മാര്‍പാപ്പായുടെ പുതിയ ചാക്രികലേഖനമായ ‘എല്ലാവരും സഹോദരങ്ങളുടെ’ സംഗ്രഹം
എല്ലാവരുടെയും – ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സമര്‍പ്പണത്തോടെ സാഹോദര്യവും സാമൂഹിക സൗഹൃദവുമുള്ള ഒരു സമൂഹം വാര്‍ത്തെടുക്കുവാനുള്ള പ്രത്യക്ഷവും പ്രായോഗികവുമായ ആദര്‍ശങ്ങളും വഴികളും പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്ന പ്രബോധനമാണ് “എല്ലാവരും സഹോദരങ്ങള്‍” (Omnes Fratres). പാപ്പാ ഫ്രാന്‍സിസിന്‍റെ സാമൂഹിക ചാക്രികലേഖനമാണിത്. തന്‍റെ സന്ന്യാസ സമൂഹത്തിലെ സഹോദരങ്ങള്‍ക്ക് സുവിശേഷത്തിന്‍റെ രുചിയുള്ള ജീവിതരീതി പകര്‍ന്നുനല്കുവാനായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് രചിച്ച ‘അരുളപ്പാടുകളി’ല്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ ചാക്രികലേഖനത്തിന്‍റെ “എല്ലാവരും സഹോദരങ്ങള്‍…” (Omnes Fratres) എന്ന ശീര്‍ഷകം ഉള്‍ക്കൊണ്ടിരിക്കുന്നത്.
സാഹോദര്യവും സാമൂഹിക സൗഹൃദവുമുള്ള ഒരു ലോകം സൃഷ്ടിക്കുകയാണ് ഈ പ്രബോധനത്തിന്‍റെ അടിസ്ഥാനലക്ഷ്യം. താന്‍ ചാക്രികലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ലോകത്തെവിടെയും കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് ആമുഖത്തില്‍ പാപ്പാ പറയുന്നുണ്ട്. മാനവകുലത്തിന്‍റെ ആരോഗ്യപരമായ ഈ ആഗോള അടിയന്തിരാവസ്ഥ പഠിപ്പിക്കുന്നത്, ഈ വൈറസ് ബാധയുടെ പിടിയില്‍നിന്നും ആര്‍ക്കും ഒറ്റയ്ക്കു രക്ഷപ്പെടാനാവില്ലെന്നാണ്. കാരണം എല്ലാവരും സഹോദരങ്ങളാണെന്ന് പാപ്പാ ആമുഖത്തില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു (7-8).
അദ്ധ്യായം ഒന്ന് :
അടഞ്ഞ ലോകത്തിലെ കരിനിഴലുകള്‍
“ഇന്നിന്‍റെ അടഞ്ഞ ലോകത്തെ കരിനിഴലുകള്‍” എന്നത്, എട്ട് അദ്ധ്യായങ്ങളുടെ ഈ ചാക്രിക ലേഖനത്തിന്‍റെ ആദ്യ അദ്ധ്യായമാണ്. സമകാലീന യുഗത്തിന്‍റെ അപഭ്രംശങ്ങളാണ് പാപ്പാ ഇതില്‍ പച്ചനേ നിരത്തുന്നത് : സമകാലീന ലോകത്തിന്‍റെ നിലനില്പിന് ആവശ്യമായ ജനായത്തഭരണം, സ്വാതന്ത്ര്യം, നീതി എന്നീ കാതലായ ധാരണകളുടെ പ്രകടമായ വളച്ചൊടിക്കലുകളും വിരൂപമാക്കലും; സമൂഹത്തില്‍ കടന്നുകൂടിയിരിക്കുന്ന സ്വാര്‍ത്ഥതയും, അനീതിയും അഴിമതിയും അക്രമങ്ങളും, പൊതുനന്മയിലുള്ള താല്പര്യമില്ലായ്മയും; ലാഭം മാത്രം ലക്ഷ്യംവയ്ക്കുന്ന കച്ചവട മനഃസ്ഥിതിയും യുക്തിയും ഒരു “പാഴാക്കല്‍ സംസ്കാര”ത്തിന്‍റെ (Culture of Waste) നവമായ കുതിച്ചുകയറ്റവും ചൂണ്ടിക്കാണിക്കുന്നു.
