ഹൃദയത്തെ തടയുന്ന കല്ലെടുത്ത് മാറ്റുക; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: നമ്മുടെ ഹൃദയങ്ങളെ കല്ലറയില്‍ അടച്ചിടുകയും ഹൃദയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന്് ദൈവത്തെ തടയുകയും ചെയ്യുന്ന കല്ല് എടുത്ത് മാറ്റാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ഈസ്റ്റര്‍ രാവില്‍ പ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ.
‘ദൈവം നമ്മെ വിളിക്കുന്നു: അവിടുത്തെ സ്വരം കേട്ട് ഉണരുക. എഴുന്നേല്ക്കുക. മുകളിലേക്ക് നോക്കുക. നാം സ്വര്‍ഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്. ഈ ഭൂമിക്കു വേണ്ടിയല്ല. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മരണത്തിന്റെ ആഴത്തിനു വേണ്ടിയല്ല ജീവന്റെ ഉയരങ്ങള്‍ക്കു വേണ്ടിയാണ്’ പാപ്പാ പറഞ്ഞു.
‘ഓരോരുത്തരും ഇന്ന് രാത്രി ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്തണം. അതിനായി നമ്മുടെ ഹൃദയത്തില്‍ നിന്ന് വലിയ ഭാരമുള്ള കല്ലുകള്‍ എടുത്തു മാറ്റണം. ഒരു നിമിഷം സ്വയം ചോദിക്കുക: ഏത് കല്ലാണ് ഞാന്‍ എടുത്തു മാറ്റേണ്ടത്?’ പാപ്പാ ചോദിച്ചു.
പാപത്തിന്റെ കല്ലുകളാണ് പല ഹൃദയങ്ങളെയും തടസ്സപ്പെടുത്തുന്നത് എന്ന് പാപ്പാ വ്യക്തമാക്കി. മരിച്ചവര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നതാണ് പാപം. അതിന് കടന്നു പോകുന്ന കാര്യങ്ങളോടാണ് പ്രിയം. പാപം നമ്മെ ആകര്‍ഷിക്കുന്നു. അതിവേഗം ലഭിക്കുന്ന സന്തോഷങ്ങളും വിജയങ്ങളും സമൃദ്ധിയുമെല്ലാം അത് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അതിന്റെ ഫലമോ? ഏകാന്തതയും മരണവും മാത്രം, പാപ്പാ വിശദമാക്കി.
എന്തു കൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥ വെളിച്ചമായ യേശുവിനെ തെരഞ്ഞെടുക്കുന്നില്ല? ഈ ലോകത്തിലെ ശൂന്യമായ കാര്യങ്ങളോട് പറയൂ, ഇനി ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയല്ല ജീവന്റെ നാഥനു വേണ്ടിയാണ് ജീവിക്കുന്നത്! പാപ്പാ ആഹ്വാനം ചെയ്തു.