സഹിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: രോഗികളും സഹനങ്ങളിലൂടെ കടന്നു പോകുന്നവരും യേശുവിന്റെ കുരിശിന് ചുവട്ടില്‍ നില്‍ക്കുന്നവരാണെന്നും ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് വില കല്പിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന് അവരുടെ പ്രാര്‍ത്ഥന ആവശ്യാണ്, പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ കുരിശിന് ചുവട്ടില്‍ നില്‍ക്കുന്നവരാണ്. ഒരു പക്ഷേ ഏകാകികളായി, ഒറ്റപ്പെട്ടവരായി, പരിത്യക്തരായി, വീടില്ലാത്തവരായി, കുടുംബത്തില്‍ നിന്നോ രാജ്യത്ത് നിന്നോ പുറംതള്ളപ്പെട്ടവരായി, മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും രോഗത്തിന്റെ ഇരകളായി… ഓര്‍ക്കുക, ദൈവം നിങ്ങളെ സ്നേഹിക്കുന്നു. അവിടുന്ന് വളരെ പ്രത്യേകമായി നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നു’ ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ത്ഥാടകര്‍ക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.
‘പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, എനിക്ക് നിങ്ങളെ ഓരോരുത്തരെയും വേണം. ലോകം സഹനങ്ങളിലൂടെ കടന്നു പോകുന്നു, നിങ്ങളുടെ പ്രാര്‍ത്ഥന ദൈവത്തെ സ്പര്‍ശിക്കുന്നു’ പാപ്പാ പറഞ്ഞു.
‘ലൂര്‍ദില്‍ പരിശുദ്ധ മറിയമാണ് നിങ്ങളെ വരവേല്‍ക്കുന്നത്. അവള് അമലോത്ഭവയാണ്. പാവപ്പെട്ട ഒരു ഇടയപ്പെണ്കുട്ടിയായ ബെര്‍ണാഡെറ്റിന് അവള് പ്രത്യക്ഷപ്പെട്ടു. നമ്മള് പാവങ്ങളും ചെറിയവരും ആണെന്ന് തിരിച്ചറിയുന്നത് ഒരു സദ്വാര്‍ത്തയാണ്. ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില് നിന്നും ദൈവം മറിച്ചു വച്ചത് അവിടുന്ന് തന്റെ ചെറിയവര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു’ പാപ്പാ പറ്ഞ്ഞു.
‘പാവങ്ങളും ചെറിയവരുമായ നിങ്ങള്‍ തിരുസഭയുടെ നിധിയാണ്. നിങ്ങള്‍ മാര്‍പാപ്പായുടെ ഹൃദയത്തിലുണ്ട്, മാതാവിന്റെ ഹൃദയത്തിലുണ്ട്, ദൈവത്തിന്റെ ഹൃദയത്തിലുണ്ട്’ പാപ്പാ കൂട്ടിച്ചേര്‍ത്തു.