തൊഴിലില്ലായ്മ, വംശീയത, ദാരിദ്ര്യം, അടിസ്ഥാന അവകാശത്തിന്മേലുള്ള വിവേചനം എന്നിവയും ഇന്നിന്‍റെ പ്രതിസന്ധികളാണെന്ന് പാപ്പാ വിശദീകരിക്കുന്നു. അടിമത്തം, മനുഷ്യക്കടത്ത്, സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുകയും, എന്നിട്ട് അവരെ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിക്കുയും ചെയ്യുന്ന സംസ്ക്കാരം, മനുഷ്യാവയവങ്ങളുടെയും കോശങ്ങളുടെയും വില്പന എന്നിവ ഇന്നിന്‍റെ ദുരന്തങ്ങളും ശാപവുമായി പാപ്പാ എടുത്തുപറയുന്നു. മേല്പറഞ്ഞ ആഗോള പ്രതിസന്ധികള്‍ക്ക് ആഗോളീകമായ പ്രതിവിധി കാണേണ്ടതുണ്ടെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിക്കുന്നുണ്ട്. കൂടാതെ അധോലോക സംഘങ്ങളെ ഭയപ്പെട്ടും, ഒറ്റപ്പെടുമെന്നുള്ള ഭയപ്പാടോടെയും, അവയ്ക്ക് മറനല്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു “മറയുടെ സംസ്കാരം” (Walled Culture) വളര്‍ന്നുവരുന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
അദ്ധ്യായം രണ്ട് :
തെരുവിലെ അപരിചിതനായ യാത്രക്കാരന്‍
ഇന്നത്തെ ലോകത്തിന്‍റെ ഇരുട്ടിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് വെളിച്ചം കാട്ടുന്നത് “തെരുവിലെ അപരിചിതനായ യാത്രക്കാരന്‍” എന്നു ശീര്‍ശകം ചെയ്തിരിക്കുന്ന ചാക്രികലേഖനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലാണ്. സുവിശേഷത്തിലെ നല്ല സമരിയക്കാരന്‍റെ ഉപമ ഉദ്ധരിച്ചുകൊണ്ടാണ് വളരെ ലളിതമായി വേദനിക്കുന്നവര്‍ക്കെതിരെ മുഖം തിരിക്കുകയും വഴിമാറിപ്പോവുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന്‍റെ ചിത്രം പാപ്പാ വരച്ചുകാട്ടുന്നത്. തനിക്ക് അറിയുകപോലുമില്ലാത്ത ദൗര്‍ഭാഗ്യവാനായ വ്യക്തിയെ അനുകമ്പയാല്‍ പ്രേരിതനായി പരിചരിച്ച നല്ല സമറിയാക്കാരനെ മാതൃകയാക്കാം (ലൂക്ക 10, 33-34). ഇതുപോലെ അനുകമ്പയുള്ളവര്‍ ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായം സ്വയം ഏറ്റെടുക്കുന്ന ഫലപ്രദവും ക്രിയാത്മകവുമായ സ്നേഹപ്രവൃത്തികളാണ് ലോകത്തിനു വേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അതിനാല്‍ ഭീതിദമായ ഒരു ദുരന്തത്തില്‍നിന്നും ലോകം രക്ഷനേടണമെങ്കില്‍ മുന്‍വിധിയും വ്യക്തിഗത താല്പര്യങ്ങളും മാറ്റിവച്ച് നാം അന്വോന്യം സഹായിക്കുവാനും പങ്കുവയ്ക്കുവാനും സോദരത്വേന ജീവിക്കുവാനും വിളിക്കപ്പെട്ടവരാണെന്ന സത്യം വ്യക്തമാക്കുന്നു (81).
വേദനിക്കുന്നവരെ ഉള്‍ക്കൊള്ളുവാനും അവര്‍ക്ക് സാന്ത്വനം പകരുവാനും അവരെ സംയോജിപ്പിക്കുവാനും സാധിക്കുന്നൊരു സമൂഹം വളര്‍ത്തുവാന്‍ നാം എല്ലാവരും കൂട്ടുത്തരവാദികളാകണം എന്നാണ് പാപ്പാ പ്രബോധിപ്പിക്കുന്നത് (77). സ്നേഹമുണ്ടെങ്കിലേ പാലം പണിയുവാനാകൂ! സ്നേഹം നമ്മില്‍ എല്ലാവരിലും കുടികൊള്ളുന്നുണ്ട് (88). അതിനാല്‍ പരിത്യക്തരായ സകലരിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു (85).
