ക്രിസ്ത്യാനികള്‍ തോല്‍വിയുടെ മുന്നില്‍ മനസ്സു മടുക്കരുത്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മനസ്സു തളരുന്നതും ആത്മീയമായി തളര്‍ച്ച ബാധിക്കുന്നതും ജീവിതത്തില്‍ നിന്ന് പ്രത്യാശയെ നീക്കി കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിസ്ത്യാനികള്‍ തോല്‍വികളില്‍ മനസ്സു തളരാതെ നോക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പ്രയാസങ്ങളും വെല്ലുവിളികളും നേരിടുമ്പോള്‍ ക്രിസ്ത്യാനികള്‍ തോല്‍വി മനസ്സാ വരിച്ച് പരാതികളും അസംതൃപ്തിയുമായി ജീവിക്കുന്നത് കാണുന്നുവെന്ന് മാര്‍പാപ്പാ പറഞ്ഞു. നിരാശ പിശാചിന് അവന്റെ തിന്മയുടെ വിത്ത് വിതയ്ക്കാനുള്ള അനുയോജ്യമായ നിലമാണെന്ന് ഓര്‍ക്കണം, പാപ്പാ മുന്നറിയിപ്പ് നല്കി.
നിയമാവര്‍ത്തന പുസ്തകത്തില്‍ മനസ്സ് മടുത്ത ഇസ്രായേല്‍ക്കാര്‍ ദൈവത്തിനെതിരെ മുറുമുറുക്കുന്ന ഭാഗം വായിച്ച് വിശദീകരിക്കുകയായിരുന്നു പാപ്പാ. ഇത്തരം മടുപ്പും തളര്‍ച്ചയും നമ്മുടെ ഹൃദയത്തില്‍ നിന്ന് പ്രത്യാശ എന്ന ദൈവീക പുണ്യത്തെ നീക്കി കളയുന്നു.
നിരാശയുടെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അത് നാം സ്വീകരിച്ച നല്ല കാര്യങ്ങള്‍ മറന്നു കളയുകയും തിന്മ മാത്രം ഓര്‍ത്തു വയ്ക്കുകയും ചെയ്യും. ഇത് ആത്മീയമായി അപകടകരമാണ്. അതിനെതിരെ ജാഗ്രത വേണം, പാപ്പാ ഓര്‍മിപ്പിച്ചു.