“പരിശുദ്ധ അമ്മ ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെട്ടില്ല” ഫ്രാന്‍സിസ് പാപ്പാ
മറിയം നസ്രത്തിലെ യുവതി
“സഭയുടെ ഹൃദയത്തിൽ മറിയം പ്രശോഭിക്കുന്നു. ആവേശത്തോടും, വിധേയത്വത്തോടും കൂടി യേശുവിനെ അനുഗമിക്കാൻ പരിശ്രമിക്കുന്ന യൗവനയുക്തയായ സഭയുടെ പരമമായ മാതൃക മറിയമാണ്. വളരെചെറുപ്പത്തിൽ തന്നെ അവൾ മാലാഖയുടെ സന്ദേശം സ്വീകരിച്ചു. എന്നാലും ചോദ്യങ്ങൾ ചോദിക്കാൻ അവൾ ഭയപ്പെട്ടില്ല (ലൂക്കാ.1:34) തുറന്ന ഹൃദയത്തോടും ആത്മാവോടും കൂടി അവൾ മറുപടി പറഞ്ഞു. ” ഇതാ കർത്താവിന്റെ ദാസി” (ലൂക്കാ.1:38). (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).
വളരെ ചെറുപ്പത്തിൽ തന്നെ മറിയം മാലാഖയുടെ സന്ദേശം സ്വീകരിച്ചു.ദൈവത്തിന് സമ്മതം നൽകി. അങ്ങനെ ആവേശത്തോടും എന്നാൽ വിധേയത്വത്തോടും ക്രിസ്തുവിനെ അനുഗമിക്കാൻ പരിശ്രമിക്കുന്ന സഭയ്ക്കും സഭയിലെ യുവജനങ്ങൾക്കും അവൾ മാതൃകയായി. ആരാണ് ഈ മറിയം? ബൈബിളിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മറിയം എങ്ങനെയാണ് നമ്മെ ഇത്രമാത്രം സ്വാധീനിക്കുന്നത് എന്ന് പരിചിന്തനം ചെയ്യുമ്പോൾ അവൾ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ വെല്ലുവിളികളുടെ ഏറ്റവും മൂർദ്ധനയിലായിരുന്നുവെന്ന് വ്യക്തമാകും. ദൈവവിശ്വാസം എന്ന അനുഭവത്തെ മാത്രം സമ്പത്തായി കരുതി ജീവിച്ച, വാർദ്ധ്യക്യത്തിന്റെ വിഷമതകളിൽ കഴിഞ്ഞിരുന്ന യോവാക്കിം, അന്ന എന്ന ദമ്പതികളുടെ മകളായി ജനിച്ച മേരി എന്ന പെൺകുഞ്ഞ് സുകൃതങ്ങളാലും സവിശേഷതകളാലും സദ്വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. അതിന് കാരണമാക്കിയത് ദൈവത്തിന്റെ മുന്നിൽ അവൾ നൽകിയ സമ്മതമായിരുന്നു.
ലോക രക്ഷകന്റെ അമ്മയായി മാറാൻ അന്നത്തെ സ്ത്രീകൾ ആഗ്രഹിച്ചപ്പോൾദൈവ മാതാവിന്റെ ദാസിയാകാൻ ഇഷ്ടപ്പെട്ട അവളുടെ എളിമയിൽ ദൈവം സംപ്രീതനായി. വെല്ലുവിളികൾ ഏറ്റെടുക്കാൻ അസാധാരണമായ ഒരു ധൈര്യം ഈ സാധാരണ യുവതിയിലുള്ളതായിദൈവം കണ്ടു. അങ്ങനെ മേരിയോടു തന്റെ മംഗളവാർത്ത മാലാഖ വഴി അറിയിച്ചു.ദൈവത്തിന്റെ മനസ്സറിഞ്ഞ മറിയം മാലാഖയോടു സമ്മതം പറഞ്ഞു.