അദ്ധ്യായം മൂന്ന് :
സ്നേഹത്തിന്‍റെ ആഗോളവ്യാപ്തി
മൂന്നാം അദ്ധ്യായത്തില്‍ മനുഷ്യന്‍റെ സ്നേഹിക്കുവാനുള്ള കഴിവിന്‍റെ ആഗോള വ്യാപ്തിയെക്കുറിച്ച് പാപ്പാ പരാമര്‍ശിക്കുന്നുണ്ട്. സ്നേഹത്തിന്‍റെ ബലതന്ത്രംകൊണ്ട് നമ്മെ ഒരു ആഗോള കൂട്ടായ്മയിലേയ്ക്കു നയിക്കുന്ന തുറവു നമ്മുടെ അയല്‍ക്കാരോടു പ്രകടമാക്കിക്കൊണ്ടും, അതിരുകള്‍ക്ക് അപ്പുറമുള്ള സഹോദരങ്ങളിലേയ്ക്ക് അടുത്തുകൊണ്ടും, അവരുടെയും അസ്തിത്വത്തിന്‍റെ വളര്‍ച്ച കാണുന്ന ഒരു തുറവുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കുവാനും അത് യാഥാര്‍ത്ഥ്യമാക്കുവാനും എല്ലാവരെയും പാപ്പാ ക്ഷണിക്കുന്നു (65). അപരന്‍റെ നന്മ ലക്ഷ്യംവച്ചു മുന്നേറുന്ന ഒരു ജീവിതമാണ് മനുഷ്യജീവിതത്തിന്‍റെ വളര്‍ച്ചയുടെ ആത്മീയ പക്വതയെന്ന് ചാക്രികലേഖനം ഓര്‍പ്പിക്കുന്നു (92-93). പ്രഥമവും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ ദൗത്യത്തില്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ട ഐക്യദാര്‍ഢ്യ ബോധവും സാഹോദര്യവും കുടുംബങ്ങളില്‍ വളര്‍ത്തേണ്ടതാണെന്ന് ഈ അദ്ധ്യായത്തില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു (114).
അന്തസ്സോടെ ജീവിക്കുവാനുള്ള ഓരോരുത്തരുടെയും അവകാശം അനിഷേധ്യമാണ്. കാരണം അവകാശങ്ങള്‍ക്ക് അതിരില്ല. വ്യക്തി എവിടെ ജനിച്ചാലും അയാളെ ഒരിക്കലും ഒറ്റപ്പെടുത്തുവാന്‍ പാടില്ലെന്ന നിലപാടിലൂടെ പാപ്പാ ആവശ്യപ്പെടുന്നത് ഒരു രാജ്യാന്തര ബന്ധത്തിന്‍റെയും കൂട്ടായ്മയുടെയും ധാര്‍മ്മിക കാഴ്ചപ്പാട് സമകാലീന ലോകത്തിന് ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് (126). കാരണം ഓരോ രാജ്യത്തെയും ജനത ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വൈദേശീകരാണ്. മാത്രമല്ല, അവിടെയുള്ള വസ്തുവകകള്‍ കുടിയേറ്റക്കാര്‍ക്ക്, അല്ലെങ്കില്‍ അന്യസ്ഥലങ്ങളില്‍നിന്നു വന്നവര്‍ക്കും സ്വദേശത്തുള്ളവര്‍ക്കും, പ്രത്യേകിച്ച് ഒരിടവും ഇല്ലാതെ അവിടേയ്ക്ക് കുടിയിറങ്ങിയ അഭയാര്‍ത്ഥികളായി വന്നുചേര്‍ന്നവര്‍ക്കായും പങ്കുവയ്ക്കേണ്ടതാണ്.
അതിനാല്‍ കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യസ്വത്തും അതിന്‍റെ ഉടമസ്ഥാവകാശവും അല്ല പ്രധാനപ്പെട്ട കാര്യം, മറിച്ച് ദൈവം തന്ന ഭൂമി “ഈ പൊതുഭവനം”, സൃഷ്ടപ്രപഞ്ചം എല്ലാവര്‍ക്കും ഉള്ളതാണെന്ന അടിസ്ഥാന തത്വമാണ് മാനിക്കേണ്ടത് (120). ഓരോ രാജ്യത്തിനുമുള്ള വിദേശകടങ്ങളെക്കുറിച്ചും ചാക്രികലേഖനം ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്. തീര്‍ച്ചയായും അത് തിരിച്ചടക്കേണ്ടതാണെന്ന് ഒരു മുന്‍വിധിയുമില്ലാതെ പറയാമെങ്കിലും, കടംവീട്ടലും തിരിച്ചടയ്ക്കലും ഒരിക്കലും ഒരു പാവപ്പെട്ട രാജ്യത്തിന്‍റെ വളര്‍ച്ചയെയും സുസ്ഥിതിയെയും തകര്‍ക്കുന്ന വിധത്തിലാവരുതെന്നും പാപ്പാ അഭ്യര്‍ത്ഥിക്കുന്നു (126).
