വിരുന്നുശാല ശൂന്യമായിരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം തൻറെ രാജ്യത്തിൻറെ നിധികൾ ദാനം ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ആകയാൽ അവൻ ദാസന്മാരോടു പറയുന്നു: “നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിളിക്കുക” (മത്തായി 22,9). ദൈവം ഇങ്ങനെയാണ് പെരുമാറുന്നത്: തിരസ്ക്കരിക്കപ്പെടുമ്പോൾ, അവിടന്നു, പിന്മാറുന്നതിനുപകരം, മുന്നേറുകയും വഴിക്കവലകളിൽ കാണുന്ന ആരെയും ഒഴിവാക്കാതെ, എല്ലാവരെയും, വിളിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ആലയത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല. സുവിശേഷകനായ മത്തായി ഉപയോഗിക്കുന്ന യഥാർത്ഥ പദം പാതകളുടെ പരിധികളെ, അതായത്, നഗര വീഥികൾ അവസാനിക്കുന്നതും ജനവാസമില്ലാത്ത, ജീവിതം സന്ദിഗ്ദ്ധാവസ്ഥയിലായ ഗ്രാമപ്രദേശങ്ങളിലേക്ക് നയിക്കുന്ന പാതകൾ ആരംഭിക്കുന്നതുമായ ഇടങ്ങളെ സൂചിപ്പിക്കുന്നു.
ദൈവത്തിൻറെ വിളി സകലർക്കും, ദുഷ്ടർക്കും ശിഷ്ടർക്കും
ഈ വഴിക്കവലകളിലെ മനുഷ്യകുലത്തിൻറെ പക്കലേക്കാണ് ഉപമയിലെ രാജാവ് തൻറെ ഭൃത്യന്മാരെ, വിരുന്നിനു വരാൻ സന്നദ്ധരായവരെ കണ്ടുമുട്ടുമെന്ന ഉറപ്പോടെ അയക്കുന്നത്. അങ്ങനെ “ഒഴിവാക്കപ്പെട്ടവരാൽ” “ബഹിഷ്കൃതരായിരുന്നവരാൽ”, ഒരു ആഘോഷത്തിൽ, വിവാഹവിരുന്നിൽ സംബന്ധിക്കുന്നതിന് ഒരിക്കലും യോഗ്യരല്ല എന്നു കരുതിയിരുന്നവരാൽ ശാല നിറയുന്നു. അതിലുപരി, യജമാനൻ, രാജാവ് ദൂതരോടു പറയുന്നു: “എല്ലാവരെയും, ദുഷ്ടരെയും ശിഷ്ടരെയും, വിളിക്കുവിൻ”. ദൈവം ദുഷ്ടരെയും വിളിക്കുന്നു. “ഇല്ല, ഞാൻ മോശമാണ്, ഞാൻ ഏറെ തിന്മ പ്രവർത്തിച്ചു”. എന്നാൽ അവിടന്നു നിന്നെ വിളിക്കുന്നു “ വരുവിൻ, വരുവിൻ, വരുവിൻ”.
യേശു ചുങ്കക്കാരുമൊത്തു ഭക്ഷണം കഴിച്ചു, അവർ പാപികളായിരുന്നു, ദുഷ്ടരായിരുന്നു. നിരവധിയായ തിന്മകളാൽ വ്രണിതമായ നമ്മുടെ ആത്മാവിനെ ദൈവം ഭയക്കുന്നില്ല, കാരണം അവിടന്നു നമ്മെ സ്നേഹിക്കുന്നു, നമ്മെ വിളിക്കുന്നു. ഇന്നത്തെ വഴിക്കവലകളിൽ, അതായത്, ഭൂമിശാസ്ത്രപരവും മാനവാസ്തിത്വപരവുമായ പ്രാന്തപ്രദേശങ്ങളിൽ, തള്ളിയിടപ്പെടുകയും പ്രത്യാശയറ്റ നരവംശ ശകലങ്ങളായി ജീവിക്കുകയും ചെയ്യുന്ന അവസ്ഥകളിൽ എത്താൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു.
സുവിശേഷവത്ക്കരണത്തിൻറെയും ഉപവിയുടെ സാക്ഷ്യമേകലിൻറെയും സൗകര്യമാർന്ന പതിവു ശൈലിവിട്ട് സകലർക്കുമായി നമ്മുടെ ഹൃദയത്തിൻറെയും നമ്മുടെ സമൂഹങ്ങളുടെയും കവാടങ്ങൾ തുറന്നിടുകയാണ് ഇവിടെ വിവക്ഷ. കാരണം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്കു മാത്രമായിട്ടുള്ളതല്ല സുവിശേഷം. അരികുകളിലാക്കപ്പെട്ടവരും, സമൂഹത്തിലെ തിരസ്കൃതരും നിന്ദിതരും പോലും തൻറെ സ്നേഹത്തിന് യോഗ്യരാണെന്ന് ദൈവം കരുതുന്നു. അവിടന്ന് എല്ലാവർക്കും, അതായത്, നീതിമാന്മാരും പാപികളും, ദുഷ്ടരും ശിഷ്ടരും, ബുദ്ധിമാന്മാരും മൂഢരും ഉൾക്കൊള്ളുന്ന എല്ലാവർക്കുമായി തൻറെ വിരുന്നൊരുക്കുന്നു. കഴിഞ്ഞ രാത്രി, ബ്രസീലിലെ യുവാക്കൾക്കിടയിൽ പ്രേഷിതനായ പ്രായംചെന്ന ഇറ്റാലിക്കാരനായ ഒരു വൈദികന് ഞാൻ ഫോൺ ചെയ്തു. അദ്ദേഹം സദാ, തിരസ്കൃതർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിക്കുക്കയാണ്. അദ്ദേഹം ആ വാർദ്ധക്യം സമാധാനത്തോടെ ജീവിക്കുന്നു; തൻറെ ജീവിതം അദ്ദേഹം പാവപ്പെട്ടവർക്കായി ഉഴിഞ്ഞു വച്ചു. ഇതാണ് നമ്മുടെ അമ്മയായ സഭ, ഇതാണ് വഴിക്കവലകളിലേക്കു പോകുന്ന ദൈവദൂതൻ.
