കളകളുടെ ഉപമ, മാര്പാപ്പായുടെ വിശദീകരണം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം,
സ്വർഗ്ഗരാജ്യത്തെക്കുറിച്ച് ജനക്കുട്ടത്തോടു ഉപമകളിലൂടെ സംസാരിക്കാൻ ശ്രമിക്കുന്ന യേശുവിനെ നാം ഒരിക്കൽകൂടി കണ്ടുമുട്ടുകയാണ് ഇന്നത്തെ സുവിശേഷത്തിൽ (മത്തായി 13,24-43). ഞാനിന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആദ്യത്തെ, അതായത്, കളകളുടെ ഉപമയിലാണ്. ഈ ഉപമയിലൂടെ യേശു ദൈവത്തിൻറെ ക്ഷമ നമുക്കു കാണിച്ചുതരുകയും നമ്മുടെ ഹൃദയത്തെ പ്രത്യാശയിലേക്കു തുറക്കുകയും ചെയ്യുന്നു.
ധാന്യച്ചെടിയും കളകളും
നല്ല ധാന്യവിത്ത് വിതച്ച വയലിൽ കളകൾ മുളച്ചുപൊന്തിയെന്ന് യേശു പറയുന്നു. മണ്ണിനെ ദോഷകരമായി ബാധിക്കുന്ന എല്ലാ ചെടികളെയും സൂചിപ്പിക്കുന്നതാണ് കളകൾ എന്ന പദം. ഇന്ന് നമ്മുടെ ഇടയിൽ, മണ്ണ് നിരവധിയായ കളനാശിനികളും കീടനാശിനികളും കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നു പറയാം. ഇതാകട്ടെ അവസാനം കളകൾക്കു മാത്രമല്ല മണ്ണിനും ആരോഗ്യത്തിനും ഹാനികരമായി ഭവിക്കുന്നു. ഇത് ഇടയ്ക്കൊന്നു സൂചിപ്പിച്ചെന്നു മാത്രം. ഈ കളകളുടെ ഉത്ഭവം എവിടെനിന്നാണെന്നറിയാൻ ദാസന്മാർ യജമാനൻറെ പക്കലേക്കു പോകുന്നു. അദ്ദേഹം പറയുന്നു: “ശത്രുവാണ് ഇത് ചെയ്തത്” (മത്തായി 13,28). കാരണം നമ്മൾ വിതച്ചത് നല്ല ധാന്യവിത്താണ്! മത്സരിക്കുന്ന ഒരു ശത്രുവുണ്ട്. അവനാണ് ഇതു ചെയ്യാൻ വന്നത്. വളർന്നുകൊണ്ടിരിക്കുന്ന കളകൾ ഉടൻ പറിച്ചുകളാൻ ദാസന്മാർ തയ്യാറായി. എന്നാൽ യജമാനൻ അതിന് വിസ്സമ്മതിച്ചു. കാരണം കളകളോടൊപ്പം നല്ല ചെടികളും പറിച്ചുകളയുന്ന അപകടം അതിലുണ്ട്. അതുകൊണ്ട് കൊയ്ത്തുകാലം വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രം അവയെ തരം തിരിക്കുകയും കളകൾ തീയിലിട്ടു ചുട്ടുകളയും ചെയ്യും. ഈ വിവരണം സാമാന്യ ബുദ്ധിയുടെ ആവിഷ്ക്കാരവുമാണ്.