അദ്ധ്യായം നാല് :
ലോകത്തോടു തുറവുള്ള ഹൃദയം
നാലാം അദ്ധ്യായത്തിലും, രണ്ടാം അദ്ധ്യായത്തിന്‍റെ ചില ഭാഗങ്ങളിലുമുള്ള പ്രതിപാദ്യവിഷയം കുടിയേറ്റമാണ്. യുദ്ധമുഖത്തുനിന്ന് ഭയന്നോടിയും, പീഡനങ്ങളും പ്രകൃതി ദുരന്തങ്ങളും സഹിച്ചും, മനഃസാക്ഷിയില്ലാത്ത മനുഷ്യക്കടത്തുകാരെ ഭയന്നും, സ്വന്തം സമൂഹങ്ങളില്‍നിന്നു ഒറ്റപ്പെട്ടും “കീറിമുറിക്കപ്പെട്ട” കുടിയേറ്റക്കാരെ രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയും, സംരക്ഷിക്കുകയും, സമൂഹത്തിലേയ്ക്ക് സംയോജിപ്പിക്കുകയും ചെയ്യണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. ഓരോ രാജ്യത്തെയും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം കുടിയേറ്റക്കാരെ സ്വീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നതാണ് ആ നാടിന്‍റെ സന്തുലിതാവസ്ഥയെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു (38-40). ഏറെ ക്ലേശകരമായ മാനുഷിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നവര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് അനുപേക്ഷണീയമായ ചില നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഒന്നാമതായി ‘വീസ’ ലഭ്യത വര്‍ദ്ധിപ്പിക്കുക.
മാനവികതയുടെ കവാടങ്ങള്‍ പാവങ്ങള്‍ക്കും എളിയവര്‍ക്കുമായ് തുറന്നുകൊടുക്കുക, കുടിയേറ്റഭൂമിയിലെ കുടുംബങ്ങളുടെ പുനരൈക്യം പ്രോത്സാഹിപ്പിക്കുക, കുടിയേറ്റക്കാരുടെ പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുക, അവരുടെ മനഃസ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നിവയാണ്. പിന്നെയും പാപ്പായുടെ പ്രമാണരേഖ പ്രബോധിപ്പിക്കുന്നത്, കുടിയേറ്റക്കാര്‍ക്കായി ആഗോളതലത്തില്‍ നിയന്ത്രണമുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും, വ്യക്തികളുടെ അടിയന്തിരാവസ്ഥയ്ക്കും അപ്പുറം, സകല ജനതകളുടെയും ഐക്യദാര്‍ഢ്യമുള്ള വികസനത്തിനായി പരിശ്രമിക്കണമെന്നുമാണ് (129-132).
അദ്ധ്യായം അഞ്ച് :
ഉപവിയുടെ ഏറ്റവും ഉദാത്തമായ നയം
പൊതുനന്മ ലക്ഷ്യംവയ്ക്കുന്നതും, ഏറ്റവും വിലപ്പെട്ട രീതിയെ പ്രതിനിധാനംചെയ്യുകയും (180), ജനങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കുകയും, താരതമ്യ പഠനത്തിനും സംവാദത്തിനും തയ്യാറാവുകയുംചെയ്യുന്ന ഉപവിയെക്കുറിച്ചു (charity) പ്രതിപാദിക്കുന്നതാണ് ഈ അദ്ധ്യായം (160). ജനാധിപത്യ സിദ്ധാന്തത്തിനു (Popularism) വിരുദ്ധമായി പാപ്പാ ഫ്രാന്‍സിസ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത് ജനസമ്മതിയുടെ ( Populism) നയമാണ്. അത് പൊതുജനമെന്നതിന്‍റെ നിയമസാധുതയെ അവഗണിച്ചും, ജനനന്മയ്ക്ക് ഉപകാരപ്രദമാംവിധം പൊതുസമ്മതത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് (159). അങ്ങനെയുള്ള ഏറ്റവും നല്ല നയമെന്നു പറഞ്ഞാല്‍, സാമൂഹിക ജീവിതത്തിന്‍റെ അത്യന്താപേക്ഷിത ഘടകമായ തൊഴിലിനെ സംരക്ഷിക്കുന്നതും, എല്ലാവരുടെയും കഴിവുകളെ വകസിപ്പിച്ചെടുക്കുവാന്‍ അവസരം നല്കുന്നതുമാണത് (162). ചാക്രികലേഖനത്തില്‍ പാപ്പാ നിര്‍ദ്ദേശിക്കുന്ന ഈ “ദാരിദ്ര്യ-വിരുദ്ധ” (anti-poverty) നയം പാവങ്ങളെ ഉള്‍ക്കൊള്ളുക മാത്രമല്ല, അവരെ ഐക്യദാര്‍ഢ്യത്തിന്‍റെയും (solidarity) സഹായത്തിന്‍റെയും പിന്‍തുണയ്ക്കലിന്‍റെയും subsidiarity കാഴ്ചപ്പാടില്‍ നയിക്കുന്നതാണ് (187).
