എന്താണ്‌ ആഗമനകാലത്തിന്‍റെ അടിസ്ഥാന സ്വഭാവം? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തരുന്നു

ക്രിസ്തുവിന്‍റെ ആഗമനം നല്കുന്ന ആനന്ദം
ആഗമനകാലത്തിന്‍റെ അടിസ്ഥാന സ്വഭാവം ആനന്ദമാണ്. സ്നേഹമുള്ള ഒരു വ്യക്തിയുടെ ആഗമനം സന്തോഷത്തോടെ നാം വരവേല്‍ക്കുന്നതുപോലെ, യേശുവിന്‍റെ ജനനോത്സവത്തിനായി നാം ആകാംക്ഷയോടും ആനന്ദത്തോടുംകൂടെ കാത്തിരിക്കുന്ന നാളുകളാണ് ആഗമനകാലം. ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്നേഹിതന്‍റെ വരവു നാം കാത്തിരിക്കുന്നതുപോലെ, ആനന്ദപൂര്‍ണ്ണമായ ഒരു കാത്തിരിപ്പാണിത്. ഇപ്രകാരമൊരു പ്രത്യേക സന്തോഷവുമായിട്ടാണ് ആഗനമകാലത്തിലെ മൂന്നാംവാരം നാം ആഘോഷിക്കുന്നത്. “കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍…” എന്ന പ്രവേശന പ്രഭണിതവുമായിട്ടാണ് മൂന്നാംവാരം നാം ആചരിക്കുന്നത് (ഫില. 4, 4-5). രക്ഷകന്‍റെ ആഗമനത്തിലുള്ള മാനവികതയുടെ സന്തോഷമാണിത്. അവിടുത്തെ വരവിനോടു നാം അടുക്കുമ്പോള്‍ ആനന്ദം അത്രത്തോളം തിരതല്ലുന്നു. മറിച്ചു നാം അവിടുത്തെ വരവില്‍നിന്നും എത്രയും അകന്നിരിക്കുന്നുവോ അത്രയും ദുഃഖവും വിഷാദവും മനസ്സില്‍ ഊറിനില്ക്കും. ഇന്നു മാനവകുലം എല്ലാവിധത്തിലും ഒരു “മരണസംസ്കാര”ത്തിന്‍റെ വ്യഥയിലാണെന്നു പറയാമെങ്കിലും, ക്രിസ്തു ഉത്ഥിതനാണ്. ഉത്ഥിതനും നമ്മിലേയ്ക്കു വരുന്നവനുമാണ്. നമ്മുടെ രക്ഷകനായി വന്ന ക്രിസ്തുവില്‍ ലഭിക്കുന്ന ആനന്ദത്തെക്കുറിച്ചു ചിന്തിക്കാം