ശിഷ്ടനെതിരെ പോരാടുന്ന ദുഷ്ടൻ
ഈ ഉപമയിൽ ഒരു ചരിത്ര ദർശനം വായിച്ചെടുക്കാൻ സാധിക്കും. എന്നും നല്ല വിത്തുമാത്രം വിതയ്ക്കുന്ന ദൈവത്തിൻറെ, അതായത്, വയലിൻറെ ഉടമസ്ഥൻറെ ചാരെ ധാന്യച്ചെടിയുടെ വളർച്ചയെ ഞെരുക്കുന്ന കളകളുടെ വിത്തെറിയുന്ന ഒരു ശത്രുവുണ്ട്. യജമാനൻ, സൂര്യപ്രകാശത്തിൽ പരസ്യമായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിൻറെ ലക്ഷ്യമാകട്ടെ നല്ല വിളവെടുപ്പാണ്. എന്നാൽ, അപരൻ, അതായത്, ശത്രുവാകട്ടെ, രാത്രിയുടെ ഇരുളിനെ മുതലെടുക്കുകയും അസൂയയും ശത്രുതയും പുലർത്തിക്കൊണ്ട് സകലവും നശിപ്പിക്കുന്നതിനായി യത്നിക്കുകയും ചെയ്യുന്നു. യേശു സൂചിപ്പിക്കുന്ന എതിരാളിക്ക് ഒരു പേരുണ്ട്, അവൻ പിശാചാണ്, ദൈവത്തിൻറെ അനിവാര്യ ശത്രുവാണ്. രക്ഷാകരപദ്ധതി മുടക്കുകയാണ് അവൻറെ ലക്ഷ്യം. അനീതി പ്രവർത്തിക്കുകയും ഉതപ്പുകൾ വിതയ്ക്കുകയും ചെയ്യുന്നവരെക്കൊണ്ട് ദൈവരാജ്യത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. വാസതവത്തിൽ നല്ല വിത്തും കളകളും അമൂർത്ത നന്മതിന്മകളെയല്ല പ്രതിനിധാനം ചെയ്യുന്നത്, പ്രത്യുത, ദൈവത്തെയൊ, അല്ലെങ്കിൽ, പിശാചിനെയൊ അനുഗമിക്കാൻ കഴിയുന്ന മനുഷ്യരായ നമ്മെയാണ്. സമാധാനം വാണിരുന്ന ഒരു കുടുംബത്തിൽ പിന്നീട് കലഹങ്ങളും അസൂയയും കടന്നുകൂടിയെന്ന്, ശാന്തി പുലർന്നിരുന്ന ഒരു പ്രദേശം പിന്നീട് ദുഷ്ചെയ്തികളുടെ വേദിയായെന്ന്, നിരവധി തവണ നാം കേട്ടിണ്ട്. “ആരോ വന്ന് കളകൾ വിതച്ചു” അല്ലെങ്കിൽ, ആ കുടുംബാംഗം പരദൂഷണം പറഞ്ഞുകൊണ്ട് കളകൾ വിതയയ്ക്കുകയാണ്” എന്നൊക്കെ പറയുക നമുക്കിടയിൽ സാധാരണമായിരിക്കുന്നു. ഇത് എന്നും വിനാശകരമായ വിത്തു വിതയ്ക്കുന്നു. എന്നും ഈ പ്രവർത്തി ചെയ്യുന്നത് പിശാചാണ്, അല്ലെങ്കിൽ നമ്മുടെ പ്രലോഭനമാണ്. മറ്റുള്ളവരെ നശിപ്പിക്കുന്നതിനായുള്ള വൃഥാഭാഷണത്തിൻറെ പ്രലോഭനത്തിൽ നാം വീഴുമ്പോൾ ഇതു സംഭവിക്കുന്നു.
ദീർഘവീക്ഷണം അനിവാര്യം
ദാസന്മാരുടെ ലക്ഷ്യം, തിന്മയെ, അതാത്, ദുഷ്ടന്മാരെ, ഉടനടി ഉന്മൂലനം ചെയ്യുകയാണ്. എന്നാൽ, യജമാനൻ കൂടുതൽ വിവേകമതിയാണ്, ദീർഘവീക്ഷണം ഉള്ളവനാണ്. ദാസന്മാർ കാത്തിരിക്കേണ്ടിയരിക്കുന്നു. കാരണം പിഢനങ്ങളും ശത്രുതയും അനുഭവിക്കുകയെന്നത് ക്രിസ്തീയ വിളിയുടെ ഭാഗമാണ്. തിന്മയെ എന്നും തള്ളിക്കളയണം എന്നതു ശരിതന്നെ, എന്നാൽ ദുഷ്ടന്മാരുടെ കാര്യത്തിൽ ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു. അവ്യക്തതയെ മറച്ചുവയ്ക്കുന്ന കപടമായ ഒരു സഹനമല്ല, മറിച്ച്, കരുണ്യത്താൽ മൃദുവാക്കപ്പെടുന്ന നീതിയാണ് ഇവിടെ വിക്ഷ. നീതിമാന്മാരെക്കാൾ പാപികളെ തേടിയാണ്, ആരോഗ്യവാന്മാരെയല്ല, രോഗികളെ ശുശ്രൂഷിക്കാനാണ്, യേശു വന്നത് (മത്തായി 9,12-13). അവിടത്തെ ശിഷ്യന്മാരുടെയും പ്രവർത്തി ദുഷ്ടരെ അടിച്ചമർത്തുകയല്ല അവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണം. അവിടെയാണ് ക്ഷമ ആവിഷ്കൃതമാകുന്നത്.