സര്‍വ്വോപരി, ഈ ചാക്രികലേഖനത്തില്‍ പാപ്പാ പറയുന്നത് അടിസ്ഥാന മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന സാമൂഹിക വിവേചനം, അവയവങ്ങളുടെയും കോശങ്ങളുടെയും വില്പന, ആയുധനങ്ങള്‍ മയക്കുമരുന്ന് എന്നിവയുടെ കടത്ത്; ലൈംഗികചൂഷണം, അടിമപ്പണി, ഭീകരപ്രവര്‍ത്തനം, സംഘടിതമായ കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ എന്തിനും പരിഹാരം കണ്ടെത്തേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തം വഹിക്കുന്നരുടെ ദൗത്യമാണ്. അതുപോലെ മാനവികതയ്ക്കൊരു ശാപമായി നില്ക്കുന്ന മനുഷ്യക്കടത്തെന്ന കുറ്റകൃത്യത്തിനും, മനുഷ്യന്‍റെ അനിഷേധ്യവും അടിസ്ഥാനപരവുമായ അവകാശം – ഭക്ഷണത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ദൗര്‍ലഭ്യം കാരണമാക്കുന്ന വിശപ്പിന് എതിരെയും പാപ്പാ ഉയര്‍ത്തുന്ന ശബ്ദം ഏറെ ശക്തമാണ് (188-189).
മനുഷ്യാന്തസ്സിനെ കേന്ദ്രീകരിച്ചുള്ള നയമാണ് നമുക്കിന്ന് ആവശ്യമെന്നും, സമ്പത്തും കമ്പോളവുമല്ല എല്ലാറ്റിനും ആധാരമെന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പാ, സാമ്പത്തിക കണക്കുകൂട്ടലുകള്‍ കാരണമാക്കിയിട്ടുള്ള “കൂട്ടക്കൊലകള്‍” (massacres) ഇതു തെളിയിക്കുന്നുണ്ടെന്നും തുറന്നു പ്രസ്താവിക്കുന്നുണ്ട് (168). ഇക്കാരണത്താല്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും, അവയെ “ധാര്‍മ്മിക ഊര്‍ജ്ജത്തിന്‍റെ പ്രവാഹങ്ങളാ”യി കാണണമെന്നും പാപ്പാ പഠിപ്പിക്കുന്നു. അതിനാല്‍ ജനകീയ പ്രസ്ഥാനങ്ങളെ സമൂഹത്തില്‍ വേണ്ടുംവിധം ഏകോപിപ്പിച്ച് ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറയുന്നു. ഇപ്രകാരം പാവങ്ങളോട് അനുഭാവമുള്ളതും പാവങ്ങളുടെ പക്ഷംചേരുന്നതുമായ ഒരു നയം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാനാകണമെന്നാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് (169).
ഈ ചിന്താധാരയില്‍, ഐക്യരാഷ്ട്ര സഭ (United Nations) പരിഗണിക്കുന്ന കാലികമായ പ്രസ്ഥാനത്തിന്‍റെ നവീകരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട് : പ്രത്യേകിച്ച് സാമ്പത്തിക മേഖലയുടെ മുന്‍ഗണനയില്‍ “രാഷ്ട്രങ്ങളുടെ കുടുംബം” (family of nations) എന്ന കാഴ്ചപ്പാടില്‍ യുഎന്‍ പൊതുനന്മയ്ക്കായും, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായും, മനുഷ്യാവകാശ സംരക്ഷണത്തിനായും പ്രവര്‍ത്തിക്കുമെന്നതാണ് ഈ പ്രത്യാശയ്ക്കു കാരണം. പരസ്പരാലോചന, കാര്യക്ഷമതയുള്ള ഓഫീസ് സംവിധാനങ്ങള്‍, രാജ്യാന്തര തലത്തിലുള്ള ഇടപെടലുകള്‍, മാദ്ധ്യസ്ഥം എന്നിവയിലൂടെ മാനവികതയുടെ അവകാശത്തിനുള്ള ബലപ്രയോഗത്തെക്കാള്‍ നിയമത്തിന്‍റെ പ്രബലത യുഎന്‍ നടപ്പിലാക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യാശിക്കുന്നു.
