ഇറാഖിനുള്ള പാപ്പായുടെ സന്ദേശം
ഇറാഖിന്‍റെ പ്രസിഡന്‍റിനെയും, രാഷ്ട്രപ്രതിനിധികളെയും, നയതന്ത്ര പ്രതിനിധികളെയും, പ്രാദേശിക പ്രതിനിധികളെയും, ഇറാഖിലെ ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇറാഖിൽ ഫ്രാൻസിസ് പാപ്പായുടെ ആദ്യപ്രഭാഷണം. പാപ്പാ പറഞ്ഞു: ദീർഘനാളായി കാത്തിരുന്നതും ആഗ്രഹിച്ചതുമായ ഈ ദേശത്തേക്ക് വരുവാൻ കഴിഞ്ഞതിലും, പിതാവായ അബ്രഹാമിലൂടെയും നിരവധി പ്രവാചകന്മാരിലൂടെയും രക്ഷാചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നാഗരികതയുടെ ഈറ്റില്ലവും, യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്‍റെയും ഇസ്ലാംമതത്തിന്‍റെയും മഹത്തായ മതപാരമ്പര്യങ്ങളിലേക്ക് സന്ദർശനം നടത്തുന്നതിനുമായി ഇറാഖ് റിപ്പബ്ലിക്കിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന് അവസരമൊരുങ്ങിയതിന് ഞാൻ ഏറെ നന്ദിയുള്ളവനാണ്. ഇവിടേയ്ക്ക് എന്നെ ക്ഷണിച്ച പ്രസിഡന്‍റ് സാലിഹിനും, രാജ്യത്തിന്‍റെയും മറ്റ് രാഷ്ട്ര-നയതന്ത്ര പ്രതിനിധികളുടെയും, പ്രിയപ്പെട്ട ഇവിടത്തെ ജനതയുടെയും പേരിൽ എനിക്ക് നൽകിയ സ്വാഗതത്തിനും നന്ദിയർപ്പിക്കുന്നു.
2. ഇറാഖിലെ ക്രിസ്ത്യാനികളോട്:
ഇറാഖിലെ കത്തോലിക്കാ സഭാ ബിഷപ്പുമാരെയും വൈദികരെയും വിശ്വാസികളെയും, മറ്റ് സഭകളിലെയും സഭാ സമൂഹങ്ങളിലെയും അംഗങ്ങളെയും, ഇസ്ലാം മതാനുയായികളെയും, മറ്റ് മതപാരമ്പര്യങ്ങളുടെ പ്രതിനിധികളെയും അഭിസംബോധനചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു: മതങ്ങളുടെ ആധികാരിക പഠനങ്ങൾ സമാധാനത്തിന്‍റെ മൂല്യങ്ങളിൽ വേരൂന്നി ജീവിക്കുവാനും, പരസ്പര ധാരണ, മനുഷ്യ സാഹോദര്യം, സഹവർത്തിത്വം എന്നിവയിലെ ഉറച്ചബോധ്യത്തിൽ മുന്നോട്ട് പോകുവാനുമാണ് നമ്മെ ക്ഷണിക്കുന്നത്.
കത്തോലിക്കാ വിശ്വാസ സമൂഹത്തോട് പാപ്പായുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ഇറാഖിലെ സാമൂഹ്യ ചുറ്റുപാടിൽ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ നേർസാക്ഷ്യം നൽകുന്നതിനായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്, ഒരു തീർത്ഥാടകനായാണ് ഞാൻ വന്നിരിക്കുന്നത്.
3. കോവിഡ് നൽകുന്ന സന്ദേശം:
ലോകമാസകലം കോവിഡ് മഹാമാരിയിൽ നിന്ന് കരകയറുവാനുള്ള പരിശ്രമത്തിന്‍റെ സമയത്താണ് തന്റെ സന്ദർശനമെന്ന് പറഞ്ഞ പാപ്പാ, കോവിഡ് മഹാമാരി മനുഷ്യന്‍റെ ആരോഗ്യത്തെ മാത്രമല്ല മറിച്ച് സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും, ഈ പ്രതിസന്ധി നമ്മോട് ആവശ്യപ്പെടുന്നത് എല്ലാവർക്കും വാക്സിനുകൾ തുല്യമായി വിതരണം ചെയ്യുകയും മറ്റ് പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും വേണമെന്നത് മാത്രമല്ല, അതിനുമുപരിയായി നമ്മുടെ ജീവിത രീതികളെയും നമ്മുടെ നിലനിൽപ്പിന്‍റെ അർത്ഥ തലങ്ങളെയും കുറിച്ച് പുനർവിചിന്തനം ചെയ്യാനുള്ള ആഹ്വാനം കൂടിയാണെന്ന് ഓർമ്മിപ്പിച്ചു. ഈ പ്രതിസന്ധി നമ്മെ മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച അവസ്ഥാവിശേഷത്തിലേയ്ക്ക് നയിക്കുമെന്നും, ഭിന്നിപ്പിക്കുന്നതിനേക്കാൾ ഒന്നിപ്പിക്കുന്ന ഭാവി നമ്മിൽ രൂപപ്പെടുത്തുമെന്നുമുള്ള പ്രത്യാശയും പാപ്പാ പങ്കുവെച്ചു.
