യുവജനങ്ങളോടു പാപ്പാ: യേശുവിനെ ഹൃദയത്തിൽ വച്ച് സ്വപ്നങ്ങൾ കാണുക
ആരാധനാക്രമത്തിലെ വായനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ടാണ് തന്റെ സുവിശേഷ പ്രഘോഷണം പാപ്പാ നടത്തിയത്. ഒന്നാം വായനയിലും രണ്ടാം വായനയിലും കാണുന്ന ‘വാന മേഘങ്ങളിൽ വരുന്ന’ യേശുവിന്റെ രൂപവും സുവിശേഷത്തിൽ പീലാത്തോസിന്റെ മുന്നിൽ നിന്ന് ” ഞാൻ രാജാവാണ് ” എന്ന് അവനോടു പറയുന്ന വാക്യവുമെടുത്തു കൊണ്ടാണ് പാപ്പാ പ്രഭാഷണം നടത്തിയത്.
2023ൽ ലിസ്ബണിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ രണ്ട് പ്രതീകങ്ങളെക്കുറിച്ച് ഒന്ന് നിന്ന് ചിന്തിക്കാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു.
ആദ്യത്തെ പ്രതീകത്തിൽ വാനമേഘങ്ങളിൽ വരുന്ന യേശു അവസാന കാലങ്ങളിലെ ക്രിസ്തുവിന്റെ മഹിമയിലുള്ള വരവിനെയാണ് ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ അവസാന വാക്ക് യേശുവിനുള്ളതാണ് എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു എന്ന് പാപ്പാ പറഞ്ഞു. അവൻ വാനമേഘങ്ങളോടൊപ്പം വരുന്നത് നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉരുണ്ടുകൂടുമ്പോൾ നമ്മെ ഒരിക്കലും തനിച്ചാക്കുകയില്ല എന്നതിന്റെ ഉറപ്പാണ്.
“ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും, നിങ്ങൾക്ക് തെളിഞ്ഞ ആകാശം വീണ്ടും നൽകാൻ ഞാൻ വീണ്ടും വരും” എന്ന യേശുവിന്റെ ഉറപ്പാണ് അത്. രാത്രിയിൽ ഉണ്ടായ ഒരു ദർശനത്തിൽ ദാനിയേൽ പ്രവാചക൯ കർത്താവ് വാനമേഘങ്ങളിൽ വരുന്നതു കണ്ടതിനെ എടുത്തു പറഞ്ഞു കൊണ്ട് യുവജനങ്ങളെ സ്വപ്നങ്ങൾ കാണാൻ പ്രോൽസാഹിപ്പിച്ച പാപ്പാ അവരുടെ കണ്ണുകൾ ഇരുളിലും തെളിഞ്ഞു നിൽക്കട്ടെ എന്ന് ആശംസിച്ചു. ഹൃദയത്തിന്റെ ഉള്ളിൽ നാം വഹിക്കുന്നതും നമുക്ക് ചുറ്റിലും നാം കാണുന്നതുമായ ഏതിരുളിലും പ്രകാശത്തെ തേടാൻ പാപ്പാ യുവജനങ്ങളെ പ്രോൽസാഹിപ്പിച്ചു.
യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുക
ആവേശകരവും, എന്നാൽ വെല്ലുവിളി നിറഞ്ഞതുമായ ഒരു കർത്തവ്യമാണ് അവരെ ഭരമേൽപ്പിച്ചിരിക്കുന്നതെന്ന് യുവജനങ്ങളോടു പാപ്പാ പറഞ്ഞു. “നമുക്കു ചുറ്റും എല്ലാം തകർന്നടിയുമ്പോൾ നിവർന്നു നിൽക്കുവാനും, രാത്രി ദർശനങ്ങളിൽ വെളിച്ചം പകരാൻ തയ്യാറാകുന്ന ദ്വാരപാലകരാകാനും, അവശിഷ്ടങ്ങളിൽ നിന്ന് കെട്ടിപ്പടുക്കുന്നവരാകാനും, സ്വപ്നം കാണാൻ പ്രാപ്തിയുള്ളവരാകാനു” മുള്ളതാണ് ആ വെല്ലുവിളി എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. അവർ സ്വപ്നം കാണുമ്പോൾ എല്ലാവരും അവരോടു നന്ദിയുള്ളവരാണ്, കാരണം യേശുവിനെ അവർ ജീവിത സ്വപ്നമാക്കുമ്പോഴും, അവനെ സന്തോഷത്താടെയും ഉൽസാഹത്തോടെയും പുണരുമ്പോഴും അത് എല്ലാവർക്കും നന്മ വരുത്തുന്നു എന്ന് പാപ്പാ പറഞ്ഞു.