കർത്താവ് വയ്ക്കുന്ന നിബന്ധന
എന്നിരുന്നാലും, കർത്താവ് ഒരു വ്യവസ്ഥ വയ്ക്കുന്നു: വിവാഹ വസ്ത്രം ധരിക്കണം. നമുക്ക് ഉപമയിലേക്ക് മടങ്ങാം. ശാല നിറയുമ്പോൾ, രാജാവ് എഴുന്നുള്ളുകയും അവസാന മണിക്കൂറിൽ ക്ഷണിക്കപ്പെട്ട അതിഥികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു, എന്നാൽ അവരിൽ, വിവാഹ വസ്ത്രമണിയത്ത ഒരാളെ കാണുന്നു, പ്രവേശന കവാടത്തിൽ വച്ച് ഓരോ അതിഥിക്കും സമ്മാനമായി നല്കുന്ന ഒരുതരം മേൽവസ്ത്രമാണ് അത്. ധരിച്ചിരുന്ന അതേ വസ്ത്രത്തോടെയാണ് ആളുകൾ എത്തിയത്. ആഘോഷത്തിനനുയോജ്യമായ വസ്ത്രം അവർ അണിഞ്ഞരുന്നില്ല. എന്നാൽ, പ്രവേശന കവാടത്തിൽ വച്ച് അവർക്ക് ഒരുതരം പുറങ്കുപ്പായം, സമ്മാനമായി നൽകി. ആ സൗജന്യ ദാനം നിരസിച്ച ആ മനുഷ്യൻ സ്വയം പുറന്തള്ളപ്പെട്ടു. അതിനാൽ അവനെ പുറത്താക്കുകയല്ലാതെ രാജാവിന് മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. ഈ മനുഷ്യൻ ക്ഷണം സ്വീകരിച്ചു, പക്ഷേ അതിന് ഒരു വിലയും കല്പിച്ചില്ല. അവൻ സ്വയംപര്യാപ്തനായിരുന്നു. സ്വയം മാറാനോ തന്നെ മാറ്റാൻ കർത്താവിനെ അനുവദിക്കാനൊ അവൻ ആഗ്രഹിച്ചില്ല. വിവാഹ വസ്ത്രം, ഈ പുറങ്കുപ്പായം, ദൈവം നമുക്ക് സൗജന്യമായി നൽകുന്ന കാരുണ്യത്തിൻറെ പ്രതീകമാണ്, അതായത് കൃപ. കൃപയില്ലാതെ ഒരാൾക്ക് ക്രിസ്തീയ ജീവിതത്തിൽ ഒരു ചുവടു മുന്നോട്ടു വയ്ക്കാൻ ആവില്ല. എല്ലാം കൃപയാണ്. കർത്താവിനെ അനുഗമിക്കാനുള്ള ക്ഷണം സ്വീകരിച്ചാൽ മാത്രം പോരാ, ഹൃദയത്തെ പരിവർത്തനം ചെയ്യുന്ന മാനസാന്തരയാത്രയ്ക്കുള്ള സന്നദ്ധത ആവശ്യമാണ്. ദൈവം നമുക്ക് നിരന്തരം നല്കുന്ന കരുണയുടെ വസ്ത്രം അവിടത്തെ സ്നേഹത്തിൻറെ സൗജന്യ ദാനമാണ്, അത് യഥാർത്ഥ കൃപയാണ്. ആശ്ചര്യത്തോടും സന്തോഷത്തോടും കൂടി നാം അതു സ്വീകരിക്കേണ്ടതുണ്ട്: “കർത്താവേ, ഈ സമ്മാനം എനിക്ക് തന്നതിന് നന്ദി”.
ചട്ടക്കൂടുകളും സങ്കുചിത വീക്ഷണങ്ങളും വെടിയണം
നമ്മുടെ ചട്ടക്കൂടുകളും നമ്മുടെ സങ്കുചിത വീക്ഷണങ്ങളും വിട്ട് പുറത്തിറങ്ങു കയും, അങ്ങനെ, നമുക്ക് രക്ഷയേകുന്നതിന്, തൻറെ സമ്മാനം നമുക്കു നല്കുന്നതിന്, തൻറെ വിരുന്നിൽ പങ്കുകൊള്ളാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നുവെന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിന്, സുവിശേഷത്തിലെ ഉപമയിലുള്ള ഭൃത്യന്മാരെ അനുകരിക്കാൻ ഏറ്റവും പരിശുദ്ധയായ മറിയം നമ്മെ സഹായിക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.