4. ഇറാഖ് കടന്നുപോകുന്ന ദുരിതപർവ്വം:
കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, ഇറാഖ് പലപ്പോഴും വ്യത്യസ്ത ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വം അംഗീകരിക്കാൻ കഴിയാത്ത മൗലികവാദത്തിൽ അധിഷ്ഠിതമായ യുദ്ധങ്ങളുടെയും ഭീകരതയുടെയും വിഭാഗീയ സംഘർഷങ്ങളുടെയും വിനാശകരമായ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയതും പാപ്പാ തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, വിവേകശൂന്യവും ക്രൂരവുമായ അതിക്രമങ്ങൾക്ക് ഇരകളായ നിരപരാധികളായ യാസീദികളെക്കുറിച്ചുള്ള ആകുലതയും പാപ്പ പ്രകടിപ്പിച്ചു.
വ്യത്യസ്തതകൾക്കതീതമായി, പരസ്പരം ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളായി മനസിലാക്കുവാനും പഠിച്ചാൽ മാത്രമേ ഭാവിയിൽ കൂടുതൽ നീതിപൂർവകവും മാനുഷികവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂവെന്നും, സഹസ്രാബ്ദങ്ങളായി ഇറാഖി സമൂഹത്തിന്‍റെ മുഖമുദ്രയായിരുന്ന മത, സാംസ്കാരിക, വംശീയ വൈവിധ്യം ഉൾക്കൊള്ളേണ്ട യാഥാർഥ്യമാണെന്നും, അങ്ങനെ വൈവിധ്യങ്ങളിലൂടെ സംജാതമാകുന്ന കൂട്ടായ്മയുടെ സംസ്ക്കാരം ലോകത്തിന്, പ്രത്യേകിച്ച് മദ്ധ്യ-പൂർവ്വ രാജ്യങ്ങൾക്ക് കാണിച്ചുകൊടുക്കുവാനുള്ള ക്ഷണമാണ് ഇറാഖിനുള്ളതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
5. സാഹോദര്യ-സഹവർത്തിത്വം:
നീതിയിലൂടെയും നിയമത്തോടുള്ള ബഹുമാനത്തിലൂടെയും പരിരക്ഷിക്കപ്പെട്ടിട്ടുള്ള, ക്ഷമയോടും സത്യസന്ധതയോടുമുള്ള സംവാദത്തിലേക്കാണ് സാഹോദര്യ-സഹവർത്തിത്വം നമ്മെ ക്ഷണിക്കുന്നതെന്ന് പറഞ്ഞ പാപ്പാ; സ്രഷ്ടാവായ ദൈവത്തിന്‍റെ മക്കളാണ് നാമെന്ന സ്വത്വബോധത്തിൽ നിന്ന് പ്രകടമാകുന്ന പ്രതിബദ്ധതയിലൂടെ എല്ലാ മതവിശ്വാസ സമൂഹങ്ങൾക്കും അംഗീകാരവും, ബഹുമാനവും, അവകാശങ്ങളും, സംരക്ഷണവും നൽകണമെന്നും മറ്റ് രാജ്യങ്ങളോട് എന്നപോലെ ഇറാഖിനോടും വത്തിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞു. ഒപ്പം ഇറാഖിൽ നടന്നുവരുന്ന സാഹോദര്യ-സഹവർത്തിത്വ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.