പീലാത്തോസിനോടു ഞാൻ രാജാവാണ് എന്നു പറയുന്ന യേശുവിനെ പരാമർശിച്ച് യേശുവിന്റെ തീരുമാനവും ധൈര്യവും അവന്റെ സ്വാതന്ത്ര്യവും നമ്മെ എത്രമാത്രം സ്പർശിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ വിവരിച്ചു. യേശു അവന്റെ വ്യക്തിത്വമോ, ഉദ്ദേശ്യങ്ങളോ മറച്ചു വെച്ചില്ല എന്നു മാത്രമല്ല പീലാത്തോസ് നൽകിയ തുറവ് മുതലെടുക്കുകയും ചെയ്തില്ലയെന്നും പാപ്പാ വിശദീകരിച്ചു. സത്യത്തിൽ നിന്നു ജനിച്ച ധൈര്യത്തോടെ യേശു താൻ രാജാവാണെന്ന് പറഞ്ഞു കൊണ്ട് തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു എന്നും പാപ്പാ അവരോടു പങ്കുവച്ചു.
യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ ജീവിതത്തെ അതായിരിക്കുന്ന യാഥാർത്ഥ്യത്തോടെ കാണുകയും കാലത്തിന്റെ ഫാഷനുകളും ഉപഭോക്തൃത്വത്തിന്റെ അമ്പരപ്പിക്കുന്ന, എന്നാൽ മൃതമാക്കുന്ന കാഴ്ചകളാലും പ്രകടനങ്ങളാലും വഞ്ചിതരാകുന്നില്ല എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ലോകത്തിന്റെ വശീകരണങ്ങളിൽ മയങ്ങാനല്ല നമ്മൾ ഈ ലോകത്തിൽ ഉള്ളത്, മറിച്ച് നമ്മുടെ ജീവിതം കൈയ്യിലെടുത്ത് അത് നിറവോടെ ജീവിക്കാനാണെന്ന് സ്നേഹിതരേ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ യേശുവിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഒഴുക്കിനെതിരെ നീങ്ങാൻ നമുക്ക് ധൈര്യം കിട്ടുകയും ചെയ്യും എന്നും പാപ്പാ കൂട്ടിച്ചേർത്തു.
തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പ്രായമായാലും യുവജനങ്ങളോടു സ്വപ്നങ്ങൾ കാണുന്നത് തുടരാൻ ആഹ്വാനം ചെയ്ത പാപ്പാ സ്വതന്ത്രരും സത്യസന്ധരും സമൂഹത്തിന്റെ വിമർശനാത്മകവുമായ മനസ്സാക്ഷിയാകാനും അവരോടു ആവശ്യപ്പെട്ടു. അവരുടെ സ്വപ്നങ്ങളോടൊപ്പം അവരുടെ ജീവിതം ഈ ലോകത്തിന്റെ മാനസീകാവസ്ഥയ്ക്ക് അടിമയല്ലെന്നും, യേശുവോടൊപ്പം നീതിക്കും, സ്നേഹത്തിനും, സമാധാനത്തിനും വേണ്ടി വാഴുന്നതിനാൽ അവർ സ്വതന്ത്രരാണെന്ന് പറയാൻ സത്യത്തോടു അഭിനിവേശമുള്ളവരായിരിക്കാൻ പാപ്പാ അവരോടു ആഹ്വാനം ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.