അദ്ധ്യായം ആറ് :
സംവാദവും സാമൂഹ്യ സൗഹൃദവും
“സകലരുമായുള്ള കൂട്ടായ്മയുടെ ഒരു കല”യെന്നോണം ഇവിടെ, ആറാം അദ്ധ്യായത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ധാരണ വിസ്തൃതമാവുകയാണ്. സൗഹൃദത്തിന്‍റെയും സംവാദത്തിന്‍റെയും ഈ കൂട്ടായ്മ നമ്മുടെ ജീവിതചുറ്റുപാടുകളുടെ അതിരുകളും കടന്ന് മറ്റുള്ളവരിലേയ്ക്ക്, വിശിഷ്യാ പാവങ്ങളിലേയ്ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്കും വ്യാപിക്കുന്നതാണ്. തീര്‍ന്നില്ല, തദ്ദേശജനതകളിലേയ്ക്കും (Indigenous people) എത്തിപ്പെടുന്നതാണ് ഈ കൂട്ടായ്മ. കാരണം എല്ലാവരില്‍നിന്നും ആര്‍ക്കും ഒത്തിരി പഠിക്കുവാനുണ്ട്. ആരും അത്ര ഉപയോഗശൂന്യരല്ല (215). ഇവിടെ പാപ്പാ ഉദ്ധരിക്കുന്ന “കാരുണ്യത്തിന്‍റെ അത്ഭുതം” (miracle of Kindness) ഏറെ ശ്രദ്ധേയമാണ്. അത് എല്ലാവരും ആര്‍ജ്ജിച്ചെടുക്കേണ്ട ഇരുളില്‍ ഒരു ചെറുവിളക്കാകുന്ന പ്രക്രിയയാണ്. അത് ക്രൂരതയുടെയും ആശങ്കയുടെയും മനംപതറിക്കുന്ന ജീവിതവ്യഗ്രതയില്‍നിന്നുമുള്ള മോചനവുമാണ് (222-224).
ഇതില്‍നിന്നും വ്യത്യസ്തമായി “നവമായ കൂട്ടായ്മയ്ക്കുള്ള വഴി”യായ സമാധാനത്തിന്‍റെ മൂല്യത്തെക്കുറിച്ചും, അത് അഭിവൃദ്ധിപ്പെടുത്തുവാനുള്ള രീതികളെക്കുറിച്ചും ചിന്തിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്. കാരണം അപരനെ ശുശ്രൂഷിക്കുന്നതും, അനുരഞ്ജനത്തിനു തയ്യാറാവുന്നതും, പരസ്പരം സഹകരിച്ച് വികസനത്തിനായി മുന്നേറുന്നതുമായ ഒരു സമൂഹത്തിന് ഊര്‍ജ്ജംപകരുന്ന ഘടകമാണ് സമാധാനമെന്ന് പാപ്പാ ഊന്നിപ്പറയുന്നുണ്ട്. സമാധാനം ഒരോരുത്തരും നിരന്തരമായി വളര്‍ത്തിയെടുക്കേണ്ടതും, അതിനായി അനുസ്യൂതം പരിശ്രമം തുടരേണ്ടതുമായ, ഒരിക്കലും അവസാനിക്കാത്ത ഒരു ആത്മീയ വൈദഗ്ദ്ധ്യമാണെന്ന് (proactive craft) പാപ്പാ ഊന്നിപ്പറയുന്നു (227-232).
സമാധാനത്തോടു ചേര്‍ന്നുപോകുന്നതാണ് ക്ഷമ : ആരെയും ഒഴിവാക്കാതെ നാം എല്ലാവരെയും സ്നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടായി ചാക്രിക ലേഖനത്തില്‍ പാപ്പാ ക്ഷമയെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നു. എന്നാല്‍ ഒരു വിദ്വേഷിയെ സ്നേഹിക്കുമ്പോള്‍ നാം അയാളില്‍ ഒരു മാറ്റത്തിനു വഴിതുറക്കുകയും, വിദ്വേഷത്തില്‍നിന്നും പീഡനങ്ങളില്‍നിന്നും അകന്നു ജീവിക്കാന്‍ അയാളെ സഹായിക്കുകയും ചെയ്യുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു (241-242). ക്ഷമിക്കുക, എന്നാല്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പാപ്പാ വ്യക്തമാക്കി. മറിച്ച് നീതിയുള്ള ഓര്‍മ്മപ്പെടുത്തലാണ് ക്ഷമ! കാരണം ക്ഷമിച്ചതുകൊണ്ട് എല്ലാം മറന്നുപോകുന്നില്ല. എന്നാല്‍ ക്ഷമിക്കുമ്പോള്‍ നാശപൂര്‍ണ്ണമായ തിന്മയുടെയും പ്രതികാരത്തിന്‍റെയും ശക്തി കുറയുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പഠിപ്പിക്കുന്നു.