6. സാഹോദരൈക്യം
സാഹോദര്യ ഐക്യത്തിന്‍റെ മുദ്രയണിഞ്ഞിക്കുന്ന സമൂഹമെന്നാൽ അംഗങ്ങൾ പരസ്പരം ഐക്യത്തിൽ ജീവിക്കുന്ന ഒരുസമൂഹമെന്നാണ് അർത്ഥമെന്നും, നമ്മുടെ ജീവിത യാത്രയിലുടനീളം മറ്റുള്ളവരെ നമ്മുടെ അയൽക്കാരും കൂട്ടാളികളുമായി പരിഗണിക്കാൻ ഈ സാഹോദര്യ ഐക്യം സഹായിക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. കൂടാതെ, ദുർബലർക്കും ദരിദ്രർക്കും വേണ്ട ശ്രദ്ധയും പരിചരണവും സേവനവും ഉറപ്പുവരുത്താനും സാഹോദര്യ ഐക്യമെന്ന പുണ്യം നമ്മെ പ്രേരിപ്പിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇറാഖിൽ നിന്ന് അക്രമം, പീഡനം, ഭീകരത എന്നിവയാൽ നഷ്ട്ങ്ങൾ സംഭവിച്ചവരെയും, പാലായനം ചെയ്തവരെയും ഓർക്കുന്നതോടൊപ്പം, വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് അതിജീവനത്തിനായി പോരാടുന്നവരേയും കുറിച്ച് വിവരിച്ച പാപ്പാ, മറ്റുള്ളവർ നേരിടുന്ന അവസ്ഥയ്ക്ക് നമ്മളും ഉത്തരവാദികളാണെന്ന ബോധ്യത്തിൽ അവരുടെ സമഗ്ര ഉന്നമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
ഭരണകർത്താക്കളും നയതന്ത്ര വിദഗ്ധരുമെന്ന നിലയിൽ പ്രവർത്തിക്കുന്നവർ വിളിക്കപ്പെട്ടിരിക്കുന്നത് സാഹോദര്യ ഐക്യം വളർത്തുന്നതിനാണെന്നും; അഴിമതിയെയും അധികാര ദുർവിനിയോഗത്തെയും നിയമ ലംഘനങ്ങളേയും ചെറുക്കുന്നതിന് വലിയൊരു പരിധിവരെ ഇതിലൂടെ സാധിക്കുമെന്നും; നീതി, സത്യസന്ധത, സുതാര്യത മുതലായവ കെട്ടിപ്പടുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്ത്വവും ഭരണകർത്താക്കൾക്കും നയതന്ത്ര വിദഗ്ധർക്കുമാണെന്നും; ഇതിലൂടെ സ്ഥിരതയുള്ള സമൂഹവും ആരോഗ്യകരമായ രാഷ്ട്രീയവും ഉയർന്നുവരുമെന്നും, എല്ലാവർക്കും പ്രത്യേകിച്ച് ഈ രാജ്യത്തെ യുവാക്കൾക്ക് മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നൽകാനും സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
7. സമാധാനത്തിന്‍റെ തീർത്ഥാടകൻ:
ഇറാഖ് പ്രസിഡന്‍റിനോടും മറ്റ് ഭരണാധികാരികളോടും അവിടെ ഒത്തുകൂടിയവരോടുമായി പാപ്പാ പറഞ്ഞു: ‘അനുതപിക്കുന്നവനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്, സംഭവിച്ചുപോയ നാശത്തിനും ക്രൂരതയ്ക്കും ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്നു. സമാധാനത്തിന്‍റെ രാജാധിരാജനായ ക്രിസ്തുവിന്‍റെ നാമത്തിൽ, സമാധാനത്തിന്‍റെ തീർത്ഥാടകനായാണ് ഞാനിവിടെ വന്നത്’. തുടർന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇറാഖിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചിരുന്നതും തന്‍റെ ജീവിതത്തിലെ വേദനകൾ ഇറാഖിനായി കാഴ്ചവച്ചതും പാപ്പാ അനുസ്മരിച്ചു.
