കുരിശും കുരുത്തോലയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ
ഓരോ വർഷത്തെയും പെസഹാ ആരാധനക്രമം നമ്മെ അത്ഭുതാതിരേകത്താൽ നിറച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ജനം യേശുവിനെ ആനന്ദാരവത്തോടെ ജരൂസലേമിൽ വരവേല്‍ക്കുന്ന ഓശാന മഹോത്സവം മുതൽ അവിടുന്നു കുരിശിൽ മരിക്കുന്ന ദുഃഖവെള്ളിയുടെ മനോവ്യഥയുള്ള ദിവസംവരെയാണ് ഈ അത്ഭുതാതിരേകത്തിന്‍റെ അനുഭവം. സന്തോഷത്തിൽനിന്നും ദുഃഖത്തിലേയ്ക്കും വീണ്ടും ഉയർപ്പിന്‍റെ ആനന്ദത്തിലേയ്ക്കും മാറിമറിയുന്ന അത്ഭുതാതരിരേകം വിശുദ്ധവാരത്തിൽ ഉടനീളം മനസ്സിൽ ഊറിനില്ക്കുന്നു.
തുടക്കം മുതലേ ഈ അത്ഭുതാതിരേകം യേശു തന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൃശ്യമാക്കുന്നതു നമുക്കു കാണാം. പെസഹാനാളിൽ യേശുവിൽ ശക്തനായൊരു വിമോചകനെയാണ് ജനം പ്രതീക്ഷിച്ചത്. എന്നാൽ അവിടുന്ന് തന്‍റെ പെസഹ പൂർത്തിയാക്കുന്നത് കുരിശുമരണത്തിലാണ്, സ്വയാർപ്പണത്തിലാണ്. ജനം പ്രതീക്ഷിച്ചത് വാളെടുക്കുന്ന അവിടുത്തെ നേതൃത്വത്തിൽ റോമാക്കാരെ പലസ്തീനായിൽനിന്നും തുരത്തുമെന്നായിരുന്നു. എന്നാൽ അവിടുന്ന് ആശ്ലേഷിച്ചത് കുരിശാണ്. ഓശാന പാടിയവരാണ് അവനെ ക്രൂശിക്കുക എന്നും ആക്രോശിച്ചത്. രക്ഷകനായ യേശുവിനെ അനുഗമിക്കുന്നതിനു പകരം ജനം തങ്ങളുടേതായ ഒരു മിശിഹായുടേയും വിമോചകന്‍റേയും മനക്കോട്ട മെനയുകയായിരുന്നു. ജനം ഈശോയെ പ്രശംസിച്ചു, എന്നാൽ അവർ അവിടുത്തെ അത്ഭുതാതിരേകം കണ്ടില്ല.
പ്രശംസ വളരെ ലൗകീകമാകാം, കാരണം അത് അഭിരുചിക്കും പ്രതീക്ഷയ്ക്കും പ്രീതിക്കും ഇണങ്ങിയാണു പോകുന്നത്. എന്നാൽ അത്ഭുതാതിരേകം എല്ലാറ്റിനോടും എല്ലാവരോടും തുറവുള്ളതും, അവ കൊണ്ടുവരുന്ന നവീനതയോടു തുറവുള്ളതുമാണ്. ഇന്നും ലോകത്തിൽ ധാരാളം യുവജനങ്ങൾ യേശുവിനെ പ്രശംസിക്കുന്നുണ്ട്. കാരണം അവിടുത്തെ മൊഴികൾ മധുരവും മനോഹരവുമാണ്. അവിടുന്ന് എളിയവരെ സ്നേഹംകൊണ്ടും തന്‍റെ ക്ഷമാതിരേകംകൊണ്ടും നിറയ്ക്കുന്നു. അവിടുത്തെ മൂല്യങ്ങളും വാക്കുകളും ലോകചരിത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശംസയും ആരാധനയും പോരാ, നാം അവിടുത്തെ അനുഗമിക്കേണ്ടതുണ്ട്. അവിടുത്തെ വാക്കുകളും പ്രവൃത്തികളും നമ്മെ വെല്ലുവിളിക്കാൻ അനുവദിക്കണം. എങ്കിൽ മാത്രമേ, യേശുവിനെക്കുറിച്ചുള്ള പ്രശംസയും ആരാധനാ മനഃസ്ഥിതിയും അവിടുത്തെ കാലടിപ്പാടുകളെ അനുഗമിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയുള്ളൂ.
