കുടിയേറ്റക്കാരും സ്‌നേഹിക്കപ്പെടേണ്ട മനുഷ്യരാണ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരെ ‘അപരര്‍’ ആയി കണക്കാക്കുന്ന മനസ്ഥിതിയെ ശക്തരായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അവരും മനുഷ്യരാണ്. ക്രിസ്തുശിഷ്യര്‍ സ്‌നേഹിക്കണം എന്ന് യേശു ക്രിസ്തു ആവശ്യപ്പെട്ടവരില്‍ കുടിയേറ്റക്കാരുമുണ്ട്, പാപ്പാ വിശദമാക്കി.
‘അവരും വ്യക്തികളാണ്. വെറും സാമൂഹിത വിഷയങ്ങളല്ല! കുടിയേറ്റക്കാര്‍ മനുഷ്യവ്യക്തികളാണ്. അവര്‍ ഈ സമൂഹത്തില്‍ നിന്ദിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ പ്രതീകമാണ്’ പാപ്പാ പറഞ്ഞു.
എന്നും കര്‍ത്താവിന്റെ നേരെ നോക്കി നിലവിളിക്കുന്ന ആ ചെറിയവരുടെ നേര്‍ക്ക് തന്റെ ചിന്തകള്‍ ഓരോ ദിവസവും പോകുന്നുവെന്ന് പാപ്പാ പറഞ്ഞു. അവരെ പീഡിപ്പിക്കുന്ന തിന്മകളില്‍ നിന്ന് അവരെ രക്ഷിക്കണേ എന്ന് താന്‍ ദൈവത്തോട് എന്നും പ്രാര്‍ത്ഥിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘ഈ ചെറിയവര്‍, ഈ പര്യത്യക്തര്‍ ചതിക്കപ്പെട്ട് മരുഭൂമിയില്‍ വച്ചു കൊല്ലപ്പെടുകയാണ്. ഈ ചെറിയവര്‍ പീഡിപ്പിക്കപ്പെടുകയാണ്, ദുരുപയോഗിക്കപ്പെടുകയാണ്, ഡീറ്റെന്‍ഷ്ന്‍ ക്യാംപുകളില്‍ വച്ച് ഹനിക്കപ്പെടുകയാണ്. കലിതുളളുന്ന കടലിന് അവര്‍ ഇരകളാകുന്നു’ പാപ്പാ വിലപിച്ചു.
‘സുവിശേഷഭാഗ്യങ്ങളുടെ ചൈതന്യത്തില്‍ അവരെ സമാശ്വസിപ്പിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അവരോട് നാം കരുണ കാണിക്കണം. നീതിക്കു വേണ്ടി അവര്‍ വിശക്കുന്നു. അവര്‍ ദൈവത്തിന്റെ പിതാവിനടുത്ത സ്‌നേഹം അനുഭവിക്കാന്‍ നാം അവരെ സഹായിക്കണം. അവരെ സ്വര്‍ഗരാജ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കണം’ പാപ്പാ പറഞ്ഞു.