ആഗമനത്തിന് ഏറെ ഒരുങ്ങിയ സ്നാപകന്‍
കന്യകാനാഥയ്ക്കും വിശുദ്ധ യൗസേപ്പിതാവിനും ശേഷം ക്രിസ്തുവിന്‍റെ ആഗമനത്തില്‍ ഏറെ ഒരുങ്ങുകയും ആനന്ദിക്കുകയുംചെയ്ത സ്നാപക യോഹന്നാന്‍റെ വ്യക്തിത്വമാണ് ആഗമനകാലത്തെ മൂന്നാം ഞായറാഴ്ച സുവിശേഷത്തില്‍ ധ്യാനിക്കുന്നത് (യോഹ. 1, 6-8, 19-25). “ദൈവത്താല്‍ അയയ്ക്കപ്പെട്ടൊരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേരു യോഹന്നാന്‍ എന്നായിരുന്നു.,,,” എന്നു കുറിച്ചുകൊണ്ട് ഏറെ ഹൃദ്യമായ വിധത്തിലാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുന്നത്. വെളിച്ചത്തിനു സാക്ഷ്യംവഹിക്കുവാനാണ് അയാള്‍ വന്നത് (6-7). വാക്കിലും പ്രവൃത്തിയിലും ജീവിതംകൊണ്ടും ക്രിസ്തുവിന്‍റെ ആദ്യസാക്ഷിയാണ് സ്നാപക യോഹന്നാന്‍. ‌ക്രിസ്തുവിനെ രക്ഷകനായി യോഹന്നാന്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ തന്‍റെ ജീവിതദൗത്യം പൂര്‍ത്തീകരിച്ചുവെന്നും അവിടുന്നു പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നുവെന്നും കൃത്യമായി പഠിപ്പിക്കുന്നത് എല്ലാ സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ച താപസന്‍
തന്‍റെ കാലഘട്ടത്തിന്‍റെ നായകനായിരുന്നു സ്നാപക യോഹന്നാനെന്നു പാപ്പാ വിശേഷിപ്പിച്ചു. യൂദയ മുഴുവനിലും ഗലീലിയായ്ക്ക് അപ്പുറവും അയാളുടെ കീര്‍ത്തി പടര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ കീര്‍ത്തിക്കായുള്ള പ്രലോഭനത്തിന് അകപ്പെടാതിരിക്കുവാന്‍ അയാള്‍ ഏറെ ശ്രദ്ധാലുവുമായിരുന്നു. വരുവാനിരിക്കുന്നവനിലേയ്ക്ക് അയാള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. തന്‍റെ പിന്നാലെ വരുന്നവന്‍റെ ചെരുപ്പിന്‍റെ വാറ് അഴിക്കുവാന്‍പോലും യോഗ്യനായിരുന്നില്ലെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി (27). എന്നിട്ട് എല്ലാവര്‍ക്കും ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയും ചെയ്തു, തന്‍റെ ശിഷ്യന്മാരെപ്പോലും ക്രിസ്തുവിന്‍റെ പക്കലേയ്ക്കു പറഞ്ഞയച്ചത് പാപ്പാ ചൂണ്ടിക്കാട്ടി

ക്രിസ്തുവിലേയ്ക്ക് നയിച്ചവര്‍
നസ്രത്തിലെ മറിയവും അപ്രകാരമായിരുന്നു… യേശുവിന്‍റെ പക്കലേയ്ക്ക് എല്ലാവരെയും പറഞ്ഞയച്ചു. “അവിടുന്നു പറയുന്നതുപോലെ എല്ലാം ചെയ്യുക…” എന്നാണ് മറിയം കൂടെയുണ്ടായിരുന്നവരോടു പറഞ്ഞത്. വിശുദ്ധാത്മാക്കളും ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുത്തവരായിരുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കകയാണ് അതിനാല്‍ ജീവിതവിശുദ്ധിക്കുള്ള മാര്‍ഗ്ഗമെന്ന് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തുസ്നേഹത്തിന്‍റെ ബലതന്ത്രം
തന്നില്‍നിന്നും വികേന്ദ്രീകരിച്ച്, കേന്ദ്രസ്ഥാനത്തു ക്രിസ്തുവിനെ സ്ഥാപിക്കുന്നത് ക്രൈസ്തവാനന്ദത്തിന്‍റെ ആദ്യവ്യവസ്ഥയാണ്. ഇത് ഒറ്റപ്പെടലല്ല, കാരണം ക്രിസ്തു വ്യക്തിജീവിതത്തിന്‍റെ കേന്ദ്രമായി മാറുന്നു. ക്രിസ്തു ജീവിതത്തിനു പ്രകാശമാവുകയും, അവിടുന്നു മര്‍ത്ത്യജീവിതങ്ങള്‍ക്ക് അര്‍ത്ഥമായി മാറുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിന്‍റെ ബലതന്ത്രമാണ്. എന്‍റെ സ്വാര്‍ത്ഥതയില്‍നിന്നും പറത്തുവന്ന്, എന്നെത്തന്നെ പൂര്‍ണ്ണമായും മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുവാനുള്ള ഒരു അവസ്ഥയില്‍ എത്തിച്ചേരുന്നതാണ് ക്രിസ്ത്വാനുകരണമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