അവിടുന്നു താഴ്മയിലൂടെ മഹത്വമണിയുന്നുവെന്നും ചെറുമയിലൂടെ വലിമ അണിയുന്നുവെന്നുമാണ്. മാനുഷികമായ അന്വേഷണ ത്വരയിൽ നാം പൊതുവെ തള്ളിനീക്കുന്ന യാതനകൾ സഹിച്ചുകൊണ്ടും മരണം വരിച്ചുകൊണ്ടുമാണ് അവിടുന്നു വിജയം കൈവരിച്ചത്. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പ്രബോധിപ്പിച്ചിട്ടുള്ളതുപോലെ, “അവിടുന്നു സ്വയം ശൂന്യനാക്കി…. അവിടുന്നു സ്വയം വിനീതനാക്കി” (ഫിലി. 2, 7-8). സർവ്വശക്തൻ സ്വയം നിസ്സാരനാക്കി എന്നതാണ് അത്ഭുതാതിരേകം. സർവ്വജ്ഞാനിയായ ആദി വചനം കുരിശിലെ നിശബ്ദതയിൽനിന്ന് നമ്മോടു സംസാരിക്കുന്നു. മഹത്വമണിയേണ്ട ദൈവമായ ക്രിസ്തു, വിവസ്ത്രനായി മുൾക്കിരീടം ചൂടി. നന്മയുടെ മൂർത്തരൂപമായ അവിടുന്ന് നിന്ദിതനും പരിത്യക്തനുമായി. എന്തിനാണീ തരംതാഴ്ത്തൽ? എന്തിനാണ് ദൈവമായ ക്രിസ്തു ഇത്രയേറെ സഹിക്കേണ്ടിവന്നത്?
അവിടുന്ന് ഇതെല്ലാം ചെയ്തത് നമുക്കുവേണ്ടിയാണ്!
മാനുഷീക അനുഭവങ്ങളുടേയും നമ്മുടെ അസ്തിത്വത്തിന്‍റേയുംതന്നെ ആഴങ്ങളെയും നമ്മിലെ തിന്മകളേയും ഉഴുതു മറിക്കുവാനാണ് അവിടുന്ന് ഇതെല്ലാം ചെയ്തത്. നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. നമ്മെ വീണ്ടെടുക്കുവാനും രക്ഷിക്കുവാനുമാണ്. നമ്മുടെ യാതനകളുടെ ഗർത്തത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങുവാനാണ് അവിടുന്നു കുരിശിൽ ഉയർത്തപ്പെട്ടത്. അവിടുത്തെ പരാജയത്തിലും, എല്ലാം നഷ്ടമായ അവസ്ഥയിലും, ആത്മസുഹൃത്തുക്കളുടെ വഞ്ചനയിലും, ദൈവത്താൽപ്പോലും കൈവെടിയപ്പെട്ടുവെന്ന തോന്നലിലും നമ്മുടെ ജീവിത നൊമ്പരങ്ങളുടെ ആഴം അവിടുന്ന് അറിയുകയായിരുന്നു. തന്‍റെ ദൈവിക മേനിയിൽ മാനുഷികമായ മുറിവുകളും സംഘർഷങ്ങളും ഏറ്റെടുത്തുകൊണ്ടാണ് അവിടുന്ന് അവയെ വീണ്ടെടുത്തതും രൂപാന്തരപ്പെടുത്തിയതും.
നമ്മുടെ ബലഹീനതകളെ അവിടുത്തെ സ്നേഹം ആശ്ലേഷിക്കുകയും നാം ലജ്ജിച്ചു തള്ളുന്ന പലതിനെയും അവിടുത്തെ ദിവ്യകരങ്ങൾ സ്പർശിക്കുകയും ചെയ്യുന്നു. എന്നിട്ടും നാം ഒറ്റയ്ക്കല്ലെന്ന് നാം അറിയുന്നില്ല. നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ ചാരത്തുണ്ട്. അതിനാൽ ഒരിക്കലും പാപമോ, പൈശാചിക ശക്തികളോ നമ്മെ കീഴ്പ്പെടുത്തുമെന്നു കരുതേണ്ട. അതിനാൽ ദൈവം ജീവിക്കുന്നു, അവിടുന്നു വിജയിക്കുന്നു. എന്നാൽ ഓർക്കണം വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ട്. അതിനാൽ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തതാണ്, അഭേദ്യമാണ്.
അത്ഭുതാതിരേകത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാൻ ഈ വിശുദ്ധവാരത്തിൽ നമ്മുടെ കണ്ണുകൾ കുരിശിലേയ്ക്ക് ഉയർത്തി നോക്കാം. ക്രൂശിതനായ യേശുവിനെ ധ്യാനിച്ചിരുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് തന്‍റെ സഹസന്യാസികൾ എന്താണ് കരയാതിരിക്കുന്നതെന്ന് അത്ഭുതപ്പെട്ടു! ഇന്ന് നമ്മിൽ എന്താണ് സംഭവിക്കുന്നത്? ദൈവസ്നേഹത്തിന് ഇപ്പോഴും നമ്മെ വികാരാധീനരാക്കാൻ കഴിയുമോ? അവിടുത്തെ സ്നേഹമോർത്ത് ആശ്ചര്യപ്പെടാനുള്ള കഴിവ് നമുക്ക് നഷ്ടമായോ? ഒരു ശീലമായ് മാറിയതിലൂടെ നമ്മുടെ വിശ്വാസം മന്ദീഭവിച്ചിട്ടുണ്ടാകണം. നമ്മുടെ ഇച്ഛാഭംഗങ്ങളിലും വേദനകളിലും നാം കുടുങ്ങിക്കിടക്കുന്നതു കൊണ്ടാകാമിത്. നാം സ്വയം വിലയില്ലാത്തവരായി, അല്ലെങ്കിൽ നമ്മൾ അർപ്പിച്ചിരുന്ന വിശ്വാസംപോലും നഷ്ടമായി എന്ന തോന്നലിൽ നിന്നുമാകാമത്. ഈ സന്ദേഹങ്ങൾക്കെല്ലാറ്റിനും പിന്നിൽ അത്ഭുതാതിരേകത്തിന്‍റെ അനുഗ്രഹം പരിശുദ്ധാത്മാവിൽനിന്ന് ഏറ്റുവാങ്ങുവാനുള്ള തുറവു നമുക്ക് നഷ്ടപ്പെട്ടതാകാം ഇതിനു കാരണം.