മറിയം ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെട്ടില്ല
പാപ്പാ പ്രബോധിപ്പിക്കുന്ന “മറിയം ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെട്ടില്ല “എന്നതിനെ അടിസ്ഥാനമാക്കി പരിചിന്തനം ചെയ്യാൻ നാം ഇന്ന് പരിശ്രമിക്കുന്നു. കഴിഞ്ഞ ഖണ്ഡികയിൽ പാപ്പാ ചോദ്യംചെയ്യാനും, ഉത്തരം നൽകാനുള്ള സഭാമക്കളുടെ കടമയെക്കുറിച്ച് പ്രബോധിപ്പിച്ചു. ഈ ഖണ്ഡികയിൽ ദൈവത്തിന്റെ മുന്നിൽ പോലും ചോദ്യം ചെയ്യാൻ ഭയപ്പെടാത്ത മറിയത്തെ മാതൃകയാക്കാൻ നമ്മോടു ആഹ്വാനം ചെയ്യുന്നു.
ഇന്നത്തെ യുവതലമുറയ്ക്ക് ലഭിക്കുന്നത് പോലെയുള്ള അറിവും, ആധുനിക സാങ്കേതിക വിദ്യയും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ ദൈവത്തെക്കുറിച്ചുംദൈവത്തിന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്ന സ്നേഹത്തെക്കുറിച്ചും മറിയം അറിഞ്ഞിരുന്നു. ഈ അറിവിനെ അവൾ അനുഭവമാക്കി. അനുഭവത്തിൽ നിന്നാണ് ദൈവത്തിനോടു അവൾചോദ്യംചോദിച്ചത്. പാപം ചെയ്ത് തന്റെ ദൗത്യത്തിൽ നിന്നും വ്യതിചലിച്ച മനുഷ്യന്റെ മുന്നിൽ ദൈവമാണ് പഴയനിയമത്തിൽ ആദ്യമായിചോദ്യം ചോദിക്കുന്നത്. ആ ഉത്തരത്തിനു മറുപടി പറയാൻ കഴിയാത്ത മനുഷ്യൻ തന്റെ പരാജയം ഏറ്റുവാങ്ങി പറുദീസയിൽ നിന്നും പുറത്തു വന്നപ്പോൾ പറുദീസയുടെ പരിശുദ്ധിയിലേക്ക് അവന്റെ ദൗത്യ പൂർണ്ണതയിലേക്ക് വീണ്ടും അവനെ പ്രവേശിപ്പിക്കാൻ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായ രക്ഷകനെ അയയ്ക്കാൻ ദൈവം തിരുമനസ്സാകുന്നു. ആ തിരുഹിതഞ്ഞെ തന്റെ ഉദരത്തിൽ സ്വീകരിക്കാൻ ധൈര്യം കാണിച്ച മറിയംദൈവത്തോടു ചോദിച്ചത് ഇതെങ്ങനെ സംഭവിക്കും എന്നാണ്.
അബ്രഹാം എന്ന പൂർവ്വ പിതാവിനെ ദൈവം വിളിച്ചപ്പോൾ അന്യനാട്ടിലേക്കുള്ള യാത്രയും, സന്താന ഫലവും എല്ലാം അവ്യക്തമായിരുന്നു. എന്നിട്ടും അബ്രഹാം ധീരതയോടെ ഇറങ്ങി. അങ്ങനെ വിശ്വാസത്തിന്റെ പിതാവായി. പൂർവ്വ പിതാവായ അബ്രഹാമിൽ നിറഞ്ഞിരുന്ന വിശ്വാസം മറിയത്തെയും സ്വാധീനിച്ചു. വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് കണ്ട് തന്റെ ജീവിതത്തെ നിയന്ത്രിച്ച മറിയം ദൈവത്തിന്റെ മുന്നിൽ സമ്മതം മൂളുന്നു. ചോദ്യം ചെയ്യുന്നു.