യഹൂദരെ വംശീയമായി വിവേചിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂട്ടമായി കൊലചെയ്ത – ഷോഹ, ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആണവ ബോംബുകള്‍, വിവിധ രാജ്യങ്ങളില്‍ ഇന്നും അരങ്ങേറുന്ന വംശീയ കൂട്ടക്കൊലകളും പീഡനങ്ങളും, എല്ലാം വീണ്ടും വീണ്ടും നാം വീണ്ടുവിചാരത്തോടെ ഓര്‍ക്കേണ്ടതാണെന്ന് പാപ്പാ താക്കീതുനല്കുന്നു. കാരണം ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മുടെ ഓരോരുത്തരുടെയും സമൂഹത്തിന്‍റെയും ബോധം കെട്ടുപോകാതിരിക്കുവാനും ഓര്‍മ്മയുടെയും കൂട്ടായ അനുസ്മരണത്തിന്‍റെയും തിരി തെളിയിക്കുവാനും, സമാധാനത്തെക്കുറിച്ചും നന്മയെക്കുറിച്ചും ചിന്തിക്കുവാനും സകലരെയും സഹായിക്കുമെന്ന് പാപ്പാ ആഹ്വാനംചെയ്യുന്നു (246-252).
അദ്ധ്യായം ഏഴ് :
മാനവകുലത്തിന്‍റെ തീരാത്ത ഭീതിയും ഭീഷണിയും- യുദ്ധം
എല്ലാ അവകാശങ്ങളുടെയും നിഷേധവും രാഷ്ട്രീയത്തിന്‍റെയും മാനവികതയുടെയും തിന്മയ്ക്കുള്ള നാണംകെട്ട കീഴടങ്ങലാണ് യുദ്ധമെന്ന് ഈ അദ്ധ്യായത്തില്‍ പാപ്പാ സമര്‍ത്ഥിക്കുന്നു. അതിലും ഉപരിയായി, പഴയകാലത്തെ “നീതിനിഷ്ഠ”മായ യുദ്ധമുറകളും ആയുധങ്ങളുമായി ഇന്നിന്‍റെ സാധ്യതയുള്ള ഒരു സമകാലീന യുദ്ധത്തെ തുലനം ചെയ്യുകയാണെങ്കില്‍, അതില്‍ ഉപയോഗിക്കുവാന്‍ പോകുന്ന ജൈവ-ആണവ-രാസായുധങ്ങളുടെ ഉപയോഗംമൂലമുള്ള കെടുതിയില്‍ കൊല്ലപ്പെടുവാനും, ക്ലേശിക്കുവാനും പോകുന്നത് നിര്‍ദ്ദോഷികളായ ആയിരങ്ങളാണെന്ന് പാപ്പാ ആകുലപ്പെടുന്നു. അതിനാല്‍ ഇന്നത്തെ സമൂഹം ശക്തമായ ഭാഷയില്‍ യുദ്ധസാദ്ധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയണമെന്ന് പാപ്പാ നിഷ്ക്കര്‍ഷിക്കുന്നു. ആണവശക്തിയുടെ സമൂല നിരായുധീകരണവും നിര്‍മ്മാര്‍ജ്ജനവും ഇന്നിന്‍റെ അടിയന്തിരമായ ധാര്‍മ്മിക മാനവിക ആവശ്യമാണെന്നു പ്രസ്താവിക്കുന്ന പാപ്പാ, ആണവശക്തിക്കായി രാഷ്ട്രങ്ങള്‍ ഉപയോഗിക്കുന്ന തുക അതാതു രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു (255-262).
തതുല്യമായൊരു നിലപാടുതന്നെയാണ് പാപ്പാ ഫ്രാന്‍സിസ് വധശിക്ഷ സംബന്ധിച്ചും എടുക്കുന്നത്. വധശിക്ഷ അംഗീകരിക്കാവുന്നതല്ലെന്നും, അത് ലോകത്തെവിടെയും നിര്‍ത്തലാക്കേണ്ടതാണെന്നും പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. കൊലയാളിക്കും കുറ്റക്കാരനുപോലും ഒരു വ്യക്തിഗത അന്തസ്സുണ്ടെന്നും, ദൈവം മാത്രമാണ് അതിന്‍റെ ഉത്തരവാദിയെന്നും, അതിനാല്‍ ജീവന്‍ ഇല്ലാതാക്കാന്‍ നിയമത്തിനുപോലും അവകാശമില്ലെന്നു പാപ്പാ സമര്‍ത്ഥിക്കുന്നു (263-269). ജീവന്‍റെ പവിത്രത എവിടെയും ഏത് അവസ്ഥയിലും മാനിക്കപ്പെടേണ്ടതും പരിരക്ഷിക്കപ്പെടേണ്ടതുമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. അടുത്തകാലത്തായി ചില രാജ്യങ്ങളില്‍ അജാത ശിശുക്കളുടെയും, പാവങ്ങളുടെയും അംഗവൈകല്യമുള്ളവരുടെയും, വയോജനങ്ങളുടെയും ജീവന്‍ നശിപ്പിക്കാമെന്ന നിലപാട് എടുക്കുന്നതിലുള്ള ശക്തമായ വിയോജിപ്പും പാപ്പാ ഇവിടെ പ്രകടിപ്പിക്കുന്നുണ്ട് (18).