കുരിശിലേയ്ക്ക് കണ്ണുകളുയർത്തി അവിടുത്തോടും നമുക്കു പറയാം, “ദൈവമേ, അങ്ങ് എന്തുമാത്രം എന്നെ സ്നേഹിക്കുന്നു! എന്നെ എന്തുമാത്രം വിലപ്പെട്ടവനായി അങ്ങ് കരുതുന്നു!!” യേശുവിൽ അത്ഭുതാതിരേകം കണ്ടുകൊണ്ട് നമുക്കു ജീവിതം പുനരാരംഭിക്കാം. ജീവിതത്തിന്‍റെ ഗാംഭീര്യം സമ്പത്തിലും ഉയർച്ചയിലുമല്ല, മറിച്ച് നാം സ്നേഹിക്കപ്പെടുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന ചാരിതാർത്ഥ്യത്തിലാണ്. ക്രൂശിതനായ യേശുവിൽ നാം കാണുന്നത് അപമാനിതനായ ദൈവത്തേയും നിരാകരിക്കപ്പെട്ട സർവ്വശക്തനേയുമാണ്. അത്ഭുതാതിരേകത്തിന്‍റെ അനുഗ്രഹത്താൽ പരിത്യജിക്കപ്പെട്ടവരേയും അവഗണിക്കപ്പെട്ടവരേയും സ്വീകരിക്കുമ്പോൾ യേശുവിനെയാണ് നാം സ്വാഗതം ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. കാരണം, അവിടെയാണ് ദൈവമുള്ളത്. അവഗണിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരീ സഹോദരന്മാരിൽ ഏറ്റവും എളിയവരായവരിലും ദൈവം വസിക്കുന്നു.
യേശുവിന്‍റെ മരണത്തെ തുടർന്ന് ഉടനെ സംഭവിക്കുന്ന അത്ഭുതാതിരേകത്തിന്‍റെ ഒരു പ്രതീകമാണ് ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നത്. യേശുവിന്‍റെ മരണം നേരിൽ കാണ്ട ശതാധിപൻ പറയുന്ന ദൃശ്യമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു (മർക്കോസ് 15, 33). യേശുവിന്‍റെ മരണം അയാൾ കണ്ടത് എങ്ങനെയാണ്? അവിടുന്ന് സ്നേഹത്തോടെ മരിക്കുന്നതാണ് അയാൾ കണ്ടത്. തീവ്രമായ വേദന അനുഭവിച്ചുവെങ്കിലും യേശു സ്നേഹിക്കുന്നത് ഒരിക്കലും നിർത്തിയില്ല. അഭൂതപൂർവ്വവും നിർലോഭവുമായ ആ സ്നേഹത്തിനു മുന്നിൽ അവിശ്വാസിയായ ശതാധിപൻ ദൈവത്തെ ദർശിച്ചു. ഇതാണ് മരണത്തിൽപ്പോലും സ്നേഹം നല്കുവാൻ കഴിയുന്ന ദൈവത്തിന്‍റെ അത്ഭുതാതിരേകം. “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനാണ്,” ശതാധിപന്‍റെ ഈ വാക്കുകൾ പീഡാനുഭവ വിവരണത്തിന്‍റെ മുഖമുദ്രയാണ്.
യേശുവിന്‍റെ അത്ഭുത പ്രവൃത്തികൾ കണ്ട ശതാധിപനുമുമ്പേ അനവധിപേർ അവിടുത്തെ ദൈവപുത്രനായി ആരാധിച്ചിരുന്നതായി സുവിശേഷം പറയുന്നുണ്ട്. ദൈവത്തിന്‍റെ ശക്തിയും മഹത്വവും ഭയന്ന് ആരാധിക്കുന്ന ഐഹികമായ തലത്തിലുള്ള ഭക്തിയെ യേശു നിശബ്ദമാക്കിയിരുന്നു. കുരിശിന്‍റെ ചുവട്ടിൽ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം അത് ഇനി തുടരാനാവില്ലെന്നത് പ്രകടമാണ്. നിരായുധാരയവരുടെ ഒപ്പമാണു താനെന്നും സ്നേഹത്തിന്‍റെ നിരായുധീകരിക്കുന്ന ശക്തിയാണ് തന്‍റെ രാജത്വമെന്നും അവിടുന്ന് വെളിവാക്കിയിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.