വൈവിധ്യത്തെ ആദരിച്ചു കൊണ്ടു തന്നെ ഐക്യം പുലര്‍ത്തണം; ഫ്രാന്‍സിസ് പാപ്പാ
ബാങ്കോക്ക്: വൈവിധ്യം തായ്ലണ്ടിന്റെ ആത്മാവാണെങ്കിലും ഈ വൈവിധ്യത്തിലും ഐക്യം കണ്ടെത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. തായ്ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പാ നടത്തിയ ആദ്യ ഔദ്യോഗിക പ്രഭാഷണത്തിലാണ് ഇങ്ങനെ പറഞ്ഞത്.
‘വംശവൈവിധ്യങ്ങള് നിലനില്‍ക്കുന്ന ദേശമെന്ന നിലയില്‍ തായ്ലണ്ട് വിവിധ വംശങ്ങളുമായി വളരെ സമാധാനപരമായാണ് പുലര്‍ന്നു പോരുന്നത്. നിങ്ങള്‍ പരസ്പര ബഹുമാനത്തോടെ ഇതര വംശങ്ങളോടും സംസ്കാരങ്ങളോടും ചിന്തകളോടും ആശയങ്ങളോടും വര്‍ത്തിക്കുന്നു’ പാപ്പാ പറഞ്ഞു.
‘നമ്മുടെ കാലഘട്ടത്തിന്റെ മുഖമുദ്ര ആഗോളവല്ക്കരണത്തിന്റേതാണ്. അത് പലപ്പോഴും വളരെ സങ്കുചിതമായി സാമ്പത്തികമായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളത്. വൈവിധ്യത്തിന്റെ സൗന്ദര്യം അത് പലപ്പോഴും നശിപ്പിച്ചു കളയുന്നു’ പാപ്പാ പറഞ്ഞു.
‘എന്നാല്‍, ഈ വൈവിധ്യത്തെ ആദരിച്ചും ബഹുമാനിച്ചും കൊണ്ടു തന്നെ നിങ്ങള്‍ പുലര്‍ത്തുന്ന ഐക്യം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പൈതൃകസ്വത്തായി പകര്‍ന്നു നല്‍കണം’ പാപ്പാ വിശദമാക്കി.