സാധാരണ ജനങ്ങളുടെ ഉന്നമനത്തിലൂന്നി പക്ഷപാതപരമായ താൽപ്പര്യങ്ങൾക്ക് അറുതിവരട്ടെയെന്നും, സമാധാന പ്രിയരുടെ ശബ്ദം എങ്ങും മുഴങ്ങട്ടെയെന്നും, ജോലിചെയ്ത് സമാധാനത്തിലും പ്രാർത്ഥനയിലും ജീവിക്കാൻ ആഗ്രഹിക്കുന്ന എളിയവരുടെയും ദരിദ്രരുടെയും സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുടെയും ശബ്ദം മുഴങ്ങട്ടെയെന്നും, അക്രമപ്രവർത്തനങ്ങൾക്കും തീവ്രവാദ വിഭാഗങ്ങളുടെ അസഹിഷ്ണുതയ്ക്കും അറുതിവരുത്തട്ടെയെന്നും; സംവാദത്തിലൂടെയും സംഭാഷണത്തിലൂടെയും ക്രിയാത്മകവുമായ ചർച്ചകളിലൂടെയും ഈ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കുകാരാകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകട്ടെയെന്നും പാപ്പാ ആശംസിച്ചു. കൂടാതെ, ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകാൻ ഇറാഖ് ഈ വർഷങ്ങളിൽ ശ്രമിച്ചുവെന്നും, ഇതിനായി, എല്ലാ രാഷ്ട്രീയ, സാമൂഹിക, മത വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, ആരെയും രണ്ടാംകിട പൗരനായി കണക്കാക്കാതെ എല്ലാവരുടെയും മൗലികാവകാശങ്ങൾ ഉറപ്പ് നൽകേണ്ടതും അത്യാവശ്യമാണെന്ന് പറഞ്ഞ പാപ്പാ, ഇറാഖ് ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കുന്ന യാത്രയിൽ ഇതുവരെ കൈവരിച്ച മുന്നേറ്റങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
8. അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉത്തരവാദിത്വം:
ഇറാഖിലും മദ്ധ്യ-പൂർവ്വ രാജ്യങ്ങളിലും സമാധാനം കെട്ടിപ്പടുക്കുന്നതിൽ ആഗോള സമൂഹത്തിന് വലിയ പങ്കുണ്ടെന്നു പറഞ്ഞ പാപ്പാ, അയൽരാജ്യമായ സിറിയയിൽ നിലനിൽക്കുന്ന ഭീകരാവസ്ഥയെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഇന്ന് നമ്മുടെ ലോകം നേരിടുന്ന വെല്ലുവിളികൾ മുഴുവൻ മനുഷ്യകുടുംബത്തെയും ഉൾക്കൊള്ളുന്നതാണ്’. അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുമായി ഇറാഖിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കും, കത്തോലിക്കാ ഏജൻസികൾക്കും അവർ നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ച പാപ്പാ, അന്താരാഷ്‌ട്ര സമൂഹം രാഷ്ട്രീയ പ്രത്യശാസ്ത്ര താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാതെ, ക്രിയാത്മകവും സൗഹൃദപരവുമായ ഇടപെടലുകളിലൂടെ ഇറാഖിലെ പ്രാദേശിക ഭരണകർത്താക്കളുമായി പരസ്പരം പങ്കുവെയ്ക്കപ്പെടുന്ന ഉത്തരവാദിത്ത്വ നിലപാടുകളോടെ മുന്നോട്ട് പോകുമെന്ന പ്രാർത്ഥനാപരമായ പ്രതീക്ഷയാണ് തനിക്കുള്ളതെന്നും വിശദീകരിച്ചു.
9. ക്രിസ്തുമതവും ക്രൈസ്തവരും:
മതം അതിന്‍റെ സ്വഭാവത്താൽ തന്നെ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്റെയും സേവകനായിയിരിക്കണമെന്നും, കൊലപാതകം, പ്രവാസം, ഭീകരത, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാൻ ദൈവത്തിന്‍റെ നാമം ഉപയോഗിക്കാൻ സാധിക്കില്ലെന്നും, നേരെമറിച്ച്, മനുഷ്യനെ അന്തസ്സിലും അവകാശങ്ങളിലും തുല്യരായി സൃഷ്ടിച്ച ദൈവം, സ്നേഹത്തിന്‍റെയും നന്മയുടെയും യോജിപ്പിന്‍റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ നമ്മെ വിളിക്കുകയാണെന്ന് ഉദ്‌ബോധിപ്പിച്ചു. ഇറാഖിലും, കത്തോലിക്കാ സഭ മതൈക്യ സംവാദങ്ങളിലൂടെയും, സമാധാനം നിലനിറുത്തുന്നതിനുവേണ്ടി മറ്റുള്ളവരുമായുള്ള ക്രിയാത്മകമായ സഹകരണത്തിലൂടെയും എല്ലാവരുമായി സൗഹൃദത്തിലായിരിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും; പുരാതനമായ ക്രൈസ്തവ സാന്നിധ്യവും, രാജ്യത്തിനായി അവർ നൽകിയ സംഭാവനകളും ഇനിയും എല്ലാവരുടെയും സേവനത്തിനായി തുടരാൻ ആഗ്രഹിക്കുന്ന സമ്പന്നമായ ഒരു പാരമ്പര്യമാണ് ഇറാഖിലെ ക്രിസ്ത്യാനികൾക്കുള്ളതെന്നും; സമ്പൂർണ്ണ അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളുമുള്ള പൗരന്മാരെന്ന നിലയിൽ പൊതുജീവിതത്തിലെ അവരുടെ പങ്കാളിത്തം, മതവിശ്വാസങ്ങളുടെയും വംശങ്ങളുടെയും സംസ്കാരങ്ങളുടെയും ആരോഗ്യകരമായ ബഹുസ്വരതയ്ക്കും രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ഐക്യത്തിനും സാക്ഷ്യംനൽകുമെന്നും പാപ്പാ പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.