യഹൂദവിരോധം ക്രിസ്ത്യാനികള്‍ക്ക് യോജിച്ചതല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരോധത്തെ ഫ്രാന്‍സിസ് പാപ്പാ അപലപിച്ചു. ഇത്തരം മനോഭാവം ക്രിസ്ത്യാനികള്‍ക്ക് യോജിച്ചതല്ലെന്നും മനുഷ്യത്വഹീനമാണെന്നും പാപ്പാ തുറന്നടിച്ചു.
‘ചരിത്രത്തില്‍ വളരെയേറെ സഹിച്ചവരാണ് യഹൂദര്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ നാം യഹൂദര്‍ക്കെതിരായ അനേകം ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിച്ചു. അതെല്ലാം അവസാനിച്ചു എന്നാണ് നാം കരുതിയത്. എന്നാല്‍ യഹൂദരെ പീഡിപ്പിക്കുന്ന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സഹോദരങ്ങളേ, യഹൂദ വിരോധം മനുഷ്യത്വത്തിന് ചേര്‍ന്നതോ ക്രിസ്ത്യാനികള്‍ക്ക് ചേര്‍ന്നതോ അല്ല. യഹൂദജനം നമ്മുടെ സഹോദരങ്ങളാണ്. അവരെ പീഡിപ്പിക്കരുത്’ പാപ്പാ പറഞ്ഞു.
യൂറോപ്പില്‍ യഹൂദവിരോധം ഈയിടെയായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പാപ്പാ ഇത് പറഞ്ഞത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ യഹൂദവിരോധം വര്‍ദ്ധിച്ചിരിക്കുന്നതായി യൂറോപ്യന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ് വെളിപ്പെടുത്തി.
ഇ്ക്കഴിഞ്ഞ ഒക്ടോബറില്‍ യഹൂദവിരോധിയായ ഒരാള്‍ ജര്‍മനിയിലെ ഒരു സിനഗോഗില്‍ കയറി രണ്ടു യഹൂദരെ വെടിവച്ചു കൊന്നിരുന്നു. കഴിഞ്ഞ വര്‍ഷം പിറ്റ്സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ 11 യഹൂദര്‍ കൊല്ലപ്പെട്ടിരുന്നു.