രണ്ടു വഴികൾ
ഈ സുവിശേഷ ഭാഗം ചരിത്രത്തിൽ പ്രവർത്തിക്കുകയും അത് ജീവിക്കുകയും ചെയ്യുന്നിനുള്ള രണ്ടു വഴികൾ അവതരിപ്പിക്കുന്നു, അതായത്, ഒരു വശത്ത് യജമാനൻറെ ദീർഘവീക്ഷണം, മറുവശത്താകട്ടെ, പ്രശ്നത്തെ മാത്രം കാണുന്ന ദാസന്മാരുടെ ദർശനം. കളകളില്ലാത്ത ഒരു വയലാണ് ദാസന്മാരുടെ മനസ്സിലുള്ളത്, എന്നാൽ യജമാനനെ സംബന്ധിച്ചിടത്തോളം പ്രധാനം നല്ല ധാന്യമാണ്. നല്ല ധാന്യത്തെ ഉറ്റുനോക്കുന്ന തൻറെ വീക്ഷണം സ്വീകരിക്കാനാണ്, കളകൾക്കിടയിലും നല്ല ധാന്യച്ചെടികളെ സംരക്ഷിക്കാൻ അറിയുന്നവനായ, കർത്താവ് നമ്മെ ക്ഷണിക്കുന്നത്. മറ്റുള്ളവരുടെ പരിമിതികളെയും വൈകല്യങ്ങളെയും വേട്ടയാടുന്നവർ ദൈവവുമായി ശരിയാംവണ്ണം സഹകരിക്കുയല്ല ചെയ്യുന്നത്. എന്നാൽ സഭയുടെയും ചരിത്രത്തിൻറെയും വയലിൽ നിശബ്ദമായി വളരുന്ന നന്മ തിരിച്ചറിയാൻ പ്രാപ്തരായവർ അവ പക്വത പ്രാപിക്കുന്നതു വരെ അവയെ പരിപാലിക്കുന്നു. അപ്പോൾ ദൈവം, അവിടന്നു മാത്രമായിരിക്കും ശിഷ്ടർക്ക് സമ്മാനവും ദുഷ്ടർക്ക് ശിക്ഷയും നല്കുക. ദൈവത്തിൻറെ ക്ഷമ എന്തെന്ന് മനസ്സിലാക്കാനും അത് അനുകരിക്കാനും കന്യകാ മറിയം നമ്മെ സഹായിക്കട്ടെ. പിതൃസന്നിഭ സ്നേഹത്താൽ താൻ സ്നേഹിക്കുന്ന തൻറെ മക്കളിൽ ആരുംതന്നെ നഷ്ടപ്പെട്ടുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല
അവിരാമം തുടരുന്ന മഹാമാരിയുടെ ഈ വേളയിൽ കോവിദ് 19 രോഗത്തെയും ഈ മഹാമാരിമൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക, സാമൂഹ്യ പ്രതിസന്ധികളെയും നേരിടുന്ന എല്ലാവർക്കും തൻറെ ആദ്ധ്യാത്മിക സാന്നിധ്യം പാപ്പാ തദ്ദവസരത്തിൽ ഉറപ്പുനല്കി.
സംഘർഷവേദികളിൽ സമാധാനം സംജാതമാകട്ടെ!
സംഘർഷങ്ങൾ മൂലം കൂടുതൽ യാതനകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
അടുത്തയിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അംഗീകരിച്ച ഒരു പ്രമേയത്തിൻറെ ചുവടു പിടിച്ച് താൻ ആഗോളതലത്തിലുള്ള സത്വര വെടിനിറുത്തലിനുള്ള ആഹ്വാനം നവീകരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ശാന്തിയും, മാനവികസഹായം എത്തിക്കുന്നതിന് അനിവാര്യമായ സുരക്ഷിതത്വവും സംജാതമാക്കുന്നതിന് വെടിനിറുത്തൽ അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കി.
കൗകാസുസ് പ്രദേശത്തെ അധികരിച്ച് അർമേനിയായും അസ്സെർബെയ്ജാനും തമ്മിൽ അടുത്തയിടെ ഉണ്ടായ സായുധസംഘർഷത്തിൽ തൻറെ ആശങ്കയറിയിച്ച പാപ്പാ ഈ ഏറ്റുമുട്ടലുകൾ ജീവൻ അപഹരിച്ചവരുടെ കടുംബങ്ങൾക്ക് തൻറെ പ്രാർത്ഥനാസഹായം ഉറപ്പേകി.
അന്താരാഷ്ട്ര സമൂഹത്തിൻറെ പരിശ്രമവും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണവും അവരുടെ സന്മനസ്സും വഴി, പ്രിയപ്പെട്ട ഈ ജനതകളുടെ നന്മ ലക്ഷ്യം വയ്ക്കുന്ന, സ്ഥായിയും സമാധാനപരവുമായ ഒരു പരിഹാരം സാധ്യമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.