അദ്ധ്യായം എട്ട് :
മതങ്ങള്‍ സാഹോദര്യത്തിന്‍റെ പ്രയോക്താക്കള്‍
“ലോകത്തുള്ള മതങ്ങള്‍ സാഹോദര്യത്തിന്‍റെ പ്രയോക്താക്കളാണ്,” എന്നതാണ് പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ 8-Ɔമത്തെ അദ്ധ്യായത്തിലെ പ്രതിപാദ്യവിഷയം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കാരണം മതങ്ങളല്ലെന്നും; മറിച്ച് ചില മതഗ്രന്ഥ ഭാഗങ്ങളുടെയും; ലോകത്തുള്ള വിശപ്പ്, ദാരിദ്ര്യം, അനീതി, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരണകളുടെയും; അവയെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനവുമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിക്കുന്നുണ്ട് (282-283). അതിനാല്‍ എല്ലാ മതങ്ങളും സൗഹാര്‍ദ്ദത്തില്‍ ഒരുമിച്ചാല്‍, സമാധാനത്തിന്‍റെ പാത തെളിയിക്കാനാവുമെന്നത് പാപ്പായുടെ ഉറച്ച ബോധ്യവും പ്രബോധനവുമാണ്. അതിനായി ഏതു മതത്തിലുള്ള വിശ്വാസികള്‍ക്കും അടിസ്ഥാന മതസ്വാതന്ത്ര്യം നല്കുകയും, അവരുടെ അന്തസ്സും ആഗ്രഹവും മാനിക്കുകയും ചെയ്യേണ്ടതാണെന്ന് പാപ്പാ പ്രസ്താവിക്കുന്നു (279). ഇക്കാര്യത്തില്‍ സഭയുടെ നിലപാട് പാപ്പാ വ്യക്തമാക്കുന്നുണ്ട് – സമൂഹത്തിലെ ഒരു സ്വകാര്യ മേഖല പ്രവര്‍ത്തനമായി സഭാദൗത്യത്തെ തരംതാഴ്ത്തേണ്ടതില്ലെന്നും, എന്നാല്‍ അതിന്‍റെ സാമൂഹിക അസ്തിത്വത്തിലുള്ള രാഷ്ട്രീയ ഭാഗഭാഗിത്വത്തെ നിഷേധിക്കുന്നില്ലെന്നും, എന്നാല്‍ അടിസ്ഥാന ലക്ഷ്യം പൊതുനന്മയും, സമഗ്രമാനവ പുരോഗതിക്കായി സുവിശേഷ ആദര്‍ശങ്ങള്‍ക്ക് അനുസൃതമായുള്ള അഭിവാഞ്ഛയും, അതിനെക്കുറിച്ചുള്ള ആശങ്കയുമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു (276-278).
ഉപസംഹാരം
അവസാനമായി, താന്‍ അബുദാബിയില്‍വച്ച് 2019 ഫെബ്രുവരി 4-ന് ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അല്‍-തയ്യിബിനോടു ചേര്‍ന്ന്, മറ്റു മതങ്ങളുടെ പ്രതിനിധികള്‍ക്കും രാഷ്ട്രപ്രതിനിധികള്‍ക്കും ഒപ്പം പ്രബോധിപ്പിച്ച ലോക സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും അനിവാര്യമായ “മാനവസാഹോദര്യ പ്രഖ്യാപന”ത്തിന്‍റെ പ്രമാണരേഖയില്‍നിന്നും (Human Fraternity Declaration) ഉദ്ധരിച്ചുകൊണ്ടാണ് ചാക്രികലേഖനം പാപ്പാ ഉപസംഹരിക്കുന്നത്. മതാന്തര സംവാദത്തിന്‍റെ പാതയില്‍ ചരിത്രത്തിലെ നാഴികക്കല്ലായ ഈ പ്രബോധനത്തില്‍നിന്നും സംവാദത്തിന്‍റെ വഴികളും, പൊതുവായ സഹകരണവും, പരസ്പര ധാരണയും മാനവസാഹോദര്യത്തിനുള്ള വഴികളായി സ്വീകരിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ചാക്രികലേഖനം ഉപസംഹരിക്കുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.