ദൈവം തന്റെ ദൗത്യം നിർവ്വഹിക്കാൻ ഭൂമിയിൽ നിന്നും തിരഞ്ഞെടുത്ത മനുഷ്യർ തങ്ങളുടെ പ്രേക്ഷിത പ്രവർത്തനത്തിന്റെ വ്യക്തതയ്ക്ക് വേണ്ടിയാണ് ദൈവത്തോടു ചോദ്യം ചോദിച്ചിരുന്നത്. അബ്രഹാം ദൈവം തനിക്ക് നന്മ മാത്രമേ വരുത്തുമെന്ന് കണ്ണുമടച്ച് വിശ്വസിച്ച് ഇറങ്ങി. ആ വിശ്വാസത്തിൽ ഉറച്ചുനിന്നത് കൊണ്ടാണ് ഇസഹാക്ക് എന്ന പുത്രനെ ബലിയർപ്പിക്കാൻ ദൈവം ആവശ്യപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് വിശ്വാസത്തിൽ പതറാതെ ഉറച്ചു നിന്നത്. തന്റെ മേൽ വിശ്വാസമർപ്പിക്കുന്ന തന്റെ വിളിയോടു എപ്പോഴും പൂർണ്ണസമ്മതം തരുന്ന ഏതൊരു വ്യക്തിയെയുംദൈവം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല, കളയുകയല്ല, ഉപേക്ഷിക്കുകയില്ല എന്നതിന് തെളിവാണിത്.
ദൈവത്തിന്റെ എല്ലാ പ്രവാചകന്മാരും മോശയുൾപ്പെട്ട ശക്തരായ പ്രവാചകന്മാരും ദൈവത്തോടു ചോദ്യം ചോദിച്ചിരുന്നു.ദൈവം ഒരിക്കലും അവരുടെ ചോദ്യത്തെ നിരുത്സാഹപ്പെടുത്തുകയോ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ പ്രേക്ഷിത പ്രവർത്തനത്തിന്റെ തീക്ഷ്ണതയിൽ ജ്വലിക്കാൻ വേണ്ട വ്യക്തത അവർക്ക് ആവശ്യമാണെന്ന് ദൈവം അറിഞ്ഞിരുന്നു. ഇന്നും അത് അറിയുന്നു. വിശ്വാസത്തിന്റെ കാര്യത്തിൽ നമുക്ക് ദൈവത്തിന്റെ മനോഭാവവും ആവശ്യമാണ്. ചോദ്യങ്ങൾ ഉണ്ടാകണം. ചോദ്യങ്ങൾക്ക് ഉത്തരവും നമുക്ക് കണ്ടെത്താൻ കഴിയണം. സഭ അമ്മയാണ്. അമ്മയുടെ മുന്നിൽ മക്കൾ ഉയർത്തുന്ന ചോദ്യങ്ങൾക്കും വ്യക്തി പരമായി ഉത്തരം നൽകേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ട്. നമ്മുടെ ചോദ്യങ്ങൾ നമ്മുടെ സമർപ്പണത്തിനും നമ്മുടെ പ്രേക്ഷിത ദൗത്യത്തിന് വേണ്ടിയുള്ള വ്യക്തതയ്ക്കുംവേണ്ടിയായിരിക്കണം. വിമർശനങ്ങളും പ്രശംസകളും എപ്പോഴും ഒരു വ്യക്തിയെയോ സംഭവത്തെയോ സ്ഥാപനത്തേയോ വിടാതെ പിന്തുടരുന്ന പ്രതിഭാസമാണ്. വിമർശനങ്ങളെ വകവെയ്ക്കാതെ പ്രശംസയുടെ പുറകിൽ മാത്രം പോയാൽ യഥാർത്ഥമായ നമ്മുടെ വ്യക്തിത്വവും തനിമയും നമുക്ക് മറ്റുള്ളവർക്ക് നൽകുവാൻ കഴിയുകയില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.