യഥാര്‍ത്ഥമായ സന്തോഷം തേടല്‍ – ക്രിസ്ത്വാനുകരണം
നീണ്ടൊരു യാത്രയുടെ അന്ത്യത്തിലാണ് യോഹന്നാന്‍ സന്തോഷത്തോടെ ക്രിസ്തുവിന്‍റെ സാക്ഷിയായത്. ആനന്ദത്തിലേയ്ക്കുള്ള ഈ യാത്ര ഒരു ഉദ്യാനയാത്രയോ, ഉല്ലാസയാത്രയോ അല്ല. സന്തോഷത്തിലുള്ള യാത്ര കഠിനാദ്ധ്വാനത്തിന്‍റേതാണ്. ദൈവത്തിനായി സമര്‍പ്പിക്കുവാനും അവിടുത്തെ ശ്രവിക്കുവാനുമായി മുഴുഹൃദയത്തോടും ആത്മാവോടുംകൂടെ ഒരു യുവാവായിരിക്കെ സ്നാപകന്‍ മറ്റെല്ലാം ഉപേക്ഷിച്ചു. മരുഭൂമിയിലേയ്ക്ക് യോഹന്നാന്‍ പിന്‍വാങ്ങിയത് ഉപരിപ്ലവമായത് ഉപേക്ഷിക്കുവാനും, അരൂപിയുടെ സ്വരത്തിന് കാതോര്‍ക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. യോഹന്നാന്‍റെ ചില വ്യക്തിത്വഭാവങ്ങള്‍ തനിമയുള്ളവയാണ്. അന്യൂനവും ആവര്‍ത്തിക്കപ്പെടാനാവാത്തതുമാണ്. അവ ഉള്‍ക്കൊള്ളുവാന്‍ കഠിനവുമാണ്.

എന്നാല്‍ യഥാര്‍ത്ഥമായ സന്തോഷം തേടുന്നവര്‍ക്ക് സഭയില്‍ ക്രിസ്ത്വാനുകരണത്തിനും സുവിശേഷ പ്രഘോഷണത്തിനുമുള്ള ഉദാത്തവും മാതൃകാപരവുമായ ജീവിതമാണ് സ്നാപകന്‍ കാണിച്ചുതരുന്നത്. ഈ ജീവിതമാതൃക നമ്മില്‍ പകര്‍ത്തണമെങ്കില്‍ നാം ലൗകികതയില്‍നിന്നും പിന്‍വാങ്ങണം. നമ്മെ ആകര്‍ഷണത്തിന്‍റെ കേന്ദ്രമാക്കിക്കൊണ്ടല്ല, ക്രിസ്തുവിനെ ജീവിതത്തിന്‍റെ കേന്ദ്രമാക്കി, നാമുമായി ബന്ധപ്പെടുന്നവരെ അവിടുത്തെ പക്കലേയ്ക്കു പറഞ്ഞയച്ചുകൊണ്ടും, അവിടുത്തെ കാണിച്ചുകൊടുത്തുകൊണ്ടുമാണ് നാം അപ്രകാരം ചെയ്യേണ്ടത്.

ക്രിസ്തുവിനെ കണ്ടെത്തുന്ന ആനന്ദം
എന്നും ക്രിസ്തുവിലേയ്ക്കു തിരിഞ്ഞിരിക്കുന്ന സന്തോഷമാണിത്. ഈ സന്തോഷമാണ് ക്രൈസ്തവന്‍റെ ആനന്ദമാകേണ്ടത്. ഇത് ക്രിസ്തുവിലുള്ള ആനന്ദവും, ക്രിസ്തുവിനെ കണ്ടെത്തുന്നതിലുള്ള ആനന്ദവുമാണ്. ഈ ആനന്ദം വിശ്വാസജീവിതത്തിന്‍റെ അടയാളവുമാണ്. ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളില്‍പ്പോലും ക്രിസ്തു എന്നിലുണ്ട്, എന്‍റെ കൂടെയുണ്ട് എന്ന ചിന്ത നമുക്ക് ആനന്ദം നല്കും. ഉത്ഥിതനായ ക്രിസ്തുവാണ് എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം. ക്രിസ്തുവിന്‍റെ സന്തോഷം പ്രസരിപ്പിക്കുന്ന ഒരു ക്രൈസ്തവരാണോ തങ്ങളെന്ന് ഈ ആഗമനകാലത്ത് വിലയിരുത്താമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles